ലീഗ് വര്‍ഗീയപാര്‍ട്ടി തന്നെ : അബ്ദുല്‍ നാസ്സര്‍ മഅദനി

തിരുവനന്തപുരം: രാഷ്ട്രീയം പറഞ്ഞ് തിരഞ്ഞെടുപ്പില്‍ രംഗത്തു വരാന്‍ പിഡിപിയെ അനുവദിക്കണമെന്ന് പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി ആവശ്യപ്പെട്ടു. കേസരി സ്മാരക ട്രസ്റ്റിന്റെ ജനവിധിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രശ്നങ്ങള്‍, തന്നെ ജയിലിലാക്കിയാല്‍ തീരുമെങ്കില്‍ ആഭ്യന്തര വകുപ്പ് അതിന് മുന്നോട്ടു വരണമെന്നും മഅദനി ആവശ്യപ്പെട്ടു.
ലീഗിന് പിഡിപിയെ വിമര്‍ശിക്കാന്‍ അവകാശമില്ല. പിഡിപി ഒരിടത്തും ദേശീയ പതാക മാറ്റി പച്ചക്കൊടി കെട്ടിയിട്ടില്ല. പിഡിപി പ്രവര്‍ത്തകര്‍ ആരും വര്‍ഗീയ കലാപങ്ങളില്‍ പ്രതിയായിട്ടില്ല. സംഘപരിവാര്‍ ആക്ഷേപിക്കുന്നതില്‍ പരാതിയില്ല. കാരണം സംഘപരിവാറിനെ എന്നും എതിര്‍ക്കുന്ന പ്രസ്ഥാനമാണ് പിഡിപി. തന്നെ കൊല്ലാന്‍ ശ്രമിച്ച പ്രതികള്‍ എല്ലാവരും ആര്‍എസ്എസുകാരാണ്. ഈ കേസ് ഇപ്പോഴും കോടതിയിലാണ്. എന്നാല്‍ ഇവര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഒരിക്കലും താന്‍ കോടതിയില്‍ പോകില്ല. അവരോടു ക്ഷമിച്ചു കഴിഞ്ഞു.
എന്നാല്‍ സംഘപരിവാറിന്റെ അജന്‍ഡ മുസ്ലിം ലീഗും കോണ്‍ഗ്രസും ഏറ്റെടുത്ത് കേരളത്തില്‍ വര്‍ഗീയ അജന്‍ഡ നടപ്പാക്കുകയാണ്. ഹിന്ദു മതത്തെയോ വിശ്വാസികളെയോ വിമര്‍ശിച്ചിട്ടില്ല. മതവികാരം ഇളക്കി വിടുന്നതരത്തില്‍ പിഡിപി പ്രവര്‍ത്തകരാരും പ്രവര്‍ത്തിച്ചിട്ടില്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രം ലീഗിനു മതേതര സ്വഭാവമുള്ളത്. പാക്കിസ്ഥാന്റെയും ലീഗിന്റെയും കൊടി ചേര്‍ത്തുപിടിച്ചാല്‍ തിരിച്ചറിയാനാവില്ല. മുസ്ലിം ലീഗുകാരാണ് 1947ല്‍ ഇന്ത്യയെ വിഭജിക്കുന്നതിന് കാരണക്കാരായത്. വിഭജനത്തിന് കാരണക്കാരായ സര്‍വ്വേന്ത്യാ ലീഗിന്റെ പുതു രൂപമാണ്. ലീഗ് പ്രവാചകനോടുള്ള സ്നേഹം ചൂഷണം ചെയ്യുന്നവരാണ്. ലീഗ് മുസ്ലിങ്ങളെ സാമ്രാജത്വ ശക്തികള്‍ക്ക് അടിയറ വെച്ചു. ലീഗ് ഭരണത്തിലിരിക്കുമ്പോഴെല്ലാം വര്‍ഗീയ കലാപമുണ്ടായിട്ടുണ്ട്. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ വര്‍ഗീയ കലാപം ഉണ്ടാവാറില്ല. - മഅദനി വിശദീകരിച്ചു.
സാമൂഹിക നീതിക്കായുള്ള പോരാട്ടമാണ് പിഡിപി നടത്തുന്നത്. പിഡിപിയുടെ പ്രവര്‍ത്തനം ശക്തമായി മുന്നോട്ടു പോകുമ്പോള്‍ 1998 മാര്‍ച്ച് 31 നു താന്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ജയില്‍ വാസകാലത്തില്‍ നിരവധി പീഢനങ്ങള്‍ അനുഭവിച്ചു. കഠിനമായ മനുഷ്യാവകാശലംഘനങ്ങള്‍ അനുഭവപ്പെട്ടു. ഹിന്ദു സമൂഹത്തില്‍ പെട്ട ചില നേതാക്കളില്‍ നിന്നാണ് ഏറ്റവും അധികം സഹായം കിട്ടിയത്. ഒരു പ്രത്യേക സാഹചര്യത്തിലാണ് വികാരപരമായി ഒരു കാലത്തു പ്രസംഗിച്ചത്. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടമ്പോഴുണ്ടായ പ്രസംഗമാണ് വികാരപരമായത്. എന്നാല്‍ ഒരു ഹിന്ദുവിനെപ്പോലും കൊല്ലണമെന്നു താന്‍ പ്രസംഗിച്ചിട്ടില്ല.
17 കൊല്ലം മുന്‍പ് താന്‍ നടത്തിയ പ്രസംഗത്തിന്റെ കസെറ്റാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പൊന്നാനിയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ഉയര്‍ത്തിക്കാട്ടിയത്. ആയിരം മുസ്ലിം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ നിന്ന് ഒരു പിടി മണ്ണു പോലും ഇളക്കി മാറ്റരുതെന്നാണ് അന്നു താന്‍ പ്രസംഗിച്ചത്. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ തന്റെ പേരില്‍ കേസെടുത്തു. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നു കണ്ട് കോടതി തന്നെ വെറുതെ വിടുകയായിരുന്നു. താന്‍ വര്‍ഗീയ വാദിയാണെന്നു കസെറ്റ് ഉയര്‍ത്തിക്കാട്ടിയല്ല തെളിയിക്കേണ്ടത്. അതു കോടതിയിലാണ് തെളിയിക്കേണ്ടതെന്നും മഅദനി വ്യക്തമാക്കി. തനിക്കും കുടുംബത്തിനും എതിരെയുള്ള കേസുകള്‍ അടിസ്ഥാനരഹിതമാണെന്ന് മഅദനി.
മാറാട് കലാപത്തില്‍ പ്രതികളായവര്‍ പല ഉന്നതരെയും വിളിച്ചതിന്റെ തെളിവ് പിഡിപിയുടെ പക്കലുണ്ട്. സൂഫിയ മഅദനിക്കെതിരെ മൊഴി നല്‍കാന്‍ പറമ്പായി മജീദിനെ പൊലീസ് പീഡിപ്പിക്കുകയായിരുന്നു. മഅദനി മണിയെന്നയാളെ മതം മാറ്റി കേരളത്തിന്റെ എന്റെ ഭാര്യയുടെ ബിസിനസിന് സഹായിയായി നിര്‍ത്തിയെന്നാണ് ആരോപണം. മണിയെ മതം മാറ്റിയത് ഞാനല്ല. ജയിലില്‍ വച്ച് മറ്റൊരു സഹതടവുകാരന്റെ ഒപ്പമായിരുന്നു മണി. അയാളുടെ പ്രേരണയിലാണ് മണി മതം മാറി യൂസഫായത്. പിന്നീട് എന്റെ കൊച്ചിയിലെ വീട്ടില്‍ സഹായിയായി നിന്ന ശേഷം അവിടെ നിന്നും പോവുകയായിരുന്നു. എന്നാല്‍ പിന്നീട് യൂസഫ് എന്നെ ഉസ്താദ് എന്നു വിളിക്കുന്നുവെന്നും അയാള്‍ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്നും വാര്‍ത്തകള്‍ പരക്കുകയായിരുന്നുവെന്ന് മഅദനി പറഞ്ഞു. മണിയെന്ന യൂസഫിനെ മഅദനി വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിക്കുകയും ചെയ്തു.
2002 ല്‍ കോഴിക്കോട് ബസ് സ്റ്റാഡില്‍ ബസ് കത്തിക്കല്‍ കേസില്‍ മുഖ്യപ്രതിയായ നൌഷാദ് തിക്കോടി കോടിയേരി ബാലകൃഷ്ണനോടൊപ്പം വടകര മണ്ഡലത്തില്‍ പി.സതീദേവിയുടെ നാമനിദ്ദേശ പത്രിക സമര്‍പ്പണവേളയില്‍ പങ്കെടുത്തെന്ന ആരോപണത്തിനും മഅദനി മറുപടി പറഞ്ഞു. മൂന്ന് തവണ തിരിച്ചറിയല്‍ പരേഡ് നടത്തിയിട്ടും തിരിച്ചറിയാനാവാതെ കോടതി കേസ് ഒഴിവാക്കിയയാളാണിതെന്ന് മഅദനി പറഞ്ഞു. 80 ശതമാനം അന്ധനായയാളാണത്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി.അബു, വയലാര്‍ രവി, പാണക്കാട് ശിഹാബ് അലി തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ ഒപ്പം നൌഷാദ് തിക്കോടി നില്‍ക്കുന്ന ചിത്രങ്ങളും മഅദനി വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.