മഅദനിക്ക് ജാമ്യം അനുവദിക്കണം സംഘടനകള്‍



മഅദനിക്ക് ഉടന്‍ ജാമ്യം ലഭ്യമാക്കണം: കേരള മുസ്‌ലിം സംയുക്തവേദി

കൊല്ലം:മഅദനിയുടെ തുടര്‍ ചികിത്സയ്ക്കും മകളുടെ വിവാഹം നടത്താനും ജാമ്യം ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കേരള മുസ്‌ലിം സംയുക്തവേദി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മഅദനിയെ അനന്തമായി ജയിലില്‍ അടയ്ക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ ജനാധിപത്യവിശ്വാസികളില്‍നിന്ന് ശക്തവും സമാധാനപരവുമായ ജനരോഷം ഉയരണമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. 

രാജ്യത്തെ ജയിലുകളില്‍ അന്യായമായി അടയ്ക്കപ്പെട്ടിരിക്കുന്ന മുസ്‌ലിമുകളുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മുസ്‌ലിം ലീഗും സി.പി.എമ്മും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മഅദനിയുടെ മോചനത്തിനായി രംഗത്തുവരണം. ഈകാട്ടുനീതിക്കെതിരെ ധര്‍മസമരം എന്ന മുദ്രാവാക്യം ഉയര്‍ത്തി അഞ്ചുമാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ നടത്താന്‍ വേദിയുടെ സംസ്ഥാന നിര്‍വാഹകസമിതി തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 27ന് കൊല്ലം പള്ളിമുക്കില്‍ സംസ്ഥാനതല ഉദ്ഘാടനം നടക്കും. മുഴുവന്‍ ജില്ലകളിലും സമാനപരിപാടികള്‍ സംഘടിപ്പിക്കും. എല്‍.ഡി.എഫ്., യു.ഡി.എഫ്. മുന്നണികളിലെ വിവിധ പാര്‍ട്ടികള്‍, പി.ഡി.പി., എസ്.ഡി.പി.ഐ., ഐ.എന്‍.എല്‍., നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്, ബി.എസ്.പി., വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ളവര്‍ ഈ സമരത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

പത്രസമ്മേളനത്തില്‍ കേരള മുസ്‌ലിം സംയുക്തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസലിം മൗലവി, വൈസ് ചെയര്‍മാന്‍ ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ്, അമാനി നദ്‌വി, ജനറല്‍ കണ്‍വീനര്‍, മൈലക്കാട് ഷാ, സെക്രട്ടറി കൊല്ലൂര്‍വിള എ.എം.സലാഹുദീന്‍ എന്നിവര്‍ പങ്കെടുത്തു. 

മഅദനിക്ക് ജാമ്യം നിഷേധിക്കരുത് : എസ്.എസ്.എഫ്.

കൊല്ലം: വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക് ഇനിയും ജാമ്യം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് എസ്.എസ്.എഫ്. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. നിരപരാധികളായ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ നാവികര്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ ജാമ്യം നല്‍കിയ നീതിപീഠം, മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് ജാമ്യം നല്‍കി നീതി നിര്‍വ്വഹണത്തിലെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കണം. അതുകൊണ്ടുതന്നെ മനുഷ്യാവകാശപ്രശ്‌നമായി കണ്ട് മഅദനിക്ക് ജാമ്യം നല്‍കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം എന്നും എസ്.എസ്.എഫ്. ആവശ്യപ്പെട്ടു. 

ജാമ്യം അനുവദിച്ചില്ലെങ്കില്‍ ഹര്‍ത്താല്‍ നടത്തും പൂന്തുറ സിറാജ്


കോട്ടയം: ഏക മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍നാസര്‍ മഅദനിക്ക്  ജാമ്യം നിഷേധിച്ചാല്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് പി.ഡി.പി. മാര്‍ച്ച് 10ന് നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മഅദനി ബാംഗ്ലൂരിലെ പ്രത്യേക വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതായും പി.ഡി.പി. വര്‍ക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 

കര്‍ണാടക സര്‍ക്കാര്‍ 'അനുകൂല നിലപാട്' സ്വീകരിച്ചാല്‍ മാത്രമേ ജാമ്യാപേക്ഷയില്‍ കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടാകൂ. മാനുഷിക പരിഗണനയുടെ പേരില്‍ ജാമ്യം ലഭിക്കാനുള്ള സമീപനം സ്വീകരിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് കേരള സര്‍ക്കാര്‍ ആവശ്യപ്പെടണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുസംബന്ധിച്ച് കര്‍ണാടക സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും എല്ലാ പിന്തുണയും ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് പൂന്തുറ സിറാജ് വെളിപ്പെടുത്തി. 

മകളുടെ വിവാഹം: മഅദനി ജാമ്യാപേക്ഷ നല്‍കി



ബാംഗ്ലൂര്‍: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനി ബാംഗ്ലൂര്‍ വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി. വാദത്തിനും തടസ്സവാദത്തിനുമായി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് ഹര്‍ജി ആറിലേക്ക് മാറ്റി. വിവാഹത്തില്‍ പങ്കെടുക്കുന്നതിന് എട്ട് മുതല്‍ 12 വരെ അഞ്ച് ദിവസത്തേക്ക് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സുഖമില്ലാതെ കിടക്കുന്ന പിതാവിനെ കാണാന്‍ അവസരം നല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. 
അഭിഭാഷകന്‍ പി. ഉസ്മാനാണ് മഅദനിക്കുവേണ്ടി ജാമ്യാപേക്ഷ നല്‍കിയത്. പൂര്‍ണമായ പോലീസ് സുരക്ഷയോടെ ജാമ്യം അനുവദിച്ചാല്‍ മതിയെന്നും ഇതിനു വരുന്ന ചിലവ് സ്വന്തം നിലയില്‍ വഹിക്കാമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് പത്തിന് കൊല്ലം കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തിലാണ് മഅദനിയുടെ മകള്‍ ഷമീറയുടെ വിവാഹം.

മഅദനി പി.ഡി.പി. പ്രക്ഷോഭം ശക്തമാക്കുന്നു


കൊച്ചി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി അന്തിമ പോരാട്ടത്തിന് തയ്യാറെടുക്കുന്നു. പ്രക്ഷോഭ പരിപാടികള്‍ക്ക് ഏറണാകുളം സാസ് ടവറില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം രൂപം നല്‍കി. പ്രക്ഷോഭ പരിപാടികളുടെ പ്രചാരണാര്‍ത്ഥം പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ നയിക്കുന്ന സമരസന്ദേശ യാത്ര മെയ് 10 ന് കാസര്‍കോട്ടുനിന്ന് ആരംഭിക്കും. യാത്ര ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. ജൂണ്‍ മൂന്ന് മുതല്‍ തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍  അനിശ്ചിതകാല നിരാഹാരസമരം  ആരംഭിക്കും. ‘ജീവന്‍ തരാം മഅദനിയെ തരൂ’  എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന തുടര്‍ പ്രക്ഷോഭത്തിന്‍െറ മുന്നോടിയായി മണ്ഡലംതല പ്രചാരണ കണ്‍വെന്‍ഷനുകള്‍ തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 15 വരെ നടക്കും. ജില്ലാതല കണ്‍വെന്‍ഷനുകള്‍ മാര്‍ച്ച് 16 മുതല്‍ 31 വരെയും നടക്കും. ഏപ്രില്‍ 15 ന് എരനാകുളത്ത് സംസ്ഥാനതല സമരസംഗമവും ഏപ്രില്‍ 14 നു മുമ്പ്‌ സംസ്‌ഥാന വ്യാപകമായി 'ജനസഭ ജനനായകനു നീതി തേടി' എന്ന ശീര്‍ഷകത്തില്‍  ജനസഭകളും സംഘടിപ്പിക്കും. പരിപാടിയില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കും. മാര്‍ച്ച് ഒമ്പതിന് കൊല്ലത്ത് സമ്പൂര്‍ണ്ണ സംസ്ഥാന പ്രതിനിധി സമ്മേളനം സംഘടിപ്പിക്കും.

മഅദനി വിഷയത്തില്‍ എ.കെ. ആന്റണി പ്രതികരിക്കണം: പി.ഡി.പി


കൊല്ലം: അബ്‌ദുള്‍ നാസര്‍ മഅദനിയുടെ ജയില്‍ മോചനം യാഥാര്‍ത്ഥ്യമാക്കുന്നതിനും സാമാന്യനീതി ലഭ്യമാക്കുന്നതിനും കേന്ദ്രമന്ത്രി എ.കെ.ആന്റണി ഇടപെടണമെന്ന്‌ പി.ഡി.പി. പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅദനിയെ കള്ളക്കേസില്‍ കുടുക്കിയാണ്‌ ബി.ജെ.പി. ഭരണകൂടം ജയിലിലടച്ചത്‌. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടുകൂടിയാണ്‌ അദ്ദേഹത്തെ കരിനിയമമായ യു.എ.പി.എയില്‍പ്പെടുത്തിയത്‌. മഅദനിക്ക്‌ സാമാന്യനീതി ലഭിക്കുംവരെ 'ജീവന്‍തരാം മഅദനിയെ തരൂ' എന്ന മുദ്രാവാക്യമുയര്‍ത്തി പാര്‍ട്ടി സംഘടിപ്പിച്ചുവരുന്ന പ്രക്ഷോഭ പരിപാടികള്‍ കൂടുതല്‍ ശക്‌തമാക്കും. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്തൊട്ടാകെ പി.ഡി.പി. ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ജനസഭ പരിപാടികള്‍ സംഘടിപ്പിക്കും. 15ന്‌ എറണാകുളം സാസ്‌ ടവറില്‍ ജില്ലാഭാരവാഹികളുടെ യോഗം നടക്കും. നിയോജകമണ്ഡലം സമര പ്രഖ്യാപന കണ്‍വെന്‍ഷനുകള്‍, ജില്ലാതല സമര പ്രഖ്യാപന കണ്‍വെന്‍ഷനുകള്‍, സംസ്‌ഥാനതല സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍, കേരളയാത്ര പരിപാടി, നിരാഹര സത്യഗ്രഹം എന്നിവയ്‌ക്ക് സംസ്‌ഥാന നേതൃയോഗം അന്തിമ രൂപം നല്‍കും.

മഅദനിക്ക് നീതി ലഭ്യമാക്കണം: പ്രവാസി സംഘടനകള്‍


ദോഹ: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയോടുള്ള നീതിനിഷേധം മനുഷ്യത്വത്തെയൂം ജനാധിപത്യത്തെയും അപകടപ്പെടുത്തുന്നതാണെന്നും കോടതി നടപടികള്‍ വേഗത്തിലാക്കി അദ്ദേഹത്തിന് അടിയന്തരമായി നീതി ലഭ്യമാക്കണമെന്നും ഖത്തറിലെ വിവിധ പ്രവാസി സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പത്ത് വര്‍ഷത്തെ കാരാഗൃഹവാസത്തിന് ശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെട്ട മഅദനിക്ക് സമാന സാഹചര്യം വീണ്ടും അഭിമുഖീകരിക്കേണ്ടിവന്നത് ദു:ഖകരമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
വിചാരണ കൂടാതെ ശിക്ഷിക്കാന്‍ ലോകത്തെ ഒരു ഭരണഘടനയും നീതിന്യായ വ്യവസ്ഥയും അനുവദിക്കുന്നില്ല. വിചാരണത്തടവിന്‍െറ പേരില്‍ ജയിലറകളില്‍ ഹോമിക്കപ്പെട്ട അദ്ദേഹത്തിന്‍െറ പത്ത്വര്‍ഷത്തെ യൗവ്വനത്തോട് ജനാധിപത്യ സമൂഹം കടപ്പെട്ടിരിക്കെ ജാമ്യം പോലും നിഷേധിക്കപ്പെടുന്ന മറ്റൊരു വിചാരണ തടവ് ഗുരുതരമായ പൗരാവകാശ ലംഘനവും ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ അന്തസ്സത്തയെ ചോര്‍ത്തിക്കളയുന്നതുമാണ്. അടിയന്തര മാനുഷിക പരിഗണന അര്‍ഹിക്കുന്ന വിഷയമെന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരളത്തിലെ ഭരണ, പ്രതിപക്ഷങ്ങളും മനുഷ്യാവകാശ സംഘനകളും ആവശ്യപ്പെട്ടിരിക്കെ പ്രവാസി സമൂഹത്തിനും ഇക്കാര്യത്തില്‍ ഉത്കണ്ഠയുണ്ട്.

മുഴുവന്‍ പെണ്‍വാണിഭക്കേസുകളും പുനരന്വേഷിക്കണം പൂന്തുറ സിറാജ്


ആലപ്പുഴ: സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഉപാദ്യക്ഷന്‍ പി.ജെ.കുര്യനെതിരെ വീണ്ടും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം  സ്ഥാനം രാജി വെക്കണമെന്ന് പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. നിരപരാധിയാണെങ്കില്‍ അന്വേഷണം നേരിട്ട് അദ്ദേഹം നിരപരാധിത്വം തെളിയിക്കണം. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പെണ്‍വാണിഭക്കേസുകളും ഇതോടൊപ്പം പുനരന്വേഷിക്കണമെന്നും സിറാജ് ആവശ്യപ്പെട്ടു.

അപക്വമായ അഭിപ്രായ പ്രകടനത്തിലൂടെ എന്‍.എസ്.എസ്സിന്റെ മതേതര പാരമ്പര്യത്തിന് കളങ്കമേല്‍പ്പിച്ച ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രാജിവെക്കണമെന്നും അദ്ദേഹം അതിനു തയ്യാറായില്ലെങ്കില്‍ എന്‍.എസ്.എസ്.എന്റെ  പ്രതിനിധിസഭ അദ്ദേഹത്തെ പുറത്താക്കണമെന്നും സിറാജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്‍.എസ്.എസ്സിന് രാഷ്ട്രീയ മോഹമുണ്ടെങ്കില്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിക്കുകയാണ് വേണ്ടത്. കേരളീയരെ പഴയ ജാതിരാഷ്ട്രീയത്തിലേക്ക് തള്ളി വിടുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ എന്നും സിറാജ് പറഞ്ഞു.

മഅദനിക്ക് ചികിത്സ : കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു


കാസര്‍കോട് : മഅദനിയുടെ ചികിത്സാകാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കടുത്ത രോഗബാധിതനായി മരണത്തോട് മല്ലടിച്ച് ബാംഗ്ലൂര്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന വികലാംഗനും, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്ത പി.ഡി.പി. നേതാവ് അബ്ദുല്‍നാസര്‍ മഅദനി സ്വതന്ത്ര ചികിത്സ നടത്തുന്നതിന് ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍ മഅദനി കേരളത്തില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും, കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ഇപ്പോഴും പ്രതിയാണെന്നുള്ള തരത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയില്‍ അസത്യവാങ്മൂലം സമര്‍പ്പിക്കുകയും മഅദനിയുടെ ചികിത്സയുടെ കാര്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞ് കൈമലര്‍ത്തുകയും ചെയ്തതിലൂടെ കര്‍ണ്ണാടക മുഖ്യമന്ത്രി രാജ്യത്തേയും ജനങ്ങളേയും കോടതിയേയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.

പ്രാദേശിക വാര്‍ത്തകള്‍


വയലുകള്‍ നികത്തുന്നത്‌ പി.ഡി.പി ചെറുക്കും

വര്‍ക്കല : വര്‍ക്കലയില്‍ വയലുകളും തണ്ണീര്‍തടങ്ങളും നികത്തുന്നതും അനുമതി ഇല്ലാതെ കുന്നുകള്‍ ഇടിച്ചു മണ്ണുകടത്തുന്നതും ചെറുക്കാന്‍ പി.ഡി.പി വര്‍ക്കല നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ചികിത്സ തേടുന്ന മഅദനിക്ക്‌ ഭാര്യയെയും മകനെയും ഒപ്പം നിര്‍ത്താമെന്ന കോടതി വിധി ആശ്വാസകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.കലാം പോലീസുമുക്ക്‌ അദ്ധ്യക്ഷത വഹിച്ച യോഗം നടയറ ജബ്ബാര്‍ ഉദ്‌ഘാടനം ചെയ്‌തു. നിസ്സാര്‍ ഞാറയില്‍ക്കോണം, സംസാര്‍ ഇടവ എന്നിവര്‍ സംസാരിച്ചു.

പി.ഡി.പി. യൂണിറ്റ് കണ്‍വെന്‍ഷന്‍

വര്‍ക്കല: പി.ഡി.പി. പാളയംകുന്ന് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടയറ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. കലാം പോലീസ്മുക്ക് അധ്യക്ഷനായിരുന്നു. രാജു, പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. യൂണിട്ട് ഭാരവാഹികളായി എസ്. പ്രകാശ് (പ്രസിഡന്റ്), സജിമോന്‍, ഷിജു (വൈസ് പ്രസിഡന്റ്), മുനീര്‍ (സെക്രട്ടറി), സോനു, അജി (ജോയിന്റ് സെക്രട്ടറി), പി.എസ്. പ്രശാന്ത് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. വര്‍ക്കല- പാളയംകുന്ന് കുന്നുവിള റോഡിന്റെ റീടാറിങ് പണി ഉടന്‍ ആരംഭിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

നീതി ലഭ്യമാക്കാന്‍ പരിമിതിയെന്ന് പി.ഡി.പി.

കാഞ്ഞിരമറ്റം: രോഗബാധിതനായി ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കുന്നതിന് രാജ്യത്തെ നിയമവ്യവസ്ഥയുടെ നടത്തിപ്പുകാര്‍ക്ക് പരിമിതിയെന്ന് പി.ഡി.പി. പിറവം നിയോജകമണ്ഡലം സമരപ്രചാരണജാഥ അഭിപ്രായപ്പെട്ടു.

സംസ്ഥാന സെക്രട്ടറി സുബൈര്‍ വെട്ടിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിസാര്‍ കെ.ഇ. അധ്യക്ഷനായ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍.കെ. മുഹമ്മദ്ഹാജി, ഷിന്‍സ് കോട്ടയില്‍, സിയാദ് മുടപ്പനാല്‍ എന്നിവര്‍ സംസാരിച്ചു.

ഷിബു ബേബി ജോണിന് നിവേദനം നല്‍കി 


തേവലക്കര: അബ്ദുന്നാസര്‍ മഅദനിക്ക് ജാമ്യം അനുവദിച്ച് ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. ചവറ മണ്ഡലം കമ്മിറ്റി മന്ത്രിക്ക് നിവേദനം നല്‍കി. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ സലാം, ജില്ലാ ജോയിന്റ് സെക്രട്ടറി സതീശന്‍ ചവറ, വൈസ് പ്രസിഡന്റ് ഷാജഹാന്‍ കൊട്ടുകാട്, സലിം കൊട്ടുകാട്, കൊട്ടുകാട് നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രി ഷിബു ബേബിജോണിന് നിവേദനം നല്‍കിയത്.


മഅദനിക്ക് ജാമ്യം : മുഖ്യമന്ത്രി ഇടപെടണം -പി.ഡി.പി


തിരുവനന്തപുരം: ബംഗളൂരു ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ജാമ്യം അനുവദിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് പി.ഡി.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ആരോഗ്യനില ഗുരുതരമാണെന്നും സ്വതന്ത്ര ചികിത്സക്ക് ജാമ്യം അനുവദിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് മഅ്ദനി ജയിലില്‍നിന്ന് കൊടുത്തയച്ച കത്ത് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്‍െറ നേതൃത്വത്തിലെ സംഘം ക്ളിഫ് ഹൗസില്‍ മുഖ്യമന്ത്രിക്ക് കൈമാറി. മഅദനിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടും വിദഗ്ധചികിത്സ ലഭ്യമാക്കാത്തതിനാലുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച വിവരങ്ങളും കൈമാറി.

മഅദനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നെന്ന തെറ്റായ വിവരങ്ങളാണ് കര്‍ണാടക പൊലീസ് സംസ്ഥാന സര്‍ക്കാറിനും കോടതിയിലും നല്‍കുന്നതെന്ന് പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൃത്യസമയം ചികിത്സ ലഭ്യമാക്കാത്തതാണ് കാഴ്ചശക്തി നഷ്ടപ്പെടാന്‍ കാരണം. കര്‍ണാടക സര്‍ക്കാറില്‍ നിന്ന് 

'ജീവന്‍ തരാം, മഅദനിയെ തരൂ' പ്രചാരണ പരിപാടികള്‍ ആരംഭിച്ചു


'ജീവന്‍ തരാം മഅദനിയെ തരൂ' എന്ന ശീര്‍ഷകത്തില്‍ പി.ഡി.പി. നടത്തുന്ന നിരന്തര പ്രക്ഷോഭ പരിപാടികളുടെ രണ്ടാം ഘട്ട പ്രചാന പരിപാടികള്‍ ഊര്‍ജ്ജിതമായി. ജില്ലാ മണ്ഡലം തല പ്രചാരണ കണ്‍വെന്ഷനുകളാണ് ഇപ്പോള്‍ നടന്നു വരുന്നത് 
 

മഅദനിക്ക് നീതി ലഭിക്കണം - പിഡിപി

പെരുമ്പാവൂര്‍: അബ്ദുള്‍ നാസര്‍ മഅദനി ്ക് അര്‍ഹമായ ചികിത്സയും ജാമ്യവും നല്‍കാത്തത് രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് കളങ്കം ചാര്‍ത്തുമെന്ന് പിഡിപി വൈസ്‌ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജ് പറഞ്ഞു.

പിഡിപി സമരപ്രചാരണ ജാഥക്ക് പെരുമ്പാവൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എം.എ.ബാവയുടെ അധ്യക്ഷതയില്‍ എന്‍.കെ.മുഹമ്മദ് ഹാജി, എന്‍.എം.ഹസ്സന്‍, ടി.കെ.ബഷീര്‍, കെ.എ.സലിം, ഹനീഫ നെടുന്തോട്, പി.ഇ.നസീര്‍, സി.എസ്.ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.


തവനൂര്‍ മണ്ഡലം  കണ്‍വെന്‍ഷന്‍

എടപ്പാള്‍: അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നും ജയില്‍ മോചിതനാക്കണമെന്നും ആവശ്യപ്പെട്ട് പി.ഡി.പി.മരണം വരെ നിരാഹാരം നടത്തുമെന്ന് സംസ്ഥാന സീനിയര്‍ വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജ് പറഞ്ഞു. തവനൂര്‍ നിയോജക മണ്ഡലം സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭ സമരങ്ങളുടെ  പ്രചാരണത്തിനായി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ സമരസന്ദേശയാത്ര ഫിബ്രവരി 25ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സലാം അതളൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, ജാഫറലി ദാരിമി, അസീസ് വെളിയങ്കോട്, ഷംലിക് കടകശ്ശേരി, കള്ളിങ്ങല്‍ മൂസ്സ, യൂസഫ് എടപ്പാള്‍, സുലൈമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരളം ഒറ്റക്കെട്ടായി മഅദനിക്കായി ശബ്ദമുയര്‍ത്തുന്നു


അബ്ദുല്‍ നാസ്സര്‍ മഅദനിയോട് കാണിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിനും നീതി നിഷേധത്തിനുമെതിരെ കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകള്‍ക്കതീതമായി പ്രതിഷേധം ആളിക്കത്തുന്നു. ചികിത്സാര്‍ത്ഥം ജാമ്യം അനുവദിക്കണമെന്ന മഅദനിയുടെ അപേക്ഷ കോടതി നിരസിച്ചതും സോഷ്യല്‍ നെറ്റ്വര്‍കുകളിലും മറ്റും ഉയരുന്ന ശക്തമായ പ്രതിഷേധവും മഅദനി മോചനവുമായി ബന്ധപ്പെട്ട ശക്തമായ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചു പി.ഡി.പി. രംഗത്തിറങ്ങിയതും ഇതുവരെ മൌനം നടിച്ച രാഷ്ട്രീയ നേതാക്കളെയും മത സംഘടനകളെയും ശക്തമായ പ്രതികരണവുമായി രംഗത്തുവരാന്‍ നിര്‍ബന്ധിതരാക്കിയത്.  കേരളത്തിലെ പ്രമുഖ ബ്ലോഗര്‍മാര്‍ ഒന്നടങ്കം ഇതിനകം നീതിനിഷേധത്തിനെതിരെ ശക്തമായി രംഗത്തിറങ്ങി.  നിരവധി സംഘടനകള്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഇതിനകം രംഗത്തിറങ്ങി.



മഅദനിക്ക് ചികിത്സ ലഭ്യമാക്കണം- സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

ആലപ്പുഴ:ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മഅദനിയോട് മാനുഷിക പരിഗണന മുന്‍നിര്‍ത്തി നീതി കാണിക്കണമെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. ശാരീരികമായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ വലയ്ക്കുകയാണ്. മാനുഷിക പരിഗണന മുന്‍നിര്‍ത്തി വിദഗ്ധ ചികിത്സ ലഭിക്കണമെന്നത് രോഗാതുരനായ ഒരുവ്യക്തിയുടെ അവകാശമാണ്- അദ്ദേഹം പറഞ്ഞു.

ആരോഗ്യനില തീര്‍ത്തും മോശമായ അദ്ദേഹത്തിന് ബലമായി ഹസ്തദാനത്തിനുപോലും കഴിയുന്നില്ല എന്ന് അറിയാന്‍ കഴിയുന്നത് വേദനാജനകമാണ്. വിദഗ്ധ ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.

കടല്‍ക്കൊലപാതകത്തില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ജയിലിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ ഉപാധികളോടെ ഹോട്ടലില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി. ക്രിസ്മസ് ആഘോഷിക്കാന്‍ അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഇതുകൂടി പരിഗണിച്ച് അത്യാധുനിക ചികിത്സാസൗകര്യമുള്ള ആശുപത്രിയില്‍ മഅദനിക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്നും സ്വാമി പറഞ്ഞു.

മഅദനിയോടുള്ള നീതിനിഷേധം നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കം-എം.പി വീരേന്ദ്രകുമാര്‍

മലപ്പുറം:പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅദനിയോടുള്ള നീതിനിഷേധം രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയ്ക്ക് കളങ്കമാണെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്ത്-മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ക്കായി സോഷ്യലിസ്റ്റ് ജനത മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഅദനി ഏറെക്കാലമായി വിചാരണത്തടവുകാരനായി കഴിയുന്നു. ആദ്യം കോയമ്പത്തൂര്‍ ജയിലില്‍ വര്‍ഷങ്ങളോളം കിടന്നു. എല്ലാംകഴിഞ്ഞ് ഒടുവില്‍ കോടതി പറഞ്ഞു, മഅദനി കുറ്റം ചെയ്തിട്ടില്ലെന്ന്. ഇപ്പോള്‍ ബാംഗ്ലൂര്‍ ജയിലില്‍. ഇതുവരെ വിചാരണപോലും തുടങ്ങിയിട്ടില്ല. നീതിനിഷേധത്തിന്റെ തടവില്‍ തകര്‍ന്ന അവസ്ഥയിലാണയാള്‍. ഒരു മനുഷ്യനെ എത്രകാലമാണിങ്ങനെ ജയിലില്‍ കിടത്തുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കണം. കോയമ്പത്തൂര്‍ കേസില്‍ ആരോപിക്കപ്പെടുന്ന കുറ്റത്തിനുള്ളതിനേക്കാള്‍ ശിക്ഷ മഅദനി അനുഭവിക്കേണ്ടി വരുമ്പോള്‍ എവിടെ നമ്മുടെ നീതിബോധം, എവിടെ ധാര്‍മ്മികത- വീരേന്ദ്രകുമാര്‍ പറഞ്ഞു.

കെ.ടി.ജലീലും പി.ടി.എ.റഹീമും മഅദനിയുടെ കുടുംബ വീട് സന്ദര്‍ശിച്ചു


ശാസ്താംകോട്ട: എം.എല്‍.എ. മാരായ കെ.ടി.ജലീലും പി.ടി.എ.റഹീമും അബ്ദുല്‍ നാസര്‍ മഅദനിയുടെ കുടുംബ വീട് സന്ദര്‍ശിച്ചു

വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇരുവരും മഅദനിയുടെ മൈനാഗപ്പള്ളി തോട്ടുവാ മന്‍സിലിലെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടത്. അരമണിക്കൂറോളം ഇരുവരും മഅദനിയുടെ മാതാപിതാക്കളുമായി സംസാരിച്ചു. മഅദനിക്ക് ചികിത്സ ലഭിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍പോലും അപകടാവസ്ഥയിലാകുമെന്ന് എം.എല്‍.എ.മാര്‍ പറഞ്ഞു. മഅദനിയുടെ കാര്യം എം.എ.ബേബി നിയമസഭയില്‍ ഉന്നയിച്ചിരുന്നു. കര്‍ണ്ണാടകത്തിലേക്ക് സര്‍വ്വകക്ഷിസംഘത്തെ അയയ്ക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ചെവിക്കൊണ്ടിട്ടില്ലെന്നും എം.എല്‍.എ.മാര്‍ പറഞ്ഞു.
പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.