മഅദനി വിഷയത്തില്‍ എ.കെ. ആന്റണി പ്രതികരിക്കണം: പി.ഡി.പി


കൊല്ലം: അബ്‌ദുള്‍ നാസര്‍ മഅദനിയുടെ ജയില്‍ മോചനം യാഥാര്‍ത്ഥ്യമാക്കുന്നതിനും സാമാന്യനീതി ലഭ്യമാക്കുന്നതിനും കേന്ദ്രമന്ത്രി എ.കെ.ആന്റണി ഇടപെടണമെന്ന്‌ പി.ഡി.പി. പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅദനിയെ കള്ളക്കേസില്‍ കുടുക്കിയാണ്‌ ബി.ജെ.പി. ഭരണകൂടം ജയിലിലടച്ചത്‌. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടുകൂടിയാണ്‌ അദ്ദേഹത്തെ കരിനിയമമായ യു.എ.പി.എയില്‍പ്പെടുത്തിയത്‌. മഅദനിക്ക്‌ സാമാന്യനീതി ലഭിക്കുംവരെ 'ജീവന്‍തരാം മഅദനിയെ തരൂ' എന്ന മുദ്രാവാക്യമുയര്‍ത്തി പാര്‍ട്ടി സംഘടിപ്പിച്ചുവരുന്ന പ്രക്ഷോഭ പരിപാടികള്‍ കൂടുതല്‍ ശക്‌തമാക്കും. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്തൊട്ടാകെ പി.ഡി.പി. ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ജനസഭ പരിപാടികള്‍ സംഘടിപ്പിക്കും. 15ന്‌ എറണാകുളം സാസ്‌ ടവറില്‍ ജില്ലാഭാരവാഹികളുടെ യോഗം നടക്കും. നിയോജകമണ്ഡലം സമര പ്രഖ്യാപന കണ്‍വെന്‍ഷനുകള്‍, ജില്ലാതല സമര പ്രഖ്യാപന കണ്‍വെന്‍ഷനുകള്‍, സംസ്‌ഥാനതല സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍, കേരളയാത്ര പരിപാടി, നിരാഹര സത്യഗ്രഹം എന്നിവയ്‌ക്ക് സംസ്‌ഥാന നേതൃയോഗം അന്തിമ രൂപം നല്‍കും.


സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ പി.ജെ. കുര്യന്‍ രാജിവയ്‌ക്കണമെന്നും ഹജ്‌-ഉംറ എന്നിവക്കു ഏര്‍പ്പെടുത്തിയ സര്‍വീസ്‌ ടാക്‌സ് പിന്‍വലിക്കണമെന്നും പി.ഡി.പി. ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ പി.ഡി.പി. വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌, സീനിയര്‍ വൈസ്‌ ചെയര്‍മാന്‍ വര്‍ക്കല രാജ്‌, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കൊട്ടാരക്കര സാബു, ജില്ലാ പ്രസിഡന്റ്‌ മൈലക്കാട്‌ ഷാ, ജില്ലാ സെക്രട്ടറി ഇഖ്‌ബാല്‍ കരുവ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.