മകളുടെ വിവാഹം: മഅദനി ജാമ്യാപേക്ഷ നല്‍കി



ബാംഗ്ലൂര്‍: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനി ബാംഗ്ലൂര്‍ വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി. വാദത്തിനും തടസ്സവാദത്തിനുമായി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് ഹര്‍ജി ആറിലേക്ക് മാറ്റി. വിവാഹത്തില്‍ പങ്കെടുക്കുന്നതിന് എട്ട് മുതല്‍ 12 വരെ അഞ്ച് ദിവസത്തേക്ക് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സുഖമില്ലാതെ കിടക്കുന്ന പിതാവിനെ കാണാന്‍ അവസരം നല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. 
അഭിഭാഷകന്‍ പി. ഉസ്മാനാണ് മഅദനിക്കുവേണ്ടി ജാമ്യാപേക്ഷ നല്‍കിയത്. പൂര്‍ണമായ പോലീസ് സുരക്ഷയോടെ ജാമ്യം അനുവദിച്ചാല്‍ മതിയെന്നും ഇതിനു വരുന്ന ചിലവ് സ്വന്തം നിലയില്‍ വഹിക്കാമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് പത്തിന് കൊല്ലം കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തിലാണ് മഅദനിയുടെ മകള്‍ ഷമീറയുടെ വിവാഹം.
തന്റെ വിവാഹം പിതാവുതന്നെ നടത്തിത്തരുന്നതിനുള്ള അവസരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഷമീറ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്ത് നല്‍കിയിരുന്നു. മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്അച്ചുതാനന്ദനും  കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് കത്തയച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.