ജാമ്യം അനുവദിച്ചില്ലെങ്കില്‍ ഹര്‍ത്താല്‍ നടത്തും പൂന്തുറ സിറാജ്


കോട്ടയം: ഏക മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍നാസര്‍ മഅദനിക്ക്  ജാമ്യം നിഷേധിച്ചാല്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് പി.ഡി.പി. മാര്‍ച്ച് 10ന് നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മഅദനി ബാംഗ്ലൂരിലെ പ്രത്യേക വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതായും പി.ഡി.പി. വര്‍ക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 

കര്‍ണാടക സര്‍ക്കാര്‍ 'അനുകൂല നിലപാട്' സ്വീകരിച്ചാല്‍ മാത്രമേ ജാമ്യാപേക്ഷയില്‍ കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടാകൂ. മാനുഷിക പരിഗണനയുടെ പേരില്‍ ജാമ്യം ലഭിക്കാനുള്ള സമീപനം സ്വീകരിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് കേരള സര്‍ക്കാര്‍ ആവശ്യപ്പെടണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുസംബന്ധിച്ച് കര്‍ണാടക സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും എല്ലാ പിന്തുണയും ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് പൂന്തുറ സിറാജ് വെളിപ്പെടുത്തി. 
 
മുസ്‌ലിംലീഗ് മഅദനിയുടെ കാര്യത്തില്‍ അനുകൂല സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇ.ടി.മുഹമ്മദ് ബഷീറും അബ്ദുറഹിമാന്‍ രണ്ടത്താണിയും മദനിയെ ജയിലില്‍ സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രിയെയും ഗവര്‍ണറെയും കണ്ട് മാനുഷിക പരിഗണന ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടത് നല്ലകാര്യമാണ്. എന്നാല്‍, ആത്മീയാചാര്യനായ പാണക്കാട് തങ്ങള്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ  നേരില്‍ കാണാന്‍ തയ്യാറാകാത്തത് ഖേദകരമാണെന്നും പൂന്തുറ സിറാജ് പറഞ്ഞു. 

മഅദനിക്ക് കടുത്ത പ്രമേഹരോഗം ഉണ്ടെന്നും വിദഗ്ദ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമെന്നും പൂന്തുറ സിറാജ് പറഞ്ഞു. 

കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ക്രിസ്മസ്‌കാലത്ത് വീട്ടില്‍ പോകാന്‍ കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍, ആ നീതി മദനിക്കുമാത്രം നിഷേധിക്കുകയാണെന്നും പൂന്തുറ സിറാജ് പറഞ്ഞു. നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഒ.രാജഗോപാല്‍, വി.മുരളീധരന്‍, കൃഷ്ണദാസ് എന്നിവരുള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കളെ കണ്ടതായും പൂന്തുറ സിറാജ് വെളിപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.