മുഴുവന്‍ പെണ്‍വാണിഭക്കേസുകളും പുനരന്വേഷിക്കണം പൂന്തുറ സിറാജ്


ആലപ്പുഴ: സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഉപാദ്യക്ഷന്‍ പി.ജെ.കുര്യനെതിരെ വീണ്ടും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം  സ്ഥാനം രാജി വെക്കണമെന്ന് പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. നിരപരാധിയാണെങ്കില്‍ അന്വേഷണം നേരിട്ട് അദ്ദേഹം നിരപരാധിത്വം തെളിയിക്കണം. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പെണ്‍വാണിഭക്കേസുകളും ഇതോടൊപ്പം പുനരന്വേഷിക്കണമെന്നും സിറാജ് ആവശ്യപ്പെട്ടു.

അപക്വമായ അഭിപ്രായ പ്രകടനത്തിലൂടെ എന്‍.എസ്.എസ്സിന്റെ മതേതര പാരമ്പര്യത്തിന് കളങ്കമേല്‍പ്പിച്ച ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രാജിവെക്കണമെന്നും അദ്ദേഹം അതിനു തയ്യാറായില്ലെങ്കില്‍ എന്‍.എസ്.എസ്.എന്റെ  പ്രതിനിധിസഭ അദ്ദേഹത്തെ പുറത്താക്കണമെന്നും സിറാജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്‍.എസ്.എസ്സിന് രാഷ്ട്രീയ മോഹമുണ്ടെങ്കില്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിക്കുകയാണ് വേണ്ടത്. കേരളീയരെ പഴയ ജാതിരാഷ്ട്രീയത്തിലേക്ക് തള്ളി വിടുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ എന്നും സിറാജ് പറഞ്ഞു.


അബ്ദുള്‍ നാസര്‍ മഅദനിക്കെതിരായ ബാംഗ്‌ളൂര്‍ ബോംബ് സ്‌ഫോടനക്കേസ് കെട്ടിച്ചമച്ചതാണെന്ന് സിറാജ് കുറ്റപ്പെടുത്തി. ഇത് പുനരന്വേഷിക്കണം. മഅദനിയെ വിദഗ്ധ ചികിത്സക്ക് കേരളത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.ഡി.പി.വൈസ് ചെയര്‍മാന്‍ സുബൈര്‍ സെബാഹി, സംഘടനാ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, ജനറ സെക്രട്ടറി നിസ്സാര്‍ മേത്തര്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മയില്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.