കണ്ണൂര്‍: അമേരിക്കയ്‌ക്കും ഇസ്രായേലിനും കീഴടങ്ങുന്ന ഒരു സര്‍ക്കാര്‍ വേണോ അതേ സാമ്രാജ്യത്വവിരുദ്ധ ചേരിക്കു നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ പിന്തുണയുള്ള സര്‍ക്കാര്‍ വരണമോയെന്നയാണ് ഈ തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന ചോദ്യമെന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅ്‌ദനി. ഇടതു സ്‌ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു മഅ്‌ദനി നടത്തുന്ന 'സത്യമേവ ജയതേ' പ്രചാരണ ജാഥയ്‌ക്കു കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്‍മോഹന്‍ സിംഗ് അമേരിക്കയുടെ നോമിനിയാണ്. അമേരിക്കയും ഇസ്രായേലും കുനിഞ്ഞു നില്‍ക്കാന്‍ പറഞ്ഞാല്‍ മന്‍മോഹന്‍ സിംഗ് കമിഴ്‌ന്ന് കിടക്കും. അങ്ങനെ കമിഴ്‌ന്ന് കിടക്കുന്ന മന്‍മോഹന്‍ സിംഗിന്റെ പുറം തടവികൊടുക്കുന്നയാളാണ് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദ്. അമേരിക്കയെ സ്‌നേഹിക്കാത്ത ഇസ്രായേലിനെ വെറുക്കുന്ന ഒരു കേന്ദ്ര സര്‍ക്കാറാണ് ഇന്ത്യയില്‍ അധികാരത്തില്‍ വരേണ്ടത്. മുസ്ലീം ലീഗിനെ തോല്‍പ്പിക്കുന്നത് മഅ്‌ദനിയോ പി.ഡി.പിയോ അല്ല മുസ്ലീംങ്ങളാണ്. മഅ്‌ദനി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴല്ലേ കുറ്റിപ്പുറത്തു കുഞ്ഞാലിക്കുട്ടിയും തിരൂരില്‍ ഇ.ടി.മുഹമ്മദ് ബഷീറും മുനീറും തോറ്റത്. ജയിലില്‍ കഴിയുന്ന മഅ്‌ദനിക്കു ഇവരെ തോല്‍പ്പിക്കാനാവുമോ. അദ്ദേഹം ചോദിച്ചു. എല്‍.ഡി.എഫുമായി പി.ഡി.പി. തെരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയിട്ടില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുപ്പതു സീറ്റു തരാമെന്നോ ആഭ്യന്തര മന്ത്രിയാക്കാമെന്നോ വാക്കു തന്നിട്ടോ പിണറായി വിജയന്‍ നൂറു കോടി രൂപ തന്നിട്ടോ അല്ല പി.ഡി.പി. പിന്തുണ നല്‍കിയത്. ഞങ്ങള്‍ ഒരു വെള്ളിത്താലത്തില്‍ പിന്തുണ എല്‍.ഡി.എഫിന് കൊടുക്കുകയായിരുന്നു. പി.ഡി.പി. വര്‍ഗീയ കക്ഷിയാണെന്നു പറയുന്നവര്‍ ആദ്യം ഞങ്ങളുടെ നയരേഖ വായിക്കണം പിന്നെ നേതാക്കളാരൊക്കെയെന്നു നോക്കണം. മതേതരത്വ പാര്‍ട്ടിയെന്നു വകാശപ്പെടുന്ന മുസ്ലീം ലീഗിന്റെ മലപ്പുറത്തെ ഭാരവാഹികളില്‍ ഒരാളെങ്കിലും അമുസ്ലീംങ്ങള്‍ ഉണ്ടോ. പി.ഡി.പിയുടെ ഭാരവാഹികളില്‍ എഴുപത് ശതമാനവും അമുസ്ലീമുകളാണെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി. മുസ്ലീം സംഘശക്‌തി കുറക്കുമെന്നാണ് ലീഗ് പറയുന്നത്. ഇത്ര വര്‍ഷം എം.പിയും മന്ത്രിയുമായിട്ടും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ഒരു വാര്‍ഡ് കമ്മിറ്റി രൂപീകരിക്കാന്‍ പോലും ലീഗിന് കഴിഞ്ഞിട്ടില്ല. വിവരമുള്ളവര്‍ പാര്‍ലമെന്റില്‍ പോകുന്നത് മുസ്ലീങ്ങളുടെ സംഘ ശക്‌തി കുറക്കുമെങ്കില്‍ ഇത്തവണ ടി.കെ.ഹംസയും ഹുസൈന്‍ രണ്ടത്താണിയും പാര്‍ലമെന്റില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. എന്തു ഭീകരവാദമാണ് പി.ഡി.പിയും മഅ്‌ദനിയും കേരളത്തില്‍ ചെയ്‌തതെന്നും അദ്ദേഹം ചോദിച്ചു. ജയിലില്‍ നിന്നിറങ്ങിയ താന്‍ കണ്ണൂരിലെ ഒരു കുഗ്രാമത്തില്‍ വന്നു ഭീകരര്‍ക്കു ക്ലാസെടുത്തുവെന്നു വരെ പ്രചരിപ്പിച്ചു. എന്തിനാണ് എന്നെ ഇനിയും ഇങ്ങനെ പീഡിപ്പിക്കുന്നത്. 10 വര്‍ഷം ഞാന്‍ ജയിലില്‍ കിടന്നതുപോരെ. അദ്ദേഹം ചോദിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ