ജാമ്യം കിട്ടിയിട്ടും സൂഫിയയെ കുടുക്കാന്‍ ശ്രമം- മഅദനി

കൊല്ലം: ജാമ്യം കിട്ടിയശേഷവും സൂഫിയയെ വീണ്ടും കുടുക്കാന്‍ ശ്രമം നടക്കുന്നതായി അബ്ദുള്‍ നാസര്‍ മഅദനി പറഞ്ഞു. കൊല്ലത്ത് പള്ളിമുക്കില്‍ പി.ഡി.പി.ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

2005-ല്‍ ബസ് കത്തിക്കല്‍ സംഭവം നടന്നശേഷം നാളിതുവരെയും ഓരോരുത്തരെയും കൊണ്ട് സൂഫിയയ്‌ക്കെതിരെ മൊഴി നല്‍കിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.
 ആദ്യമൊന്നും നടക്കാതെ പോയത് 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുശേഷമാണ് സഫലമായത്.ഇപ്പോള്‍ ജാമ്യം ലഭിച്ചശേഷം മണി എന്ന യൂസുഫിനെക്കൊണ്ടും പറയിക്കുകയാണ്.

ബസ് കത്തിക്കല്‍ സംഭവം നടന്നയുടനെ കേസില്‍ ഒന്നാം പ്രതിയാക്കിയ ഷെറീഫില്‍നിന്ന് കണ്ടെടുത്ത തൊണ്ടിമുതലുകള്‍ തെളിവായി കോടതിയില്‍ ഹാജരാക്കിയതാണ്. പോലീസിന് അന്ന് ഇതൊക്കെ എവിടെനിന്ന് കിട്ടിയെന്ന് വ്യക്തമാക്കണം. സൂഫിയയെ കേസില്‍ പ്രതിയാക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും മഅദനി പറഞ്ഞു.

പി.ഡി.പി. ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇക്ബാല്‍ കരുവ, യു.കെ.അബ്ദുള്‍ റഷീദ് മൗലവി, സാബു കൊട്ടാരക്കര, വി.എന്‍.ശശികുമാര്‍, ഷാഫി പത്തനാപുരം, വിയന്നൂര്‍ വിജയകുമാര്‍, കേരളപുരം യഹിയ എന്നിവര്‍ പ്രസംഗിച്ചു.

ഗൂഢാലോചന തെളിവു പുറത്തു വിടും - അബ്ദുല്‍ നാസ്സര്‍ മഅദനി

ശാസ്‌താംകോട്ട: തനിക്കും കുടുംബത്തിനുമെതിരായി നടക്കുന്ന ഗൂഢാലോചനയ്‌ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ രേഖാമൂലം സമീപിക്കുമെന്ന്‌ അബ്ദുല്‍ നാസര്‍ മഅദനി. കോടതിയെ സമീപിക്കുന്ന കാര്യവും പരിഗണനയിലാണ്‌. ബുധനാഴ്‌ച നടക്കുന്ന പി.ഡി.പി. നേതൃയോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും മഅദനി പറഞ്ഞു. സൂഫിയ മഅദനിക്ക്‌ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന്‌ അന്‍വാര്‍ശ്ശേരിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കും, കുടുംബത്തിനും എതിരെ നടക്കുന്ന ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സെക്രട്ടേറിയറ്റ്‌ പടിക്കല്‍ നിരാഹാരം പ്രഖ്യാപിച്ചത്‌. എന്നാല്‍ നിരവധി മതപണ്ഡിതന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും സത്യാഗ്രഹത്തില്‍നിന്ന്‌ പിന്‍മാറണമെന്ന്‌ ആവശ്യപ്പെട്ട്‌ തന്നെ സമീപിച്ചിരുന്നു.ഇക്കാര്യവും ബുധനാഴ്‌ച ചേരുന്ന പി.ഡി.പി. നേതൃയോഗത്തില്‍ തീരുമാനിക്കും. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ട്‌. അവ താമസിയാതെ പുറത്തുവിടുമെന്നും മഅദനി പറഞ്ഞു.

വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ത്ത സംഭവത്തെക്കാള്‍ വലുതായാണ്‌ ബസ്‌ കത്തിച്ച സംഭവം ചര്‍ച്ചയാക്കുന്നത്‌. ബാബറി മസ്‌ജിദ്‌ തകര്‍ത്തവരും, ഗുജറാത്തില്‍ ആയിരങ്ങളെ കൊന്നൊടുക്കിയവരും ഇവിടെ സ്വതന്ത്രമായി വിലസുകയാണ്‌. തനിക്കും സൂഫിയക്കുമെതിരെ നടക്കുന്ന മാധ്യമ വിചാരണ സഹിക്കാവുന്നതിലും അപ്പുറമാണ്‌.പോള്‍ മുത്തൂറ്റ്‌ കൊലപാതകത്തില്‍ പോലീസ്‌ പറയുന്നത്‌ മാധ്യമങ്ങള്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പോലീസ്‌ പറയുന്നതെല്ലാം അവര്‍ വിശ്വസിക്കുന്നു.സര്‍ക്കാരും പി.ഡി.പി.യും ഒത്തുകളിച്ചതുകൊണ്ടാണ്‌ സൂഫിയയ്‌ക്ക്‌ ജാമ്യം ലഭിച്ചതെന്ന വാദവും തെറ്റാണ്‌. ഇക്കാര്യത്തില്‍ താന്‍ ആരെയും സമീപിച്ചിട്ടില്ലെന്നും മഅദനി പറഞ്ഞു.


സൂഫിയ മഅദനിക്ക് ജാമ്യം ലഭിച്ചു

കളമശ്ശേരി ബസ് കത്തിക്കല്‍ സംഭത്തില്‍ പങ്കുണ്ടെന്നാരൊപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സൂഫിയ മഅദനിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടേയും തതുല്യമായ രണ്ട് ആള്‍ ജാമ്യവും അടങ്ങുന്ന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.സൂഫിയക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന സൂഫിയയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ചുകൊണ്ട് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഡി പാപ്പച്ചനാണു സൂഫിയക്കു ജാമ്യം അനുവദിച്ചത്.











ശാസ്താംകോട്ട: തന്നെയും കുടുംബത്തെയും ഉന്മൂലനം ചെയ്യാന്‍ സംസ്ഥാന പൊലീസിലെ രണ്ടാം നിരയിലെ ചില ഉദ്യോഗസ്ഥരും അവരുടെ രാഷ്ട്രീയ യജമാനന്മാരും വ്യാജരേഖകള്‍ ഉണ്ടാക്കിയും പച്ചക്കള്ളം പ്രചരിപ്പിച്ചും നടത്തുന്ന ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അബ്ദുന്നാസിര്‍ മഅ്ദനിയും മക്കളായ ഉമര്‍ മുഖ്ത്താര്‍, സലാഹുദ്ദീന്‍ അയ്യൂബി എന്നിവരും അടുത്ത വെള്ളിയാഴ്ച മുതല്‍ സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാരസമരം നടത്തും. ജനിച്ച മണ്ണില്‍ മനസ്സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം തേടിയും തങ്ങള്‍ കുറ്റവാളികളാണെങ്കില്‍ അത് സംബന്ധിച്ച രേഖകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ടും കൂടിയാണ് സമരം നടത്തുന്നതെന്ന് മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം മഅദ്നി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൊലീസ് കസ്റ്റഡിയില്‍ ആയതിന് ശേഷം സൂഫിയ ബസ് കത്തിക്കല്‍ കേസിലെ പങ്ക് സമ്മതിച്ചതായും ആരോപിതരായവരുമായി ഫോണ്‍വിളി നടത്തിയ കുറ്റം ഏറ്റുപറഞ്ഞതായും ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പച്ചക്കള്ളമാണ്. ഒരു പ്രത്യേക ലക്ഷ്യത്തോടെ പടച്ചുവിടുന്ന പച്ചക്കള്ളങ്ങള്‍ മാധ്യമങ്ങള്‍ അതേ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുകയാണ്. ഇന്നലെ സൂഫിയയെ ജയിലില്‍ സന്ദര്‍ശിച്ച അഭിഭാഷകന്‍ അനില്‍ മുഹമ്മദിനോട് അത്തരം കുറ്റസമ്മതം നടത്തിയിട്ടേയില്ലെന്നാണ് സൂഫിയ പറഞ്ഞത്. നേരത്തേ ഡി.ഐ.ജി ടി.കെ. വിനോദ്കുമാര്‍ ചോദിച്ച് രേഖപ്പെടുത്തിയതില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് കാര്യങ്ങളാണ് കമീഷണര്‍ മനോജ് ഏബ്രഹാമും അസിസ്റ്റന്റ് കമീഷണര്‍ പി.എം. വര്‍ഗീസും ആരാഞ്ഞത്. രണ്ട് ചോദ്യങ്ങള്‍ പി.ഡി.പിയുമായുള്ള ബന്ധത്തെ സംബന്ധിച്ചും ഒരെണ്ണം കോയമ്പത്തൂര്‍ ജയിലിലേക്ക് തന്നെ മൊബൈലില്‍ വിളിച്ചിട്ടുണ്ടോ എന്നുമായിരുന്നു. ബാക്കിയെല്ലാം 18 മണിക്കൂര്‍ ടി.കെ. വിനോദ്കുമാര്‍ ചോദിച്ചതിന്റെ ആവര്‍ത്തനമായിരുന്നു.

സത്യം ഇതായിരിക്കെ കളവ് പ്രചരിപ്പിച്ച് തങ്ങള്‍ക്കെതിരെ മനഃശാസ്ത്ര യുദ്ധം നടത്തുകയാണ്. 1998ല്‍ തന്നെ അറസ്റ്റ്ചെയ്ത് കള്ളച്ചാര്‍ജുകള്‍ ചുമത്തി ഒമ്പതര വര്‍ഷം ജയിലിലടച്ചതിന് പിന്നില്‍ നടന്ന ഗൂഢാലോചനക്ക് സമമാണ് ഇത്. സൂഫിയക്കെതിരെ നടന്നതും നടത്തുന്നതുമായ ഗൂഢാലോചനയുടെ മുഴുവന്‍ വസ്തുതകളും അതില്‍ ഉള്‍പ്പെട്ടവരെയും അറിയാം. അധികം വൈകാതെ അവരുടെ പേരുകള്‍ വെളിപ്പെടുത്തും. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വി.ജി. ഗോവിന്ദന്‍ നായര്‍ ഈ ഗൂഢാലോചനക്കാരുടെ മെഗാഫോണ്‍ ആയത് പരിഹാസ്യമാണ്.

നൂറുകണക്കിന് പേരെ കൊള്ളയടിച്ച് കൊലപ്പെടുത്തിയ ഫൂലന്‍ദേവി മാപ്പുപറഞ്ഞ് മുഖ്യധാരാ രാഷ്ട്രീയത്തിലെത്തി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരമോന്നതസഭയില്‍ എത്തിയ നാട്ടില്‍ കേവലം ചില പ്രസംഗങ്ങളുടെ പേരില്‍ തന്നെയും കുടുംബത്തെയും തീവ്രവാദികളെന്നും ഭീകരരെന്നും മുദ്രകുത്തി വേട്ടയാടുകയാണ്. ഇതിന് അവസാനം വേണം. ഏതെങ്കിലും ഒരു തീവ്രവാദി സംഘടനയുമായി താന്‍ ബന്ധപ്പെടുന്നുണ്ടോ, അത്തരം സംഘടനയില്‍ നിന്ന് സാമ്പത്തികനേട്ടം ഉണ്ടാകുന്നുണ്ടോ തുടങ്ങിയ വസ്തുതകള്‍ സര്‍ക്കാര്‍ അന്വേഷിച്ച് സത്യാവസ്ഥ ജനങ്ങളെ അറിയിക്കണം. എറണാകുളത്ത് സൂഫിയയുടെ കുടുംബ ഓഹരി വിറ്റുവാങ്ങിയ ഏഴ് സെന്റ് ഭൂമിയും അതിലെ വീടും 13 ലക്ഷം രൂപയുടെ കടവുമാണ് തന്റെ സമ്പാദ്യം. അല്ലാഹുവിലും പ്രവാചകനിലും ഖുര്‍ആനിലും വിശ്വസിക്കുന്ന തനിക്കോ മതബോധമുള്ള സൂഫിയക്കോ ഒരിക്കലും തീവ്രവാദികളാകാന്‍ കഴിയില്ലെന്നും മഅ്ദനി പറഞ്ഞു.

27ാം വയസ്സില്‍ ആര്‍.എസ്.എസുകാരുടെ ബോംബേറില്‍ എന്റെ വലതുകാല്‍ മുറിച്ചുമാറ്റപ്പെട്ടു. ഒമ്പതര വര്‍ഷം ചെയ്യാത്ത കുറ്റം ചാര്‍ത്തി ജയിലിലടച്ച് കൊടും പീഡനത്തിന് വിധേയനാക്കി. ഇപ്പോള്‍ എന്റെ ഭാര്യയെയും അവര്‍ കാരാഗൃഹത്തിലടച്ചു. എന്റെ വൃദ്ധ മാതാപിതാക്കളോളം ദുഃഖം അനുഭവിച്ച മാതാപിതാക്കള്‍ കേരളത്തില്‍ വെറെയുണ്ടാകില്ല. എന്റെ പിഞ്ചുമക്കളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അവരെ ഇന്ന് തീവ്രവാദികളുടെ മക്കളും നാളെ കൊടും തീവ്രവാദികളുമായി ചിത്രീകരിക്കാനുള്ള നീക്കവും അണിയറയില്‍ സജീവമാണ്^മഅ്ദനി പറഞ്ഞു.

ജീവിക്കാനും ഭീകരരെന്ന് മുദ്രകുത്തി വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന സമരം ബീമാപള്ളിയില്‍ ജുമുഅ നമസ്കരിച്ച ശേഷമായിരിക്കും തുടങ്ങുക. സഹനത്തിന്റെയും ക്ഷമയുടെയും നെല്ലിപ്പലക കണ്ട ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും മഅ്ദനി ഗദ്ഗദകണ്ഠനായി പറഞ്ഞു. പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്ററും ഉമ്മ അസ്മാബീവിയും മഅ്ദനിക്കും മക്കള്‍ക്കുമൊപ്പം ഉണ്ടായിരുന്നു.

ഹവാലയ്‌ക്കും പെണ്‍വാണിഭത്തിനും തീവ്രവാദവുമായുള്ള ബന്ധം അന്വേഷിക്കണം- പി.ഡി.പി


കോഴിക്കോട്‌: പെണ്‍വാണിഭം- ഹവാല- തീവ്രവാദം എന്നിവ തമ്മിലുള്ള ബന്ധവും ഇതില്‍ ബി.ജെ.പി, കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുള്ള പങ്കിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഹിന്ദു-ക്രിസ്‌ത്യന്‍ സംഘടനകളുടെ തീവ്രവാദ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്തണം. നിലവില്‍ പോലീസ്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ്‌ അന്വേഷണങ്ങള്‍ നടത്തുന്നത്‌. സൂഫിയ മഅദനി കുറ്റം സമ്മതിച്ചു എന്ന്‌ തുടങ്ങിയുള്ള വാര്‍ത്തകള്‍ക്ക്‌ പിന്നിലും ഇത്തരം പോലീസ്‌ രാഷ്ട്രീയ കൂട്ടുകെട്ടാണ്‌. -അദ്ദേഹം പറഞ്ഞു.

അബ്‌ദുള്‍ നാസര്‍ മഅദനി മക്കളോടൊപ്പം സെക്രട്ടേറിയറ്റിന്‌ മുമ്പില്‍ നിരാഹാരം ആരംഭിക്കുന്നതിനോട്‌ അനുബന്ധിച്ച്‌ ഈ മാസം 23, 24 തീയതികളില്‍ സംസ്ഥാന വ്യാപകമായി വാഹനപ്രചാരണ ജാഥയും ലഘുലേഖാ വിതരണവും നടത്തും -ഗഫൂര്‍ വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.