ചാവക്കാട് : അരനൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി രണ്ടാം ഘട്ട നിരാഹാര സമരം ആരംഭിച്ചു. ജില്ലാ ഭരണകൂടം പി.ഡി.പി.ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ടു പി.ഡി.പി ജില്ലാ പ്രസിഡന്റ് ടി എം മജീദ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരം ഉദ്ഘാടനം ചെയ്തു. മുഖമാന്ത്രിക്ക് വിവരമില്ലെന്ന് പറയാന്‍ പോലും ഉദ്യോഗസ്ഥര്‍ ധൈര്യം കാണിക്കുന്ന നാട്ടില്‍ എങ്ങിനെയാണ് ജനങ്ങള്‍ക്ക് നീതി ലഭിക്കുകയെന്ന് ജോയ് കൈതാരം ചോദിച്ചു. പീഡനങ്ങളും വേദനകളും സഹിച്ചു ബംഗ്ലൂര്‍ ജയിലില്‍ കിടക്കുന്ന അബ്ദുല്‍ നാസര്‍ മഅദനി തന്‍റെ രക്തം കൊണ്ട് കെട്ടിപടുത്ത പി.ഡി.പിയുടെ പ്രവര്‍ത്തകര്‍ക്ക് മാത്രമേ ജനങ്ങള്‍ക്ക് വേണ്ടി നാടിന്റെ നന്മക്ക് വേണ്ടി ഇത്തരം ഒരു സമരം നടത്താന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
സമര സമിതി ചെയര്‍മാന്‍ എ എച്ച് മുഹമ്മദ്, പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം ടി.എ.മുജീബ് റഹ്മാന്‍, ജില്ലാ സെക്രട്ടറി കടലായി സലിം മൌലവി, എന്‍.എച്ച്. 17 ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ വി മുഹമ്മദാലി, സമര സമിതി കണ്‍വീനര്‍ കെ.ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ഇതേ ആവശ്യമുന്നയിച്ച് മുമ്പ് പി.ഡി.പി ചേറ്റുവ ടോള്‍ ബൂത്ത് പരിസരത്ത് അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. തുടര്‍ന്ന് സമരപ്പന്തലിലെത്തിയ കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എയും ജില്ലാ ഭരണകൂടവും പി.ഡി.പി നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ കൈകൊള്ളാമെന്ന ഉറപ്പിന്‍മേല്‍ അന്ന് നിരാഹാര സമരം അവസാനിപ്പിക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ