ചേറ്റുവയില്‍ നിരാഹാര പന്തല്‍ ജില്ലാ കലക്‌ടര്‍ സന്ദര്‍ശിച്ചു



ചാവക്കാട്‌: ചേറ്റുവ ടോള്‍ പിരിവ്‌ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പി.ഡി.പി. ടോള്‍ പരിസരത്തു നടത്തുന്ന നിരാഹാര സമരപ്പന്തലില്‍ ജില്ലാ കലക്‌ടര്‍ പി.എം. ഫ്രാന്‍സിസ്‌ സന്ദര്‍ശനം നടത്തി. സമരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നിരാഹാര സമരം പിന്‍വലിക്കണമെന്നും കലക്‌ടര്‍ സമര സമിതി നേതാക്കളോട്‌ അഭ്യര്‍ഥിച്ചു. എന്നാല്‍ വ്യക്‌തമായ ഉറപ്പുലഭിക്കാതെ സമരം പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന്‌ നേതാക്കള്‍ കലക്‌ടറോട്‌ പറഞ്ഞു. ഇതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നിരാഹാരമനുഷ്‌ഠിക്കുന്ന പി.ഡി.പി. ജില്ലാ പ്രസിഡന്റ്‌ ടി.എം. മജീദ്‌ നിരാഹാര സമരം അവസാനിപ്പിച്ചു. ജനുവരി 30-ാം തീയതി മുതലാണ്‌ മജീദ്‌ ചേറ്റുവ ടോള്‍ പരിസരത്ത്‌ നിരാഹാര സമരം തുടങ്ങിയത്‌. ആറാം ദിവസം പോലീസ്‌ ബലംപ്രയോഗിച്ച്‌ മജീദിനെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലാക്കിയെങ്കിലും അവിടേയും സമരം തുടരുകയായിരുന്നു. തുടര്‍ന്ന്‌ വൈസ്‌ പ്രസിഡന്റ്‌ ഫിറോസ്‌ തോട്ടപ്പടി നിരാഹാര സമരം തുടങ്ങി. 


സമരം സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ നല്‍കിയിട്ടുണ്ടെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഉള്‍പ്പെടുത്തി ചേറ്റുവ ടോള്‍ നിര്‍ത്തണമെന്നാണ് പി.ഡി.പി.യുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം നിസ്സഹായരാണെന്നും കലക്‌ടര്‍ വ്യക്‌തമാക്കി. സര്‍ക്കാരിനുവേണ്ടി കലക്‌ടര്‍ കൈമലര്‍ത്തിയ സാഹചര്യത്തില്‍ സമരം ശക്‌തിപ്പെടുത്തുമെന്നും മറ്റു തലങ്ങളിലേക്ക്‌ വ്യാപിപ്പിക്കുമെന്നും സമരസമിതി ചെയര്‍മാന്‍ എ.എച്ച്‌. മുഹമ്മദ്‌ തിരുവത്ര അറിയിച്ചു. 

ജമാ അത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ്‌ ഇ.എം. മുഹമ്മദ്‌ അമീര്‍, എഴുത്തുകാരന്‍ സിപ്പി പള്ളിപ്പുറം തുടങ്ങി നിരവധിപേര്‍ ഇന്നലേയും സമരപ്പന്തലിലെത്തി അഭിവാദ്യം അര്‍പ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.