മഅ‌ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണം: പി.ഡി.പി.


മലപ്പുറം: പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅ‌ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ അടയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ ഏപ്രില്‍ 30നു കൊല്ലം പീരങ്കി മൈതാനയില്‍ മനുഷ്യാവകാശ റാലിയും മഹാസംഗമവും സംഘടിപ്പിക്കുമെന്നു പി.ഡി.പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഗമത്തില്‍ മനുഷ്യാവകാശ രാഷ്ര്‌ടീയ രംഗത്തെ ദേശീയ നേതാക്കള്‍ പങ്കെടുക്കും. 

സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന ജില്ലാ പ്രതിനിധി സമ്മേളനങ്ങളുടെ സമാപനമായി ഏപ്രില്‍ 11ന്‌ എറണാകുളം ടൗണ്‍ ഹാളില്‍ പാര്‍ട്ടിയുടെ സംസ്‌ഥാന പ്രതിനിധി സമ്മേളനവും മെമ്പര്‍ഷിപ്പ്‌ കാമ്പയിന്റെ ഉദ്‌ഘാടനവും നടക്കും. സാമൂഹികനീതി സമഗ്ര വികസനം സമാധാന സമൂഹം എന്ന വിഷയത്തില്‍ ഏപ്രില്‍ 11 മുതല്‍ ജൂലൈ 11 വരെയാണ്‌ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍. മഅ‌ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ കര്‍ണാടകയിലേക്കു മന്ത്രി സംഘത്തെ അയക്കണമെന്ന്‌ പൂന്തുറ സിറാജ്‌ ആവശ്യപ്പെട്ടു. മഅ‌ദനി വിഷയം ബി.ജെ.പി-പി.ഡി.പി. പ്രശ്‌നമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. മഅ‌ദനി തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും സിറാജ്‌ പറഞ്ഞു.മഅ‌ദനിയുടെ  ആരോഗ്യനില തീര്‍ത്തും മോശമായ സാഹചര്യത്തില്‍ അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കാന്‍ ബി.ജെ.പി. കേരള നേതൃത്വം കര്‍ണ്ണാട സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും സിറാജ് ആവശ്യപ്പെട്ടു.




മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രി സ്‌ഥാനത്തില്‍ ആത്മാഭിമാനമാണോ മന്ത്രി സ്‌ഥാനമാണോ വേണ്ടതെന്നു പാണക്കാട്‌ സയിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളും വ്യക്‌തിപരമായി മന്ത്രി സ്‌ഥാനം വേണോ എന്ന്‌ അലിയും പരിശോധിക്കണമെന്നു സിറാജ്‌ ആവശ്യപ്പെട്ടു. പത്രവിതരണക്കാര്‍ നടത്തുന്ന സമരം ജനാധിപത്യ വിരുദ്ദമാണെന്നും സിറാജ് പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയും    പി.ഡി.പി.യുമായി ലയനം സംബന്ധിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെനും ചോദ്യത്തിനു ഉത്തരമായി സിറാജ് പറഞ്ഞു.  വാര്‍ത്താസമ്മേളനത്തില്‍ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ഷംസുദ്ദീന്‍, നിസാര്‍ മേത്തര്‍, മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ അലി കാടാമ്പുഴ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.