പ്രകോപനം സൃഷ്ടിക്കുന്നത്‌ മുസ്‌ ലിം ലീഗ്‌: പിസിഎഫ്‌

ദുബൈ: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി പ്രകോപനം സൃഷ്ടിക്കുന്നെന്ന മുസ്‌ ലിം ലീഗ്‌ നേതാവ്‌ ശിഹാബ്‌ തങ്ങളുടെ പ്രസ്‌താവന യാഥാര്‍ഥ്യബോധമില്ലാത്തതും പരാജയഭീതിയില്‍ നിന്ന്‌ ഉടലെടുത്തതും ആണെന്ന്‌ പിസിഎഫ്‌ നാഷണല്‍ കമ്മിററി യോഗം അഭിപ്രായപ്പെട്ടു. പതിനഞ്ചാം ലോകസഭയിലെക്കുളള തെരഞ്ഞെടുപ്പില്‍ ഇരുപത്‌ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണക്കാന്‍ തീരുമാനമെടുത്തതിനു ശേഷം സംസ്ഥാനത്തുടനീളം ലീഗിന്റെ ചെറുതും വലുതുമായ നേതാക്കള്‍ സംഘപരിവാറിനെ വെല്ലുന്നവിധം അബ്ദുന്നാസിര്‍ മഅദനിക്കും അദേഹത്തിന്റെ കുടുംബത്തിനുമെതിരെ രാജ്യദ്രോഹ കുററമുള്‍പ്പെടെ ആരോപിക്കുകയും മാധ്യമപിന്തുണയോടെ കടന്നാക്രമണം നടത്തുകയും ചെയ്‌തപ്പോള്‍ അതില്‍ നിന്ന്‌ ശിഹാബ്‌ തങ്ങള്‍ അണികളെ പിന്തിരിപ്പിച്ചില്ലെന്ന്‌ മാത്രമല്ല, പതിവുപോലെ മൗനാനുവാദം നല്‌കുകയുംചെയ്‌തു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതി കേരളമാകെ സഞ്ചരിച്ച്‌ മഅദനി ജനങ്ങളോട്‌ വിശദീകരിച്ചപ്പോള്‍ ജനവികാരം എതിരാകുന്നെന്ന്‌ മനസിലാക്കിയാണ്‌ തങ്ങള്‍ പുതിയ പ്രസ്‌താവനയുമായി വന്നിരിക്കുന്നത്‌. ഇത്‌ പ്രബുദ്ധ കേരളം തളളിക്കളയുമെന്ന്‌ ഉറപ്പാണ്‌. ഇസ്രയേലുമായി നയതന്ത്രബന്ധം തുടരുകയും ഫലസ്‌തീനിലെ നിരപരാധികളെ കാന്നൊടുക്കാന്‍ പരോക്ഷ പിന്തുണ നല്‌കുകയും ആണവക്കരാര്‍ നടപ്പിലാക്കുകയും മുസ്‌ ലിം വിരുദ്ധരെന്ന്‌ പ്രവൃത്തിയിലൂടെ തെളിയിച്ച കെ.വി തോമസിനെയും ശശി തരൂരിനെയും സ്ഥാനാര്‍ഥികളാക്കുകയും ചെയ്‌ത ദേശവിരുദ്ധരായ കോണ്‍ഗ്രസിനെയും അവരുടെ ആജ്ഞാനുവര്‍ത്തികളായ ലീഗിനെയും കെട്ടുകെട്ടിക്കാന്‍ കേരളജനത തയാറായി കഴിഞ്ഞതായി യോഗം വിലയിരുത്തി. ഭീഷണി കൊണ്ടോ സമ്മര്‍ദങ്ങള്‍ കൊണ്ടോ ജനങ്ങനെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. യോഗത്തില്‍ കരീം കാഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ മഹ്‌ റൂഫ്‌ സ്വാഗതവും ട്രഷറര്‍ റിയാസുദീന്‍ ഇരിങ്ങാവൂര്‍ നന്ദിയും പറഞ്ഞു. ഇസ്‌ മയില്‍ ആരിക്കാടി, റഷീദ്‌ മാട്ടുന്തല, മുഇനുദീന്‍ ചാവക്കാട്‌, ലത്വീഫ്‌ കടവല്ലൂര്‍, ഫൈസല്‍ കാട്ടൂര്‍, നാസര്‍ ചിറയിന്‍കീഴ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.