തിരുവനന്തപുരം: ഇടതുമുന്നണിയെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ വലിയ ആഘാതത്തില്‍നിന്ന് ഇത്രയെങ്കിലും രക്ഷിച്ചത് തങ്ങളാണെന്ന് പി.ഡി.പി. പൊന്നാനിയില്‍ ഹുസൈന്‍ രണ്ടത്താണിക്ക് സി.പി.ഐയുടെ വോട്ടുകള്‍ ലഭിച്ചില്ലെന്നും പാര്‍ട്ടി നയ രൂപീകരണ സമിതി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്സും ബി.ജെ.പിയും ചേര്‍ന്ന് ഇടതുപക്ഷത്തിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രചാരണം ഒറ്റക്കെട്ടായി ചെറുക്കാന്‍ എല്‍.ഡി.എഫിനായില്ല.ആ വിമര്‍ശനങ്ങള്‍ ഘടകകക്ഷികള്‍ സി.പി.എമ്മിന് എതിരെ തിരിച്ചുവിട്ടു. പി.ഡി.പിയുമായുള്ള ബന്ധത്തില്‍ മുസ്‌ലിം ലീഗിന്റെ സ്വരത്തിലാണ് സി.പി.ഐയും മറ്റും സംസാരിച്ചത്. വോട്ട് വരാനുള്ള വഴി മുഴുവന്‍ അവര്‍ അടയ്‌ക്കുകയായിരുന്നു. പൊന്നാനിയില്‍ രണ്ടത്താണിക്ക് സി.പി.ഐയുടെ വോട്ട് കിട്ടിയില്ല. അവിടെ ലീഗിനുവേണ്ടി സി.പി.ഐയുടെ പ്രാദേശിക നേതാക്കള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തു. ലീഗിന്റെ സ്വാധീനവും രാഷ്ട്രീയവും അധികാരവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. തങ്ങള്‍ക്ക് എന്ത് ലഭിക്കുമെന്നുകൂടി മലപ്പുറത്തുകാര്‍ ചിന്തിക്കുന്ന പ്രവണതയുണ്ട്. കെ.ടി. ജലീലിനെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരീക്ഷിച്ചപ്പോള്‍ അവര്‍ അനുകൂലിച്ചു. എന്നാല്‍ ജലീനെ മന്ത്രിയാക്കിയില്ല. രാഷ്ട്രീയമായി ആ വിജയം ഉപയോഗപ്പെടുത്താനായില്ല. ലീഗിനെ മലപ്പുറത്ത് തോല്‌പിക്കുക എളുപ്പമല്ല. അത് അധികാരവുമായി ബന്ധപ്പെട്ടതാണ്. അതിനെ മറികടക്കാനാണ് പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. സി.പി.ഐ. തങ്ങളെ വല്ലാതെ എതിര്‍ത്തുപോന്നു.എങ്കിലും ഗുരുവായൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ പി.ഡി.പിയുടെ പിന്തുണയോടെ സി.പി.ഐ. സ്ഥാനാര്‍ഥി കൂടുതല്‍ വോട്ടുനേടി. തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടുന്ന സാഹചര്യം ഇല്ലാതാക്കിയശേഷം പി.ഡി.പിയെ കുറ്റം പറയുന്നതില്‍ കാര്യമില്ല. എല്‍.ഡി.എഫിന്റെ ശക്തി ചോര്‍ന്നിട്ടില്ല. ഇനിയും ഇടതുമുന്നണിക്കൊപ്പം പി.ഡി.പി. നില്‍ക്കും-അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ