സി. പി. ഐ. വോട്ട്‌ മറിച്ചതിന്‌ തെളിവുണ്ടെന്ന്‌ മഅദനി

തിരുവനന്തപുരം: പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ പല സ്ഥലത്തും സി. പി. ഐ. വോട്ടുകള്‍ സി. പി. എമ്മിന്‌ ലഭിച്ചിട്ടില്ലെന്ന്‌ പി. ഡി. പി. ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനി. ഇതിന്‌ പി. ഡി.പി. യുടെ പക്കല്‍ തെളിവുണ്ടെന്നും മഅദനി പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വോട്ടുമറിച്ചവരാണ്‌ പി. ഡി. പി. യെ കുറ്റപ്പെടുത്തുന്നത്‌. പോക്കറ്റടിച്ചവര്‍ അടുത്ത്‌ നില്‍ക്കുന്നവനെ ചൂണ്ടിക്കാട്ടി 'ഇവന്‍ പോക്കറ്റടിച്ചു' എന്ന്‌ പറയും പോലെയാണിത്‌-സി. പി. ഐ. നേതാവ്‌ വെളിയം ഭാര്‍ഗവനുള്ള മറുപടിയായെന്നോണം മഅദനി പറഞ്ഞു. പി. ഡി. പി. യുമായുള്ള കൂട്ടുകെട്ട്‌ എല്‍. ഡി. എഫിന്റെ പരാജയത്തിന്‌ കാരണമായെന്ന്‌ നേരത്തെ വെളിയം ഭാര്‍ഗവന്‍ പ്രസ്‌താവിച്ചിരുന്നു. പൊന്നാനിയില്‍ രണ്ടത്താണി ചെമ്പരത്തിപ്പൂ തലയില്‍ വെച്ചുപോവുമെന്ന്‌, സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച ശേഷവും ചില ഘടകകക്ഷി നേതാക്കള്‍ ഞങ്ങളോട്‌ പറഞ്ഞിരുന്നു. വാക്ക്‌ പാലിക്കുന്നതില്‍ ബദ്ധശ്രദ്ധരായ അവര്‍ വാക്കുപാലിച്ചു. പി. ഡി. പി. യെപ്പറ്റി നിര്‍ണ്ണായകസമയത്ത്‌ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍ പറഞ്ഞ അഭിപ്രായവും എനിക്കെതിരെ മാധ്യമങ്ങള്‍ നടത്തിയ വ്യക്തിഹത്യയും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി-മഅദനി പറഞ്ഞു. പലയിടത്തും ഒരു ബൂത്തില്‍ 20 വോട്ട്‌ എന്ന നിലയ്‌ക്ക്‌ മറിച്ചതിന്‌ പി. ഡി. പി. തെളിവ്‌ ശേഖരിച്ചിട്ടുണ്ട്‌. തങ്ങള്‍ക്കെതിരെ ആദ്യവെടി പൊട്ടിച്ച ആര്‍. എസ്‌. പി. യുടെ മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്റെ മണ്ഡലത്തില്‍ യു. ഡി. എഫിന്‌ 16,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്‌. അവിടെ എന്തു നടന്നുവെന്ന്‌ അന്വേഷിക്കണം. ആര്‍. എസ്‌. പി. യുടെ മറ്റൊരു മണ്ഡലമായ ഇരവിപുരത്തും എല്‍. ഡി. എഫ്‌. പിന്നിലായി. തിരഞ്ഞെടുപ്പുഫലത്തിന്റെ അടിസ്ഥാനത്തില്‍ സി. പി. എമ്മും ഇടതുപക്ഷ സര്‍ക്കാരും വേണ്ട തിരുത്തലുകള്‍ നടത്തണമെന്നും മഅദനി ആവശ്യപ്പെട്ടു. പി. ഡി. പി. പിന്തുണച്ചതുകൊണ്ട്‌ ദോഷമുണ്ടായില്ലെന്ന്‌ മാത്രമല്ല, വന്‍ ആഘാതമുണ്ടാകാതെ എല്‍. ഡി. എഫ്‌. പിടിച്ചുനില്‍ക്കുകയും ചെയ്‌തു. സി. പി. ഐ. മത്സരിച്ച തിരുവനന്തപുരം മണ്ഡലത്തില്‍ പി. ഡി. പി. യെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. അതേസമയം സി. പി. എം. മത്സരിച്ച ആറ്റിങ്ങലില്‍ ബൂത്തുതലം മുതല്‍ പി. ഡി. പി. സജീവ പങ്കുവഹിച്ചു. അവിടെ എല്‍. ഡി. എഫ്‌. ജയിച്ചു. വയനാട്ടിലും വടകരയിലും യു. ഡി. എഫിന്‌ വന്‍ഭൂരിപക്ഷമുണ്ടായിട്ടും പൊന്നാനിയില്‍ ഭൂരിപക്ഷം എണ്‍പതിനായിരത്തോളം വോട്ടില്‍ ഒതുങ്ങിയത്‌ പി. ഡി. പി. യുടെ സാന്നിദ്ധ്യം കാരണമാണ്‌. സി. പി. എമ്മിനെ ദുര്‍ബലപ്പെടുത്താന്‍ സാമ്രാജ്യത്വ ചേരിക്ക്‌ കഴിഞ്ഞുവെന്നാണ്‌ തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള പ്രാഥമിക വിലയിരുത്തല്‍. മുസ്ല്‌ളിങ്ങളെ കമ്മ്യൂണിസ്റ്റ്‌ ശത്രുക്കളാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളും. തിരഞ്ഞെടുപ്പുഫലം വിലയിരുത്താന്‍ ജൂണ്‍ രണ്ടിന്‌ എറണാകുളം ടൗണ്‍ ഹാളില്‍ പ്രതിനിധി സമ്മേളനം ചേരുമെന്നും മഅദനി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.