സി.പി.ഐ.ക്ക് ആര്‍.എസ്.എസിന്‍റെ ഭാഷ : മഅദനി


കൊച്ചി: ആര്‍.എസ്‌.എസ്‌. ഭാഷയില്‍ സി.പി.ഐ. സംസാരിക്കുന്നത്‌ കേരളീയ സമൂഹത്തിന്‌ നാണക്കേടാണെന്ന്‌ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. തിരഞ്ഞെടുപ്പ്‌ പരാജയം യാഥാര്‍ഥ്യബോധത്തോടെ, വ്യക്തമായി വിലയിരുത്താതെ, മുസ്‌ലിം വിരുദ്ധത വളര്‍ത്തുന്ന മാധ്യമ തമ്പുരാക്കന്മാരെ പോലെയും ആര്‍.എസ്‌.എസ്സിന്റെ ഭാഷയിലും സി.പി.ഐ. സംസാരിക്കരുത്‌ - മഅദനി പറഞ്ഞു. ടൗണ്‍ഹാളില്‍ പാര്‍ട്ടി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ഡി.പി. പ്രസംഗിച്ചിടത്ത്‌ വോട്ട്‌ കുറഞ്ഞുവെന്നാണ്‌ വെളിയം ഭാര്‍ഗവന്‍ പറയുന്നത്‌. എന്നാല്‍ സി.പി.ഐ. മത്സരിച്ചിടത്തൊന്നും ഞങ്ങള്‍ പ്രസംഗിച്ചിട്ടില്ല. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന്‌ എം.ഐ. ഷാനവാസിനെ ജയിപ്പിച്ചത്‌ സി.പി.ഐ.യാണ്‌. തിരുവനന്തപുരത്ത്‌ ശശി തരൂരിന്‌ വന്‍ ഭൂരിപക്ഷം ലഭിച്ചതും പി.ഡി.പി. പ്രസംഗിച്ചിട്ടല്ല. ദേശീയതലത്തില്‍ സി.പി.ഐ.ക്കുണ്ടായ മുരടിപ്പിന്‌ കാരണം അവര്‍ തന്നെയാണ്‌. സി.പി.ഐ. സീറ്റ്‌ നാലായി കുറഞ്ഞത്‌ പി.ഡി.പി. ഇടതുമുന്നണിയെ പിന്തുണച്ചതുകൊണ്ടാണോ? പി.ഡി.പി. പ്രസംഗിച്ചതുകൊണ്ട്‌ സി.പി.ഐ.ക്കും സി.പി.എമ്മിനും ഒരു കോട്ടവും പറ്റിയിട്ടില്ല. ഐ.എസ്‌.എസ്സിന്റെ മണം വിട്ടുമാറാത്ത, പി.ഡി.പി. രൂപവത്‌കരിച്ച ഉടനെ, നടന്ന ഒറ്റപ്പാലം ഉപതിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഇടതുമുന്നണിയെ പിന്തുണച്ചിട്ടുണ്ട്‌. അന്ന്‌ വന്‍ ഭൂരിപക്ഷത്തിലാണ്‌ അവര്‍ ജയിച്ചത്‌. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി. ഇടതുമുന്നണിയെ പിന്തുണച്ചപ്പോള്‍ വന്‍ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌. സി.പി.ഐ. മന്ത്രിയായ സി. ദിവാകരന്‍ താന്‍ മഅദനിയുടെ കൂടി മന്ത്രിയാണെന്ന്‌ അന്ന്‌ പറഞ്ഞു - മഅദനി ഓര്‍മിപ്പിച്ചു. സി.പി.ഐ.യെ തൊടാന്‍ ഞങ്ങള്‍ക്ക്‌ താത്‌പര്യമില്ല. നിങ്ങളുടെ കൂടെ നില്‍ക്കുന്ന കാര്യത്തെക്കുറിച്ച്‌ ഞങ്ങളും ആലോചിച്ചുവരികയാണ്‌. ഡൈവോഴ്‌സാണോ, 'ഫസ്ഖ്‌ാണോ' വേണ്ടതെന്ന്‌ പറഞ്ഞാല്‍ മതി. ഇങ്ങനെ പോകുന്നത്‌ ഗുണമാണെന്ന്‌ തോന്നുന്നില്ല. എന്നാല്‍ പി.ഡി.പി. ബന്ധം ദോഷമാണെന്ന്‌ സി.പി.എം. പറയാത്തിടത്തോളം കാലം പ്രശ്‌നാധിഷുിതമായ, ക്രിയാത്മകമായ പിന്തുണ അവര്‍ക്ക്‌ നല്‍കും - മഅദനി പറഞ്ഞു. മുസ്‌ലിം ലീഗ്‌ ഇപ്പോള്‍ ഉന്മാദത്തിലാണ്‌. അവര്‍ക്ക്‌ പുതിയ കാമുകിയെ കിട്ടിയിട്ടുണ്ട്‌. ന്യൂനപക്ഷ സമുദായം മുഴുവന്‍ കേരളത്തിലാണോ? യു.പി.യില്‍ ആയിരം വോട്ടിന്‌ താഴെയാണ്‌ ലീഗിന്‌ ലഭിച്ചത്‌. തിരുവനന്തപുരത്ത്‌ 'ബൈക്കില്‍ കൊടി കെട്ടിയ' ചില ചെറുപ്പക്കാരെയും കണ്ടു. കോണ്‍ഗ്രസിന്‌ കുഴപ്പമില്ല. രണ്ടുപേര്‍ക്ക്‌ മാത്രമാണ്‌ കുഴപ്പമെന്നാണ്‌ അവര്‍ പറയുന്നത്‌. അവരടക്കം കേരളത്തിലെ മുസ്‌ലിങ്ങള്‍ മുഴുവന്‍ എതിര്‍ത്ത ഈ രണ്ടുപേരെ തന്നെ മന്ത്രിമാരാക്കിയ കോണ്‍ഗ്രസിനെക്കുറിച്ച്‌ ഇവര്‍ക്ക്‌ എന്താണ്‌ പറയാനുള്ളത്‌? രണ്ടു പതിറ്റാണ്ടിനു ശേഷം കോണ്‍ഗ്രസില്‍ നിന്ന്‌ വന്‍ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റില്‍ എത്തിയ മുസ്‌ലിം എം.ഐ. ഷാനവാസിനു പോലും അവര്‍ മന്ത്രിസ്ഥാനം നല്‍കിയിട്ടില്ല-മഅദനി പറഞ്ഞു. അഡ്വ. കെ.എ. ഹസ്സന്‍ അധ്യക്ഷത വഹിച്ചു. പൂന്തുറ സിറാജ്‌, ഹമീദ്‌ വാണിമേല്‍, വര്‍ക്കല രാജ്‌, കെ.എസ്‌. നാസര്‍, വള്ളിക്കുന്നം പ്രസാദ്‌, ഗഫൂര്‍ പുതുപ്പാടി, മൈക്കിള്‍കുട്ടി മാത്യു, മുഹമ്മദ്‌ റജീബ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മന്ത്രി എം.എ. ബേബിയുടെ ഓഫീസ്‌ പരിഷത്തിന്റെ അജണ്ട നടപ്പാക്കുന്നു - മഅദനി
കൊച്ചി: മന്ത്രി എം.എ. ബേബിയുടെ ഓഫീസ്‌ ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ അജണ്ട നടപ്പാക്കുന്നത്‌ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന്‌ അകന്നുപോകാന്‍ ഇടയാക്കുമെന്ന്‌ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. വിവാദം ഉണ്ടാക്കുന്ന ചില പാഠഭാഗങ്ങള്‍ വീണ്ടും വരുന്നുണ്ട്‌. കേരളത്തിലെ ജാതി-മത യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ മുന്നോട്ടുപോകാന്‍ സര്‍ക്കാരിന്‌ കഴിയണം. 99 ശതമാനം വിദ്യാര്‍ത്ഥികളും മത പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെന്ന ബോധ്യം എം.എ. ബേബിക്കും വിദ്യാഭ്യാസ വകുപ്പിനും വേണം. അംഗീകാരമില്ലാത്ത അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ്‌ പറയുന്നത്‌. കേരളത്തിലെ ജനങ്ങള്‍ വിഡ്‌ഢികളുടെ സ്വര്‍ഗത്തിലല്ലെന്ന്‌ ഓര്‍ക്കണം. അംഗീകാരമുള്ള അണ്‍ എയ്‌ഡഡ്‌ സ്‌കൂള്‍ മാനേജ്‌മെന്റിനെ സഹായിക്കാനേ ഈ നിലപാട്‌ ഉപകരിക്കൂ. നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഈ തീരുമാനം ബാധിക്കും - മഅദനി പറഞ്ഞു. ചില മന്ത്രിമാരുടെ ഓഫീസ്‌ ജനവികാരം മനസ്സിലാക്കാതെ ചിലരുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണ്‌-മ അദനി കൂട്ടിച്ചേര്‍ത്തു. അടിസ്ഥാനപരമായ ചില തിരുത്തലുകള്‍ സര്‍ക്കാരിന്‌ ആവശ്യമാണ്‌. ചെങ്ങറ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ രമ്യമായ പരിഹാരം കാണണം. മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കല്‍ പ്രശ്‌നത്തിനും പരിഹാരം കാണണം. മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം. പ്രശ്‌നങ്ങള്‍ 'നാക്കു'കൊണ്ട്‌ പരിഹരിച്ചാല്‍ പോരാ, പ്രവൃത്തികൊണ്ട്‌ പരിഹരിക്കണം - മഅദനി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.