തന്നെയും കുടുംബത്തെയും നാടുകടത്താനുള്ള നീക്കം ചെറുക്കും- മദനി


















ശാസ്‌താംകോട്ട: തന്നെയും കുടുംബത്തെയും നാടുകടത്താനുള്ള ഗൂഢാലോചന ചെറുക്കുമെന്ന്‌ പി.ഡി.പി.നേതാവ്‌ അബ്ദുള്‍ നാസര്‍ മഅദനി. സൂഫിയ മഅദനിയുടെ കാര്യത്തില്‍ കോടതി തീരുമാനം എന്തായാലും അത്‌ അംഗീകരിക്കുമെന്നും മഅദനി പറഞ്ഞു. കളമശ്ശേരി ബസ്‌കത്തിക്കല്‍ കേസില്‍ പത്താംപ്രതിയാക്കിയിട്ടുള്ള സൂഫിയ മഅദനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ വ്യാഴാഴ്‌ചയിലേക്ക്‌ മാറ്റിയതായുള്ള വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്ന്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കേസന്വേഷണത്തിന്റെപേരില്‍ അന്യസംസ്ഥാനത്തേക്ക്‌ കൊണ്ടുപോകാന്‍ ഇനിയും ശ്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതം എന്താകുമെന്ന്‌ പറയാനാകില്ല. മുമ്പ്‌, ചോദ്യംചെയ്യാനെന്നപേരില്‍ തന്നെ കൊണ്ടുപോയിട്ട്‌ ഒമ്പതരവര്‍ഷം കഴിഞ്ഞപ്പോഴാണ്‌ തിരികെ കേരളത്തില്‍ എത്തുന്നത്‌. അപ്പോഴാണ്‌ താന്‍ നിരപരാധിയാണെന്ന്‌ കണ്ടെത്തിയത്‌. ഇനിയുമത്‌ ആവര്‍ത്തിക്കാന്‍ കഴിയില്ല. കോടതികളിലും നീതിന്യായവ്യവസ്ഥകളിലും എനിക്ക്‌ വിശ്വാസമാണ്‌. അതിനാല്‍ എത്ര വൈകിയാണെങ്കിലും നീതി ലഭിക്കുമെന്ന വിശ്വാസവുമുണ്ട്‌.

തന്നെയും കുടുംബത്തെയും തീവ്രവാദികളായി ചിത്രീകരിക്കാന്‍ ഗൂഢാലോചനകള്‍ നടക്കുന്നു. എന്നാല്‍, അതിനുപിന്നില്‍ ആരാണെന്ന ചോദ്യത്തിന്‌ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. തങ്ങളെ തീവ്രവാദികളായി ചീത്രീകരിക്കുമ്പോള്‍ യഥാര്‍ഥ തീവ്രവാദികള്‍ രക്ഷപ്പെടുകയാണ്‌. അതിനാല്‍ ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരും മാധ്യമങ്ങളും തയ്യാറാകണം.

ചെറിയ കച്ചവടങ്ങള്‍ നടത്തിയിരുന്ന തടിയന്റവിട നസീര്‍ ഇത്രയും വലിയ തീവ്രവാദിയായതിനുപിന്നില്‍ ശക്തമായ തീവ്രവാദശക്തികളുണ്ടാകും. കേരളത്തിലും അവര്‍ക്ക്‌ കണ്ണികളുണ്ടാകാം. അവയെല്ലാം കണ്ടെത്തണം.

താന്‍ ഒരു യഥാര്‍ഥ മുസ്‌ലിം വിശ്വാസിയാണ്‌.ആത്മഹത്യ മുസ്‌ലിം വിശ്വാസം അംഗീകരിക്കാത്തതിനാലാണ്‌ അത്‌ ചെയ്യാത്തത്‌.എല്ലാം എന്നെങ്കിലും ശരിയാകുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിനെ ഭയമില്ല ; നിയമപരമായി നേരിടും
കൊല്ലം: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് നരേന്ദ്ര മോഡിയുടെ സ്വഭാവമാണെന്ന് അബ്ദുള്‍ നാസര്‍ മദനി. മോഡിയെപ്പോലെത്തന്നെ ഹിന്ദുത്വ അജണ്ടയുള്ള നേതാവാണ് ചെന്നിത്തലയെന്ന് മദനി ആരോപിച്ചു. ബിജെപിയും രമേശ് ചെന്നിത്തലയും ചേര്‍ന്നൊരുക്കിയ ഗൂഢാലോചനയുടെ ഫലമാണ് തനിക്കും ഭാര്യയ്ക്കും എതിരായ ആരോപണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. രമേശിന്റെ മനസിലെ മുസ്‌ലിം വിരുദ്ധ മനോഭാവമാണ് ആരോപണങ്ങളിലൂടെ പുറത്തുവരുന്നത്. നസീറിനെ ചോദ്യം ചെയ്യാന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ വിനോദ് കുമാര്‍ പോകണമെന്നാണ് താന്‍ ആഗ്രഹിച്ചത്. പക്ഷപാതമില്ലാത്ത ഓഫിസറാണ് വിനോദ് കുമാര്‍. സൂഫിയയെയും തന്നെയും വിനോദ് കുമാര്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. തീവ്രവാദത്തിനു താന്‍ ഒത്താശ ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞാല്‍ അറസ്റ്റ് വരിക്കാന്‍ തയാറാണെന്ന് മദനി പറഞ്ഞു.

മഅദനിയെ കരുവാക്കി യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ നീക്കം -പി.ഡി.പി.

കൊച്ചി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയിലേക്ക്‌ മാത്രം അന്വേഷണം തിരിച്ചുവിട്ട്‌ തീവ്രവാദ കേസുകളിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ്‌ നീക്കം നടക്കുന്നതെന്ന്‌ പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി പത്രസമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടകത്തിലെ സംഘപരിവാര്‍ സര്‍ക്കാരിനെ ഉപയോഗിച്ച്‌ മഅദനിയെ കുടുക്കാനാണ്‌ ഇപ്പോള്‍ നീക്കം നടക്കുന്നത്‌. ആര്‍.എസ്‌.എസ്സിനേക്കാളും വലിയ മുസ്‌ലിം വിരോധമാണ്‌ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്‌. മഅദനിക്കും സൂഫിയ മഅദനിക്കുമെതിരായ കള്ളപ്രചാരണങ്ങളെ രാഷ്‌ട്രീയമായും നിയമപരമായും നേരിടും. ബാഹ്യസമ്മര്‍ദത്തിലൂടെയാണ്‌ സൂഫിയ പ്രതി ചേര്‍ക്കപ്പെട്ടത്‌. തീവ്രവാദ സ്വഭാവമുള്ള പകുതിയിലധികം കേസുകള്‍ നടന്നത്‌ യു.ഡി.എഫ്‌. ഭരണകാലത്താണ്‌. കളമശ്ശേരി ബസ്‌ കത്തിക്കലും, കോഴിക്കോട്‌ ഇരട്ട സ്‌ഫോടനവും, മാറാട്‌ കലാപവുമെല്ലാം നടന്നത്‌ യു.ഡി.എഫിന്റെ ഭരണകാലത്താണ്‌. മഅദനിയെ സംരക്ഷിക്കുന്നത്‌ ഇടതുപക്ഷമാണെന്ന്‌ പറയുന്നത്‌ എന്തടിസ്ഥാനത്തില്‍ ആണെന്നറിയില്ല. സത്യാവസ്ഥ ജനങ്ങളെ അറിയിക്കാന്‍ 31 വരെ സംസ്ഥാന വ്യാപകമായി പി.ഡി.പി. പ്രതിഷേധ കൂട്ടായ്‌മകള്‍ സംഘടിപ്പിക്കും. ഞായറാഴ്‌ച കൊല്ലത്ത്‌ നടക്കുന്ന സംസ്ഥാന നേതൃയോഗം ഭാവിപരിപാടികള്‍ ചര്‍ച്ചചെയ്യും. പി.ഡി.പി. വൈസ്‌ ചെയര്‍മന്‍ വര്‍ക്കല രാജ്‌, സംസ്ഥാന ട്രഷറര്‍ അജിത്‌കുമാര്‍, സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌കുട്ടി, സെക്രട്ടേറിയറ്റംഗം കെ. മുജീബ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

ശാസ്താംകോട്ട: പി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാന്‍ നീക്കമെന്ന് ആരോപിച്ച് പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.പി.ഡി.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൈനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയില്‍ നിന്നാരംഭിച്ച പ്രകടനം ശാസ്താംകോട്ടയില്‍ എത്തി തിരികെ അന്‍വാര്‍ശ്ശേരിയില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ശാസ്താംകോട്ടയില്‍ നടന്ന യോഗം പി.ഡി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് യു.കെ.അബ്ദുല്‍ റഷീദ് മൗലവി ഉദ്ഘാടനം ചെയ്തു. പി.ഡി.പി. ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ അധ്യക്ഷത വഹിച്ചു. സുബൈര്‍ സഖാഫി, സാബു കൊട്ടാരക്കര, ശശികുമാര്‍, അബ്ദുല്‍ സലാം, ഷാജി പത്തനാപുരം, സുനില്‍ കേരളപുരം, യഹിയ എന്നിവര്‍ പ്രസംഗിച്ചു.

പി.ഡി.പി പ്രതിഷേധം ശക്തമാക്കും

മലപ്പുറം:പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനിക്കും കുടുംബത്തിനും പി.ഡി.പിക്കുമെതിരെ നടക്കുന്ന ഗൂഢാലോചനക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പി.ഡി.പി ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ഏതുതരം അന്വേഷണത്തെയും സ്വാഗതംചെയ്യുന്നു. കേസുകളെ നിയമപരമായും നേരിടും. എന്നാല്‍ കുതന്ത്രങ്ങള്‍ക്ക് വഴങ്ങാനോ നോക്കിനില്‍ക്കാനോ പാര്‍ട്ടി തയ്യാറല്ല.'ജനാധിപത്യപ്രതിരോധം' എന്ന മുദ്രാവാക്യവുമായി ഡിസംബര്‍ 14ന് മണ്ഡലം ആസ്ഥാനങ്ങളില്‍ പ്രകടനങ്ങള്‍ നടത്തും. 18നും 25നും തിരൂരും, മഞ്ചേരിയിലും മേഖലാ സമ്മേളനങ്ങളും സംഘടിപ്പിക്കും.ജില്ലാപ്രസിഡന്റ് എം.ഇബ്രാഹിം തിരൂരങ്ങാടി, സെക്രട്ടേറിയറ്റ് അംഗം വേലായുധന്‍ വെന്നിയൂര്‍, അഡ്വ. ഷംസുദ്ദീന്‍, ഷക്കീര്‍ പയ്യനങ്ങാടി, മുഹമ്മദ് സഹീര്‍, ജാഫര്‍അലി ദാരിമി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.