ഭയപ്പെടുത്തി പിന്മാറ്റാമെന്നു മാധ്യമങ്ങള്‍ കരുതരുത് - അബ്ദുല്‍ നാസ്സര്‍ മഅദനി

തിരുവനന്തപുരം: പേടിപ്പിച്ച് ആരെയും കീഴടക്കാമെന്ന് മാധ്യമ സുഹൃത്തുക്കള്‍ ധരിക്കേണ്ടെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പറഞ്ഞു. നിരപരാധിയാണെന്ന വിശ്വാസം തനിക്കുണ്ട്. ഇവിടെ നടന്ന ഒരക്രമത്തിലും എനിക്ക് പങ്കില്ല്ല. എന്നാല്‍ കുടുക്കിക്കളയുമെന്ന ഭീഷണിയൊന്നും വേണ്ട. സംസ്കാരം വളര്‍ത്തുന്നുവെന്ന പേരില്‍ മതേതര വിരുദ്ധ സംസ്കാരം പ്രചരിപ്പിക്കുന്നത് ഒരു പത്രത്തിന് യോജിച്ചതല്ല.

പര്‍ദ ധരിച്ച ചിത്രം വരച്ചിട്ട് അത് അന്ധകാരത്തിലേക്ക് നയിക്കുമെന്ന് പറയുന്നത് ഏത് സംസ്കാരമാണ്. വിശ്വാസങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും മഅ്ദനി കൂട്ടിച്ചേര്‍ത്തു. വിചാരണ, തമസ്കരണം, വാര്‍ത്ത വലുതാക്കള്‍, ചെറുതാക്കല്‍ എന്നിവയാണ് മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
 'ഒരൊറ്റ രാഷ്ട്രം ഇരട്ട നീതി ' എന്ന വിഷയത്തില്‍ മൈനോറിറ്റി റൈറ്റ്സ് വാച്ച് സംഘടിപ്പിച്ച മനുഷ്യാവകാശ സംരക്ഷണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മഅദനി.

ഇവിടെ നടക്കുന്നത് കോടതി വിചാരണയല്ല, മറിച്ച് മാധ്യമവിചാരണയാണ്. മാധ്യമവിചാരണ പാടില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ വേളയില്‍ കേസിന്റെ വിശദാംശങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തരുതെന്ന നിര്‍ദേശവുമുണ്ട്. എന്നാല്‍ അതൊന്നും പാലിക്കപ്പെടുന്നില്ല അദ്ദേഹം പറഞ്ഞു.സൂഫിയക്കെതിരെ കേസ് വന്നപ്പോള്‍ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയവര്‍ സിഖ് കൂട്ടക്കൊലക്ക് കുറ്റവിമുക്തനാക്കിയ വാര്‍ത്തചരമകോളത്തിലൊതുക്കി.മാതൃഭൂമി പത്രത്തിനൊപ്പം പഠിപ്പിക്കുന്ന സംസ്കാരം ഒരിക്കലും മുസ്ലിം വിരുദ്ധമാവരുത്.മതേതരത്വത്തെ ചോദ്യം ചെയ്യുന്ന പത്രത്തെ അനുകൂലിക്കാന്‍ നിവൃത്തിയില്ല. കോയമ്പത്തൂര്‍ കലാപവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ ഒരാളുടെ പേരിലും ദേശ സുരക്ഷാ നിയമം ചുമത്തിയില്ല. കലാപത്തില്‍ അറസ്റ്റു ചെയ്യപെട്ട ആര്‍ക്കും തൊണ്ണൂറു ദിവസത്തില്‍ കൂടുതല്‍ ജയിലില്‍ കഴിയേണ്ടി വന്നിട്ടുമില്ല. എന്നാല്‍ ലൈസന്‍സുള്ള കടയില്‍ നിന്ന് വില്പന നടത്തിയ വ്രദ്ധന്റെ പേരില്‍ ദേശ സുരക്ഷാ നിയമം ചുമത്തി എന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ മാധ്യമ നിരീക്ഷകന്‍ ഭാസുരേന്ദ്ര ബാബു,അഡ്വ.കേശവന്‍, അഡ്വ.കെ.പി.മുഹമ്മദ്‌, അഡ്വ.എസ്.ഷാനവാസ്, പി.ജ്യോതിഷ്, കെ.സജിത്ത്, റെനി ഐലിന്‍ എന്നിവര്‍ സംസാരിച്ചു.

'കള്ളം പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും: 'മണിയെ പോലീസ്‌ മര്‍ദിച്ച്‌ മൊഴി മാറ്റിച്ചു: മഅ്‌ദനി


ആലപ്പുഴ:തനിക്കും ഭാര്യ സൂഫിയയ്‌ക്കും പാര്‍ട്ടിക്കുമെതിരേ പച്ചക്കള്ളം പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു പി.ഡി.പി. ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅ്‌ദനി. പി.ഡി.പി. ഉന്നതാധികാരസമിതി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം മാധ്യമങ്ങള്‍ക്കെതിരേ പ്രസ്‌ കൗണ്‍സിലിനെ സമീപിക്കുമെന്നു മഅ്‌ദനി പറഞ്ഞു. ''പോള്‍ എം. ജോര്‍ജ്‌ വധക്കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച മാധ്യമങ്ങള്‍ എനിക്കെതിരേ പോലീസ്‌ പറയുന്നതപ്പാടെ വിശ്വസിക്കുന്നു. എനിക്കും കുടുംബത്തിനുമെതിരായ ആഗോള ഗൂഢാലോചനയുടെ ഭാഗമാണ്‌ ഇപ്പോഴത്തെ പീഡനങ്ങള്‍.ഇതില്‍ രാഷ്‌ട്രീയനേതാക്കള്‍ക്കും ഉന്നതോദ്യോഗസ്‌ഥര്‍ക്കും ബന്ധമുണ്ട്‌. മണിയെന്ന യൂസഫ്‌ മൊഴി മാറ്റിയതു പോലീസ്‌ മര്‍ദനം മൂലമാണ്‌.

കോയമ്പത്തൂര്‍ ജയിലില്‍ എന്റെ സഹായിയായിരുന്ന യൂസഫിനു ശിക്ഷ കഴിഞ്ഞപ്പോള്‍ പോകാന്‍ മറ്റിടമില്ലാത്തതിനാലാണു സൂഫിയയുടെ അടുത്തേക്കു പറഞ്ഞുവിട്ടത്‌. യൂസഫ്‌ എന്നോടു പറഞ്ഞതു പോലീസ്‌ മര്‍ദിക്കുകയും മലയാളത്തില്‍ എന്തൊക്കെയോ എഴുതിയ കടലാസില്‍ ഒപ്പിടീക്കുകയും ചെയ്‌തെന്നാണ്‌.

കോടതിയില്‍ സത്യം തുറന്നുപറഞ്ഞ മണിയെ വലിച്ചിഴച്ചാണു പോലീസ്‌ കൊണ്ടുപോയത്‌. ഇതെന്താ ഗുജറാത്താണോ?''- മഅ്‌ദനി ചോദിച്ചു. സൂഫിയ എന്ന്‌ ഉത്തരം കിട്ടത്തക്കവിധമാണു മണിയോട്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചത്‌.

നിരാഹാര പ്രഖ്യാപനം പ്രേരിപ്പിച്ചത് മാധ്യമ ഭീകരത -മഅ്ദനി

ശാസ്താംകോട്ട: സംസ്ഥാനത്തെ ഒരു വിഭാഗം മുഖ്യധാരാ മാധ്യമങ്ങള്‍ തനിക്കും കുടുംബത്തിനുമെതിരെ പെരുംനുണകള്‍ നിരന്തരം പടച്ചുവിടുകയും തന്റെയും കുടുംബത്തിന്റെയും നാശം കാണാന്‍ കൊതിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ചേര്‍ന്നുനില്‍ക്കുകയും ചെയ്തതില്‍ സഹികെട്ടാണ് നീതിതേടി മക്കള്‍ക്കൊപ്പം നിരാഹാരസമരത്തിന് തുനിഞ്ഞതെന്ന് അബ്ദുന്നാസിര്‍ മഅ്ദനി. ജമാഅത്തെ ഇസ്ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്ത് ഫെഡറേഷന്‍ എന്നിവയും നിരവധി മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സമര തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന നേതൃയോഗത്തില്‍ കൈക്കൊള്ളുമെന്നും അന്‍വാര്‍ശേãരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സൂഫിയക്ക് ജാമ്യം കിട്ടിയതിന് ദൈവത്തിന് സ്തുതി. നീതിപീഠത്തിന്റെ നീതിബോധത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു.പ്രതിസന്ധി ഘട്ടത്തില്‍ ജാതിമതഭേദമന്യേ പിന്തുണയുമായെത്തിയ എല്ലാവരോടും നന്ദിയുണ്ട്.ഒരുവിഭാഗം മാധ്യമങ്ങള്‍ എന്തിനുവേണ്ടിയാണ് കള്ളക്കഥകള്‍ പ്രചരിപ്പിച്ച് വേട്ടയാടുന്നതെന്ന് അറിയില്ല.മുത്തൂറ്റ് പോള്‍ വധക്കേസില്‍ പൊലീസിന്റെ കള്ളക്കളി തുറന്നുകാട്ടാന്‍ മല്‍സരിക്കുന്ന മാധ്യമങ്ങളില്‍ ചിലത് മഅ്ദനിയുടെ കാര്യമെത്തുമ്പോള്‍ പൊലീസിനൊപ്പം ചേര്‍ന്ന് നുണ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ 17ന് പൊലീസില്‍ കീഴടങ്ങിയ സൂഫിയ യാത്രാക്ഷീണവും രോഗപീഡയാലും രാത്രി 9.30ന് ഉറങ്ങിയെങ്കില്‍ മാധ്യമങ്ങള്‍ പറഞ്ഞത് രാത്രി 11.30ന് ചോദ്യം ചെയ്യലിന് വിധേയയായി എന്നാണ്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പഴകി ദ്രവിച്ച മുറിയില്‍ വിയര്‍ത്തൊലിച്ചുകിടന്ന സൂഫിയ എ.സി മുറിയിലാണ് കിടന്നതെന്നുവരെ പ്രചരിപ്പിച്ചു. ഇനിയും എന്തൊക്കെ ചെയ്താല്‍ ഇവര്‍ക്കൊക്കെ സമാധാനം കിട്ടും? ജനാധിപത്യ പ്രസ്ഥാനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ പ്രശ്നത്തില്‍ സജീവമായി ഇടപെടുകയും പൊതുസമൂഹം ഒരു പരിധി വരെ ഇത് ഏറ്റെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിരാഹാര സമരം സംബന്ധിച്ച് പുനരാലോചന നടത്തണമെന്ന് കഴിഞ്ഞ ദിവസം രാവിലെ തന്നെ സന്ദര്‍ശിച്ച ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍, സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുല്‍ റഹ്മാന്‍ പെരിങ്ങാടി, മീഡിയ സെക്രട്ടറി സി. ദാവൂദ് എന്നിവര്‍ ആവശ്യപ്പെട്ടതായും മഅ്ദനി അറിയിച്ചു. വൈകുന്നേരം സന്ദര്‍ശിച്ച ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൌലവി, ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി. മുഹമ്മദ് എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചു. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ നിലപാട് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് എറണാകുളത്ത് ചേരുന്ന പാര്‍ട്ടി നേതൃയോഗത്തിന്റെ തീരുമാനത്തിന് വിടാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. തനിക്കും കുടുംബത്തിനുമെതിരെയുള്ള ഗൂഢാലോചനയില്‍ പങ്കാളികളായ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ വൈകാതെ തന്നെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.