പൊലീസ് ഭീഷണി തുടരുന്നു; അബ്ദുല്‍ നാസ്സര്‍ മഅദനി

തിരുവനന്തപുരം: പൊലീസിലെ കീഴ്തലത്തിലുള്ള ഓഫിസര്‍മാര്‍ തന്റെ സഹപ്രവര്‍ത്തകരെയും പി.ഡി.പിയിലെ പ്രമുഖരെയും ഭീഷണിപ്പെടുത്തിയും വിരട്ടിയും പ്രലോഭിപ്പിച്ചും അവരെ തന്നില്‍നിന്നും പാര്‍ട്ടിയില്‍നിന്നും അകറ്റാനുള്ള ശ്രമം ശക്തമാക്കിയിരിക്കുകയാണെന്ന് അബ്ദുന്നാസിര്‍ മഅ്ദനി.കഴിഞ്ഞ രണ്ടു ദിവസമായി പാര്‍ട്ടിയുടെ പ്രധാന നേതാക്കളെ തേടിപ്പിടിച്ച് ഭയപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. തന്റെ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് അവര്‍ നടത്തുന്നത്. കേരളാ പൊലീസിലെ ഉയര്‍ന്ന ഓഫിസര്‍മാര്‍ക്കോ രാഷ്ട്രീയ നേതൃത്വത്തിനോ ഇതില്‍ പങ്കില്ല. എന്‍.ഐ.എയുടെയും കര്‍ണാടക പൊലീസിന്റെയും നിര്‍ദേശപ്രകാരമാണിത് ചെയ്യുന്നതെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മഅ്ദനി 'മാധ്യമ'ത്തോട് പറഞ്ഞു.

തന്നെയോ ഭാര്യ സൂഫിയയെയോ അറസ്റ്റ് ചെയ്യുന്ന പക്ഷം അതിനെതിരെ പ്രതികരിക്കാനിടയുള്ളവരെ തന്നില്‍നിന്ന് അകറ്റാനും വിരട്ടാനുമാണ് അവര്‍ ശ്രമിക്കുന്നത്. ചിലരുടെ വീടിനു മുന്നിലൂടെ കര്‍ണാടക പൊലീസിന്റെ വാഹനങ്ങള്‍ കറങ്ങിനടക്കുന്നു.
 ഇവരുടെ പേരുകള്‍ എഴുതിയ പട്ടിക ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തി അവരെ കാണിച്ച് ഭയപ്പെടുത്തുന്നു. വലിയൊരു ഗൂഢാലോചന ഇതിനു പിന്നില്‍ നടക്കുന്നതായാണ് താന്‍ കരുതുന്നത്. ഇങ്ങനെയൊക്കെ പീഡിപ്പിക്കാന്‍ താന്‍ എന്തു പാപമാണ്ചെയ്തതെന്ന് മഅ്ദനി ചോദിച്ചു. 1992ലെ പ്രത്യേക സാഹചര്യത്തിലാണ് ഐ.എസ്.എസ് ഉണ്ടാക്കിയത്. അന്ന് കുറച്ച് ശക്തമായ ഭാഷയില്‍ താന്‍ സംസാരിച്ചിട്ടുണ്ട്. എങ്കിലും മുസ്ലിം യുവാക്കളെ തീവ്രവാദത്തില്‍നിന്ന് അകറ്റിനിറുത്താനാണ് പ്രസ്ഥാനം കൊണ്ടുകഴിഞ്ഞത്. ബാബരി മസ്ജിദ് തകര്‍ന്നതിനെതുടര്‍ന്ന് ഐ.എസ്.എസ് പിരിച്ചുവിട്ട് പി.ഡി.പി ഉണ്ടാക്കി. ഈ യുവാക്കളെ അങ്ങനെ മതേതര ജനാധിപത്യ ചട്ടക്കൂടിലാക്കി. താന്‍ ജയിലില്‍ പോകുന്നതുവരെ ഇവരാരും ഏതെങ്കിലും തീവ്രവാദ പ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ പെട്ടിട്ടില്ല. പിന്നീട് തന്നോടും തന്റെ കുടുംബത്തോടും അനീതി കാട്ടുന്നു എന്ന തോന്നലിനെ തുടര്‍ന്നാകാം ഇവരില്‍ വിരലിലെണ്ണാവുന്ന ചിലര്‍ ആ വഴിയിലേക്ക് പോയിരിക്കുക. താന്‍ ജയിലില്‍നിന്ന് തിരിച്ചുവന്നശേഷം പലരെയും തെറ്റായ വഴിയില്‍നിന്ന് തിരിച്ചു കൊണ്ടുവരാന്‍ ഏറെ ശ്രമിക്കുകയും ചെയ്തു.

ഒമ്പതര വര്‍ഷത്തെ ജയില്‍വാസത്തിനൊടുവില്‍ നിരവധി രോഗങ്ങളും കടുത്ത അനാരോഗ്യവുമായാണ് അവിടെ നിന്നിറങ്ങി വന്നത്. ഇനിയും പീഡിപ്പിക്കാനാണ് ശ്രമമെങ്കില്‍ പീഡിപ്പിക്കട്ടെ. അങ്ങനെ തീവ്രവാദം അവസാനിപ്പിക്കാമെന്നാണ് കരുതുന്നതെങ്കില്‍ എന്തു ചെയ്യാനാണ്?

ജയിലില്‍ തന്നോടൊപ്പമുണ്ടായിരുന്ന പല മലയാളി തടവുകാരെയും അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും തനിക്കെതിരെ സാക്ഷിയാക്കാന്‍ ശ്രമം നടന്നു. ഒന്നും വിജയിച്ചില്ല. ഇനി ഏതെങ്കിലും ഒരണ്ണാച്ചി തടവുകാരനെയെങ്കിലും കൊണ്ടുവന്ന് തനിക്കെതിരെ തെളിവുണ്ടാക്കുമെന്ന് ചില ഉദ്യോഗസ്ഥര്‍ ഈ മലയാളി തടവുകാരോട് പറഞ്ഞുവത്രെ. കോയമ്പത്തൂര്‍ ജയിലില്‍ താന്‍ രഹസ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. അല്‍ഉമ്മയുടെ നേതാവ് പാഷയുമായി താന്‍ ചര്‍ച്ച നടത്താറുണ്ടായിരുന്നുവെന്നും പുറത്തേക്ക് രഹസ്യമായി ഫോണ്‍ ചെയ്യാറുണ്ടായിരുന്നു വെന്നും ഫോണ്‍ അവിടെ ഒരു മരപ്പൊത്തിലാണ് ഒളിപ്പിച്ചിരുന്നതെന്നും പറയിക്കാന്‍ പലരെയും പ്രേരിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു. ആ ജയിലില്‍ ജാമറുണ്ടായിരുന്നു. മാത്രമല്ല, കടുത്ത സുരക്ഷാ സന്നാഹത്തിന്റെ നടുക്ക് കഴിഞ്ഞ തനിക്ക് എങ്ങനെയാണ് ഫോണ്‍ വിളിക്കാനാകുക? എങ്ങനെയാണ് മറ്റു തടവുകാരുമായി സംസാരിക്കാനാകുക?

തടിയന്റവിട നസീറില്‍നിന്ന് കിട്ടിയ തെളിവുവെച്ചാണ് തന്നെ അറസ്റ്റ്ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് പറയുന്നു. കളമശേãരി ബസ് കത്തിക്കല്‍ കേസുമായി തനിക്കോ സൂഫിയക്കോ ഒരു ബന്ധവുമില്ലെന്ന് നസീര്‍പൊലീസിനോട് പറഞ്ഞതായാണ് താന്‍ മനസ്സിലാക്കുന്നത്. നസീറിനെ ബസ് കത്തിക്കലുമായി ബന്ധപ്പെട്ട് കേരള പൊലീസ് ചോദ്യം ചെയ്തിട്ടില്ല. താന്‍ ജയിലിലായിരിക്കെ തന്റെ വീട്ടില്‍ ജോലിക്ക് നിന്ന ഒരു പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ടു മാത്രമാണ് സൂഫിയ ഇയാളെ ഫോണ്‍ ചെയ്തിട്ടുള്ളത്. ഇക്കാര്യം പലതവണ വെളിപ്പെടുത്തിയിട്ടുമുണ്ട്. തനിക്കും സൂഫിയക്കുമെതിരെ 13 കാര്യങ്ങള്‍ എഴുതിവാങ്ങി കോടതിയില്‍ ഹാജരാക്കി അറസ്റ്റ് ചെയ്യാനാണ് ശ്രമം. ഇതു സമ്മതിച്ചാല്‍ മാപ്പുസാക്ഷിയാക്കാമെന്ന വാഗ്ദാനം നല്‍കിയെങ്കിലും അയാള്‍ സമ്മതിച്ചിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്നും മഅ്ദനി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.