കൊല്ലം: പ്രവാസികളെ സെന്‍സസില്‍ ഉള്‍പ്പെടുത്താനും അവര്‍ക്ക് വോട്ടവകാശം അനുവദിക്കാനും തയ്യാറാകാത്ത കേന്ദ്രസര്‍ക്കാറിന്റെ സമീപനം പ്രതിഷേധമാണെന്ന് പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസികളില്‍ മേല്‍ത്തട്ടുകാരും കീഴ്ത്തട്ടുകാരും ഉണ്ട്. മേല്‍ത്തട്ടിലെ വലിയൊരു വിഭാഗം ഇന്ത്യന്‍ പൗരത്വംതന്നെ അപമാനമായി കരുതുന്നവരാണ്.എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന കീഴ്ത്തട്ടുകാര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരാണ്.അവരെ സെന്‍സസില്‍ ഉള്‍പ്പെടുത്താത്തതും വോട്ടവകാശം അനുവദിക്കാത്തതും ജനാധിപത്യവിരുദ്ധവും നീതിനിഷേധവുമാണെന്ന് ഗഫൂര്‍ കുറ്റപ്പെടുത്തി.
ഇതില്‍ പ്രതിഷേധിച്ച് പി.ഡി.പി.യും പ്രവാസി സംഘടനയായ പി.സി.എഫും ചേര്‍ന്ന് 19ന് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.രാവിലെ 10ന് പാര്‍ട്ടി നയരൂപവത്കരണസമിതി ചെയര്‍മാന്‍ സി.കെ.അബ്ദുല്‍ അസീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
കേരളത്തില്‍ നന്ദിഗ്രാം മോഡല്‍ സൃഷ്ടിച്ച് സര്‍ക്കാര്‍വിരുദ്ധ വികാരം ഇളക്കാന്‍ യു.ഡി.എഫും ബി.ജെ.പി. യും നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ് കിനാലൂര്‍ സംഭവമെന്ന് ഗഫൂര്‍ പുതുപ്പാടി ആരോപിച്ചു. പാര്‍ട്ടിയുടെ സംഘടനാതിരഞ്ഞെടുപ്പ് ആഗസ്ത് 10നകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് റജീബ്, സി.എച്ച്.അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ, സെക്രട്ടറി സുനില്‍ ഷാ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ