കൊച്ചി:ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയുന്ന അവസാനത്തെ വ്യക്തിയും മോചിതനാകുന്നതുവരെ മനുഷ്യാവകാശ പോരാളികള്‍ തളരരുതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എസ്.എ.ആര്‍.ഗീലാനി.മനുഷ്യാവകാശപ്പോരാളികള്‍ തളര്‍ന്നാല്‍ മതേതരത്വത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും തളര്‍ന്നു എന്നാണ് അര്‍ഥം.
അതിനാല്‍, ഫാഷിസത്തിനെതിരെ പോരാടുന്നവര്‍ തളരാതെ മുന്നേറണം. ജസ്റ്റിസ് ഫോര്‍ മഅദനി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 'മഅദനി നീതി നിഷേധത്തിന്റെ ഇര' എന്ന പ്രമേയവുമായി എറണാകുളത്ത് നടത്തിയ മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്ദുന്നാസിര്‍ മഅദനിയടക്കം രാജ്യത്ത് നിരവധി നിരപരാധികള്‍ ജയിലില്‍ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പോരാട്ടങ്ങള്‍ കേരളത്തില്‍മാത്രം ഒതുക്കിനിര്‍ത്താതെ ദല്‍ഹിയടക്കം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ മതേതരത്വ പാതയിലൂടെ സഞ്ചരിക്കുന്ന ദക്ഷിണേന്ത്യയും സമീപകാലത്തായി ഗുജറാത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നുവെന്നത് അസ്വസ്ഥതയുണ്ടാക്കുന്നു.
മഅദനിയുടെ ജയില്‍വാസം ജനാധിപത്യ സംരക്ഷണത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പ്രശ്‌നമാണ്. ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ മഅദനിയെ നിരപാരാധിയെന്നുകണ്ട് വിട്ടയച്ച അതേ സംവിധാനങ്ങള്‍തന്നെയാണ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത് ബംഗളൂരു ജയിലില്‍ അടച്ചിരിക്കുന്നത്. കോയമ്പത്തൂര്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം പൊലീസ് കാവലില്‍ കഴിഞ്ഞ മഅദനി സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്‌തെന്ന ആരോപണംതന്നെ നിയമ വ്യവസ്ഥകളെ നോക്കുകുത്തിയാക്കുന്നതിന് തുല്യമാണ്.
ജനങ്ങളില്‍ പരസ്‌പരം ഭയം കുത്തിവെക്കുന്ന പൊലീസിന്റെ ഇപ്പോഴത്തെ രീതി അപകടകരമാണ്. കുറ്റകൃത്യം നടന്നാല്‍,ബന്ധങ്ങളും മറ്റും അന്വേഷിച്ച് തെളിവുകളുണ്ടാക്കി ഒടുവില്‍ പ്രതികളെ കണ്ടെത്തുന്നതായിരുന്നു മുമ്പത്തെ രീതി. എന്നാല്‍, സംഭവമുണ്ടായാല്‍, ആദ്യം പ്രതികളാരെന്ന് നിശ്ചയിച്ച് പിന്നീട് അതിനനുസരിച്ച് തെളിവുകളും സാഹചര്യങ്ങളും സൃഷ്ടിക്കുന്ന രീതിയാണ് ഇപ്പോള്‍.
തങ്ങള്‍ പ്രതികളെന്ന് പ്രഖ്യാപിക്കുന്നവരെ ഭീകരന്മാരായി മുദ്രകുത്താന്‍ എല്ലാവിധ മാധ്യമങ്ങളെയും അവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. മാധ്യമങ്ങളില്‍ക്കൂടി കഥകള്‍ പടച്ചുവിടുകയാണ് പൊലീസ് ചെയ്യുന്നത്. അബ്ദുന്നാസിര്‍ മഅദനി ഭീകര കൃത്യങ്ങളുടെ സിരാ കേന്ദ്രമാണെന്ന രൂപത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഇതിന്റെ ഭാഗമാണ്. താനും ഇത്തരം മാധ്യമ പ്രചാരണങ്ങളുടെ ഇരയാണെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ അധ്യക്ഷത വഹിച്ചു.
കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മഅ്ദനി മോചിതനായപ്പോള്‍ ഇനി ഇന്ത്യയില്‍ ഇത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാവില്ലെന്ന് വെറുതെയെങ്കിലും മോഹിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, അതേ വ്യക്തിയെത്തന്നെ വീണ്ടും ഭരണകൂടം ജയിലിലടച്ചു. കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരു ജയിലിലേക്ക് മാറിയെന്ന വ്യത്യാസം മാത്രം. ജയിലില്‍ കഴിയുന്ന മഅദനിക്ക് എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കുകയാണെന്ന് ഈയിടെ ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ വ്യക്തമായി.
രാപ്പകല്‍ കാമറകളുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. സമൂഹം ജാഗ്രത്തായിരുന്നില്ലെങ്കില്‍, ഭരണകൂടത്തിന് അനഭിമതനായ ആരും ഭീകരവാദിയെന്ന് മുദ്രകുത്തി പീഡിപ്പിക്കപ്പെടാമെന്നതിന് തെളിവാണ് മഅദനിയെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തി. 1991 ന് ശേഷമുള്ള മുഴുവന്‍ സ്‌ഫോടന സംഭവങ്ങളിലും പുനരന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുനരന്വേഷണം നടത്തിയ സംഭവങ്ങളിലെല്ലാം ജയിലില്‍ കിടക്കുന്ന നിരപരാധികള്‍ മോചിപ്പിക്കപ്പെടുകയും യഥാര്‍ഥ പ്രതികള്‍ അകത്താവുകയും ചെയ്തിട്ടുണ്ട്. മക്കാ മസ്ജിദ്, മാലേഗാവ്, അജ്മീര്‍ തുടങ്ങിയ സ്‌ഫോടന സംഭവങ്ങളിലെല്ലാം ഇത് വ്യക്തമായതാണ്. അങ്ങനെയാണ് കേണല്‍ പുരോഹിതും പ്രജ്ഞാ സിങും സ്വാമി അസിമാനന്ദയുമെല്ലാം കുടുങ്ങിയത്. 1991 ല്‍ ഇന്ത്യയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചതുമുതലാണ് മൊസാദ് ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപകമാക്കിയതും ന്യൂനപക്ഷങ്ങള്‍ വ്യാപകമായി വേട്ടയാടപ്പെടാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി മുഹമ്മദ്, പേഴ്‌സണല്‍ ലോ ബോര്‍ഡംഗം അബ്ദുല്‍ ശുക്കൂര്‍ മൗലവി, പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലി, ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് ഡോ. നീലലോഹിതദാസന്‍ നാടാര്‍, ഐ.എന്‍.എല്‍ ട്രഷറര്‍ ഡോ.എ.എ അമീന്‍, ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍, കാഞ്ഞാര്‍ അബ്ദുറസാഖ് മൗലവി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.എ. സലിം സ്വാഗതവും മഅ്ദനി ഫോറം ജോ. കണ്‍വീനര്‍ പി. മുജീബ് റഹ്മാന്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ