അജ്മീര്‍ സ്ഫോടനം കേരളത്തിലെ സംഘ പരിവാര്‍ നേതാക്കളുടെ പങ്ക് അന്വേഷിക്കണം : പി.ഡി.പി.

കൊല്ലം : അജ്മീര്‍ സ്ഫോടനമുള്‍പ്പെടെ രാജ്യത്ത് നടന്ന സ്ഫോടനങ്ങളില്‍ കേരളത്തിലെ സംഘ പരിവാര്‍ സംഘടനകളുടെ ബന്ധം അന്വേഷിക്കണമെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിവിധ സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ സുരേഷ് നായരെയും ഒറീസ്സയിലെ കന്യാസ്ത്രീകളെ ആക്രമിച്ച കേസ്സിലെ പ്രതികളെയും പാലക്കാട് ഒളിവില്‍ കഴിയാന്‍ സഹായിച്ച കേരളത്തിലെ സംഘ പരിവാര്‍ നേതാക്കള്‍ക്കെതിരെ കേസ്സെടുക്കണമെന്നും  സുബൈര്‍ സബാഹി ആവശ്യപ്പെട്ടു.

സംഘപരിവാറിന്റെ സംസ്ഥാനത്തെ കേന്ദ്രങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അജ്മീറടക്കം രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളില്‍ കേരളത്തിലെ സംഘപരിവാര്‍ സംഘടനകളുടെ ബന്ധം കണ്ടെത്താന്‍ പരിശോധനയിലൂടെ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി. സ്വീകരിക്കേണ്ട നിലപാട് ജനവരി 11ന് എറണാകുളത്ത് ചേരുന്ന പി.ഡി.പി. കേന്ദ്ര-സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കൈക്കൊള്ളും. മ്അദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ വിശദാംശങ്ങളും സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കുമെന്ന് സുബൈര്‍ സബാഹി അറിയിച്ചു. പത്രസമ്മേളനത്തില്‍ പി.ഡി.പി. ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ, സെക്രട്ടറി ഷമീര്‍ തേവലക്കര എന്നിവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.