ബാംഗ്ലൂര്‍: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് സഹായം അഭ്യര്‍ഥിച്ചു കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ.റൗഫ് തന്നെ സന്ദര്‍ശിച്ചിരുന്നതായി പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി അറിയിച്ചു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅദനിയെ സന്ദര്‍ശിക്കാനെത്തിയ പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവരോടാണ് മഅദനി തന്റെ നിലപാട് വ്യക്തമാക്കിയത്. പൊന്നാനിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് പിന്തുണ ആവശ്യപ്പെട്ടാണ് റൗഫ് എത്തിയതെന്നും എന്നാല്‍ എന്താണ് പറഞ്ഞതെന്ന കാര്യം മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വ്യക്തമാക്കാമെന്നും മഅദനി പറഞ്ഞതായി നേതാക്കള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മഅദനിയെ സന്ദര്‍ശിച്ചതായ റൗഫിന്റെ വെളിപ്പെടുത്തലിന് പ്രതികരിക്കുകയായിരുന്നു മഅദനി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കായി മഅദനിക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും റൗഫ് ആരോപിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് നേതാക്കള്‍ മഅദനിയെ സന്ദര്‍ശിക്കാനെത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ