ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. മഅദനിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചാണിത്. ജാമ്യാപേക്ഷയില്‍ അടുത്ത ബുധനാഴ്ച തീരുമാനമെടുക്കുമെന്നും സുപ്രിംകോടതി ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ഗ്യാന്‍ സുധ മിശ്ര എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യാപേക്ഷയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി കര്‍ണാടക സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ബംഗളൂരുവിന് പുറമെ വേറെയും ചില സ്‌ഫോടന കേസുകള്‍കൂടി പങ്ക്ണ്ടെന്ന തികച്ചും അടിസ്ഥാനരഹിതമായ ആരോപണം മഅദനിയുടെ മേല്‍ ചാര്‍ത്തി ജാമ്യം ലഭിക്കുന്നത് തടയാനായിരുന്നു കര്‍ണാടക സര്‍ക്കാര്‍ വെള്ളിയാഴ്ച ശ്രമിച്ചത്. ഗുജറാത്തിലെ സൂറത്ത്, അഹ്മദാബാദ് സ്‌ഫോടനങ്ങളിലും മഅദനിയുടെ പങ്കിന് വ്യക്തമായ തെളിവുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.അങ്ങനെയാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം തിങ്കളാഴ്ച സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്ച മഅദനിയുടെ അഭിഭാഷകനോട് മറുപടി നല്‍കാനും സുപ്രീംകോടതി അറിയിച്ചു.
വെള്ളിയാഴ്ച മഅദനിയുടെ ഹരജി കോടതി പരിഗണിച്ചതാണ്. എന്നാല്‍, കേസ് മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കത്ത് നല്‍കുകയായിരുന്നുവെന്ന് മാര്‍കണ്ഡേയ കട്ജു പറഞ്ഞു. മറുപടി നല്‍കുന്നതിനും മറ്റുമായി ചുരുങ്ങിയത് നാലാഴ്ച വേണമെന്നും കത്തില്‍ കര്‍ണാടക ആവശ്യപ്പെട്ട കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
എന്നാല്‍, അനാരോഗ്യവും മറ്റും മുന്‍നിര്‍ത്തി മഅദനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ ആവശ്യപ്പെട്ടു. പക്ഷേ, കേസ് മാറ്റാന്‍ കത്ത് നല്‍കിയ കാര്യം കര്‍ണാടക സര്‍ക്കാറിനുവേണ്ടി ഹാജരായ ടി.ആര്‍. അന്ത്യാര്‍ജുനയും കോടതിയെ ധരിപ്പിച്ചു.
ബോംബ് സ്‌ഫോടനത്തില്‍ ഒട്ടേറെ പേര്‍ മരിച്ച സംഭവമാണെന്നും അതുകൊണ്ടുതന്നെ അതീവ ഗുരുതരമാണെന്നുമാണ് താന്‍ ആദ്യം കരുതിയതെന്ന് ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു. വിശദമായി ഹരജി പരിഗണിച്ചപ്പോള്‍ മറ്റു ചില വസ്തുതകള്‍ ബോധ്യമായി. ഹരജിക്കാരന് ഒരു കാല്‍ ഇല്ലെന്നും മറ്റൊരു കേസില്‍ വിചാരണ തടവുകാരനായി നീണ്ട ഒമ്പതര കൊല്ലം ജയില്‍വാസം അനുഷ്ഠിച്ചുവെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.അംഗ വൈകല്യമുള്ള ഒരാള്‍ എങ്ങനെ ഗൂഢാലോചനയില്‍ പങ്കുചേരും -കട്ജു അദ്ഭുതത്തോടെ ചോദിച്ചു.
എന്നാല്‍, മഅദനിക്ക് കാല്‍ നഷ്ടപ്പെട്ടത് 18 കൊല്ലം മുമ്പാണെന്ന് കര്‍ണാടക സര്‍ക്കാറിനുവേണ്ടി അന്ത്യാര്‍ജുന കോടതിയെ ധരിപ്പിച്ചു. വീല്‍ചെയറിലാണ് മഅദനിയുടെ സഞ്ചാരം. അദ്ദേഹം ഗൂഢാലോചനയില്‍ പങ്കുകൊണ്ടു എന്നതിന് തെളിവുണ്ട്. കോടതി ഇക്കാര്യത്തില്‍ അനുകമ്പ പുലര്‍ത്തേണ്ട കാര്യമില്ല. അംഗവൈകല്യം ഉണ്ടായിരിക്കെതന്നെയാണ് മഅദനി ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതും. ബംഗളൂരു സ്‌ഫോടനത്തില്‍ മഅദനിക്ക് വ്യക്തമായ പങ്കുണ്ടെന്ന് സ്ഥാപിക്കാനും കര്‍ണാടകയുടെ അഭിഭാഷകന്‍ ശ്രമിച്ചു. ഗൂഢാലോചനയില്‍ ആദ്യം പങ്കുകൊണ്ടതും മഅദനിയാണ്. ഒന്നും രണ്ടും പ്രതികള്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍നിന്ന് ഇക്കാര്യം വളരെ വ്യക്തമാണെന്നും അദ്ദേഹം കോടതിക്കു മുമ്പാകെ വ്യക്തമാക്കി.
എന്നാല്‍, നീണ്ട ഒമ്പതര കൊല്ലം ജയിലില്‍ കിടന്ന മഅദനിക്ക് പ്രമേഹവും ഹൃദ്രോഗവുമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കാന്‍ എന്തുകൊണ്ടും അര്‍ഹതയുണ്ടെന്നും ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ