കോഴിക്കോട്: പാര്‍ട്ടി ഭാരവാഹിയെന്ന പേരില്‍ വ്യാജ പ്രസ്താവന നടത്തിയ മുന്‍ നേതാവ് വി.എസ്. അബൂബക്കറിനെതിരെ നിയമനടപടിയെടുക്കുമെന്ന് പി.ഡി.പി ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദീര്‍ഘകാലം പാര്‍ട്ടിയില്‍നിന്ന് വിട്ടുനിന്ന അബൂബക്കര്‍ നിലവില്‍ പ്രാഥമിക അംഗംപോലുമല്ല. ജില്ലാ പ്രസിഡന്റും സംസ്ഥാന അംഗവുമാണെന്ന് വ്യാജ പ്രസ്താവന ഇറക്കിയതിനെതിരെ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ഭരണഘടനയും നയപരിപാടികളും കണ്ടിട്ടുപോലുമില്ലാത്തവരാണ് പാര്‍ട്ടി വിട്ടെന്ന് പറയുന്നവര്‍. പാര്‍ട്ടി ഭാരവാഹിയെന്ന് പരിചയപ്പെടുത്തി സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. പി.ഡി.പിയുടെ പ്രവാസി സംഘടനയായ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം പാര്‍ട്ടി മത്സരിക്കുന്ന 17 മണ്ഡലങ്ങളിലും നിരീക്ഷണ പര്യടനം നടത്തി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നയം ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അസീസ് നല്ലളം, സെക്രട്ടറി നൗഷാദ് കൊടിയത്തൂര്‍, പി.സി.എഫ് ഒമാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ടി.എം.എ. ഹമീദ് കൂരാച്ചുണ്ട്, ബഷീര്‍ കക്കോടി എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ