മഅദനിയുടെ ജാമ്യാപേക്ഷ ആഗസ്റ്റ് മൂന്നിലേക്കു മാറ്റി

ന്യൂദല്‍ഹി: ബംഗളൂരു സ്‌ഫോടനക്കേസില്‍അന്യായമായി പ്രതിചേര്‍ക്കപ്പെട്ടു ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ആഗസ്റ്റ് മൂന്നിലേക്ക് മാറ്റി. കേസ്സില്‍ വിശദമായ വാദം കേള്‍ക്കുന്നതിനാണു വേനലവധിക്കു ശേഷം പരിഗണിക്കുന്നതിനായി മാറ്റിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ജസ്റ്റിസുമാരായ ജെ.എം. പഞ്ചാള്‍, എച്ച്.എല്‍. ഗോഖലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് കര്‍ണാടക സര്‍ക്കാറിനോട് നിര്‍ദേശിച്ചു. കുറ്റപത്രത്തിന്റെ പകര്‍പ്പ് സുപ്രീംകോടതിക്കും മഅദനിയുടെ അഭിഭാഷകനും സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. ചികിത്സാവശ്യം പ്രധാനമായി ഉന്നയിച്ചു കൊണ്ടുള്ളതായിരുന്നു ജാമ്യാപേക്ഷ. മഅദനിക്ക് ജാമ്യം നല്‍കുന്നതിനെ കര്‍ണാടക സര്‍ക്കാറിന്റെ അഭിഭാഷകന്‍ അന്ത്യാര്‍ജുന എതിര്‍ത്തു. ആവശ്യമായ ചികിത്സ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കാമെന്നും അദ്ദേഹം അറിയിച്ചു. ഇതേത്തുടര്‍ന്നാണ്, ശരിയായ ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ചു കൊണ്ട് ജാമ്യാപേക്ഷ ആഗസ്റ്റ് മൂന്നിലേക്ക് കോടതി മാറ്റിയത്. തിരുവനന്തപുരത്തെ ഹൈലൈഫ് ആശുപത്രിയില്‍ നല്‍കിവന്ന ആയുര്‍വേദ ചികിത്സ ലഭ്യമാക്കണം. പ്രമേഹത്തിന് കര്‍ണാടകത്തിലെ പ്രമുഖ ആശുപത്രിയായ കര്‍ണാടക ഡയബറ്റിക് സെന്ററിന്റെ ചികിത്സ നല്‍കണം. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ബംഗളൂരു ജഗജീവന്‍ ആശുപത്രിയുടെ സേവനം നല്‍കണമെന്നും കോടതി പറഞ്ഞു.

മഅദനിയുടെ ജാമ്യാപേക്ഷ ആദ്യം പരിഗണിച്ച ബെഞ്ചില്‍ ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജുവും ജ്ഞാനസുധാ മിശ്രയും തമ്മില്‍ ഇക്കാര്യത്തില്‍ ഭിന്നത ഉണ്ടായിരുന്നു.ജാമ്യം നല്‍കാവുന്നതാണെന്നായിരുന്നു ജസ്റ്റിസ് കട്ജുവിന്റെ നിലപാട്.ജസ്റ്റിസ് ജ്ഞാനസുധ വിയോജിച്ചു. ഇതേത്തുടര്‍ന്നാണ് പുതിയ ബെഞ്ചിന് ജാമ്യാപേക്ഷ വിട്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.