തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പി.ഡി.പി.ചെയര്‍മാനും പ്രമുഖ മത പണ്ഡിതനുമായ അബ്ദുന്നാസര്‍ മദനിയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജൂലായ് 27ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് കേരള മുസ്‌ലിം സംയുക്തവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒന്‍പതര വര്ഷം തമിഴ്‌നാട്ടിലെ വിവിധ ജയിലുകളില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട മഅദനിയെ കള്ളത്തെളിവുകളും വ്യാജമൊഴികളും സൃഷ്ടിച്ച് കര്‍ണാടക സര്‍ക്കാര്‍ തുറുങ്കിലടച്ചിട്ട് പത്തുമാസം പിന്നിട്ടു. നിസ്സാരപ്രശ്‌നങ്ങളില്‍പോലും പ്രതിഷേധിക്കുകയും വന്‍പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യാറുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഈ നീതിനിഷേധത്തിനും മനുഷ്യാവകാശ ധ്വംസനത്തിനുമെതിരെ മൗനം അവലംബിച്ചിരിക്കുകയാണ്. ഫാസിസ്റ്റ് ശക്തികള്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങളുടെ ഭാഗമാണ് മഅദനിക്കും കുടുംബത്തിനുമെതിരായ ഗൂഢാലോചനയും അപവാദപ്രചാരണങ്ങളുമെന്ന് സംയുക്തപ്രസ്താവനയില്‍ ആരോപിച്ചു. പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി (സംസ്ഥാന ചെയര്‍മാന്‍), അബ്ദുള്‍ മജീദ് അമാനി നദ്‌വി (ജനറല്‍ സെക്രട്ടറി), ഹുസൈന്‍ മൗലവി മുണ്ടക്കയം, ഷാഫി, ബഷീര്‍ പൂന്തുറ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ