മഅദനി ഭരണകൂട ഭീകരതയുടെ ഇര - ഡോ. എം.എസ്. ജയപ്രകാശ്




കൊച്ചി: ദേശീയതലത്തിലും ആഗോളതലത്തിലും നിലനില്‍ക്കുന്ന ഭരണകൂട ഭീകരതയുടെ ഇരയാണ്  മഅദനിയെന്ന് ഡോ. എം.എസ്. ജയപ്രകാശ് അഭിപ്രായപ്പെട്ടു. പി.ഡി.പി ഏറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈകോടതി ജങ്ഷനില്‍ നടന്ന ‘മഅദനി  നീതി നിഷേധം’ ബഹുജന സമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യം നേടി ആറ് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഭരണകൂട ഭീകരതയുടെ ഇരയായി തടവില്‍ കഴിയുന്ന നിരപരാധിയായ മഅദനിയുടെ മക്കളുടെ കണ്ണീരിന് മുന്നില്‍ പ്രബുദ്ധകേരളത്തിന് എന്ത് മറുപടിയാണ് നല്‍കാനുള്ളതെന്ന് അദ്ദേഹംചോദിച്ചു. രാജ്യത്ത് നടന്ന പല സ്ഫോടനങ്ങള്‍ക്ക് പിന്നിലും ഹിന്ദുത്വ ശക്തികളാണെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇസ്ലാമിക തീവ്രവാദം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് വരുത്താന്‍ തല്‍പ്പരകക്ഷികള്‍ക്ക് ഇരയെ ആവശ്യമാണ്.  മഅദനിയെ ബംഗളൂരു കേസില്‍ കുടുക്കിയതിന് പിന്നില്‍ ഇതേ ലക്ഷ്യമാണ്. അവര്‍ണ മോചനത്തിന്‍െറ ശക്തനായ നേതാവെന്ന നിലയില്‍ രാഷ്ട്രീയ രംഗത്ത് ഉയര്‍ന്നുവന്ന  മഅദനിയുടെ സ്വാധീനത്തെ ഇല്ലായ്മ ചെയ്യാനാണ് അദ്ദേഹത്തെ കോയമ്പത്തൂര്‍ കേസില്‍ കുടുക്കിയത്. എന്നാല്‍, നിരപരാധിത്വം എല്ലാ കോടതികളും അംഗീകരിച്ചതോടെ കള്ളപ്രചാരണങ്ങള്‍ തുറന്നുകാട്ടപ്പെട്ടു. ബംഗളൂരു കേസിലും ഇത്തരത്തിലെ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡക്ക് ലക്ഷം കത്തുകള്‍ അയക്കുന്നതിന്‍െറ ഉദ്ഘാടനം  മഅദനിയുടെ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി നിര്‍വഹിച്ചു.



പി.ഡി.പി ജില്ലാ പ്രസിഡന്‍റ് ടി.എ. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജോയന്‍റ് സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് , പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍, പി.ഡി.പി ജില്ലാ സെക്രട്ടറി നൗഷാദ് പാറക്കാടന്‍, വൈസ് പ്രസിഡന്‍റ് കെ.കെ. വീരാന്‍കുട്ടി, എസ്്.വൈ.എസ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ സഖാഫി അല്‍കാമിലി, സെക്രട്ടറി സുബൈര്‍ വെട്ടിയാനിക്കല്‍, സി.എ.സി അംഗം വി.എം. മാര്‍സന്‍, കളമശേരി ഞാലകം ഖതീബ് വീരാന്‍ ബാഖവി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് എം.എം. മുഹമ്മദ് ഉമര്‍, എന്‍.സി.പി കേന്ദ്ര കമ്മിറ്റി അംഗം കെ.എം. കുഞ്ഞുമോന്‍, ജനകീയ പ്രതിരോധ സമിതി സെക്രട്ടറി ഫ്രാന്‍സിസ് കുളത്തിങ്കല്‍, ജനതാദള്‍ ജില്ലാ പ്രസിഡന്‍റ് സാബുജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഷിഹാബ് ചേലക്കുളം നന്ദി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.