![]() |
| മെഡിക്കല്‍ കോളെജിലേക്ക് പി.ഡി.പി. നടത്തിയ മാര്‍ച്ച് |
ചാവക്കാട്: ചേറ്റുവ ടോള്‍ പിരിവു അധികൃതര്‍ വാക്ക് പാലിക്കണമെന്ന് ആഅവശ്യപ്പെട്ട് പി.ഡി.പി. നടത്തുന്ന നിരാഹാര സമരം എട്ടു ദിവസം പിന്നിട്ടു. ആറുദിവസം നിരാഹാരം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡന്റ് ടി.എം. മജീദിനെ പോലീസ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അദ്ദേഹം അവിടെ നിരാഹരം തുടരുകയാണ്. തുടര്‍ന്ന് ശനിയാഴ്‌ച മുതല്‍ നിരാഹാര പന്തലില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫിറോസ് തോട്ടപ്പടി നിരാഹാര സമരം തുടരുകയാണ്. മജീദ് നിരാഹാര സമരം തുടരുന്ന തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഇന്നലെ പി.ഡി.പി പ്രവര്‍ത്തകര്‍ മാര്‍ച്ചും പ്രതിഷേധ പൊതുയോഗവും നടത്തി. ഇന്നലെ ഒരുമണിക്കു നടത്തിയ സമരത്തിന് പി.ഡി.പി. സംസ്‌ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്‌ദുള്ള, മറ്റു നേതാക്കളായ കടലാഴി സലീം മൗലവി, ഉമ്മര്‍ കല്ലൂര്‍, ഹുസൈന്‍ അകലാട്, സലീം തൊട്ടാപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷേധ സമരം ഒരു മണിക്കൂറോളം നീണ്ടു.
ഇന്നലെ രാവിലെ പി.ഡി.പിയുടേയും ചെറ്റുവ ടോള്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടേയും ഭാരവാഹികള്‍ ജില്ലാ കലക്‌ടറെ നേരില്‍ കണ്ട് നിവേദനം നല്‍കി. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഡെപ്യൂട്ടി കലക്‌ടര്‍ മേരിക്കുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി മജീദിനെ സന്ദര്‍ശിച്ചു.
ചേറ്റുവ പാലം ടോളിനടുത്ത് സമരപ്പന്തലില്‍ ഇന്നലേയും നിരവധി നേതാക്കള്‍ അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. കുടിയിറക്ക് സമരസമിതി ചെയര്‍മാന്‍ ടി.എല്‍. സന്തോഷ്, എസ്.ഡി.പി.ഐ. മണ്ഡലം പ്രസിഡന്റ് അഷറഫ് വടുക്കൂട്ട്, പി.ഡി.പി. സംസ്‌ഥാന സെക്രട്ടറി ബാബു കൊട്ടാരക്കര, വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജു തുടങ്ങിയവര്‍ സമര പന്തലിലെത്തി പ്രസംഗിച്ചു.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പി.ഡി.പി. നാളെ ജില്ലയില്‍ തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ മാത്രമേ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. ചേറ്റുവ ടോള്‍ വിരുദ്ധ സമിതിയടക്കം നിരവധി ജനകീയ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ