ചാവക്കാട് : രണ്ടര പതിറ്റാണ്ടായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവു നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതോടെ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി പി.ഡി.പി. നടത്തിയ സമരം വിജയം കണ്ടു. ആദ്യ ഘട്ടത്തില്‍ സമരത്തെ അധികാരികളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും അവഗണിച്ചെങ്കിലും സമരത്തിന് ലഭിച്ച അഭൂത പൂര്‍വ്വമായ ജനപിന്തുണ അവരെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. ലീഗ് ഒഴികെ മുഴുവന്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും പിന്നീട് പേരിനെങ്കിലും സമരവുമായി രംഗത്തിറങ്ങി. സി.പി.എം. ഉം യൂത്ത് കൊണ്ഗ്രെസ്സും അവസാന ഘട്ടത്തില്‍ സമരവുമായി രംഗത്തെത്തി. ബി.ജെ.പി., എസ്.ഡി.പി.ഐ. വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ കക്ഷികളും നിരവധി പ്രാദേശിക കൂട്ടായ്മകളും സാംസ്കാരിക പ്രവര്‍ത്തകരും സമരത്തിന് അഭിവാദ്യം അര്‍പ്പിക്കാന്‍ പി.ഡി.പി. സമര പന്തലില്‍ എത്തി. പി.ഡി.പി. ജില്ലാ പ്രസിഡണ്ട് ടി.എം.മജീദ് ആണ് ആദ്യ ഘട്ടത്തില്‍ നിരാഹാരമനുഷ്ടിച്ചത്. തുടര്‍ന്ന് സുലൈമാന്‍ കൊരട്ടിക്കര, ഫിറോസ് തോട്ടപ്പടി, എ.എം.ഷക്കീര്‍, ഹനീഫ കറുകമാട്, പി.കെ.ഹരിദാസ്, ഹുസൈന്‍ അകലാട് എന്നിവരും ഏറ്റവും അവസാനം ബഷീര്‍ തങ്ങള്‍ എടക്കഴിയൂരും നിരാഹാര സമരം അനുഷ്ടിച്ചു. ഹര്‍ത്താല്‍, സമര സംഗമം, താലൂക് ഓഫീസ് മാര്‍ച്ച്, ശയന പ്രദക്ഷിണം, പന്തം കൊളുത്തി പ്രകടനം, റോഡ് ഉപരോധം തുടങ്ങി വിവിധ തരം പ്രതിഷേധ പരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കി.
ജനകീയ സമരങ്ങള്‍ ഏറ്റെടുത്തു നടത്തുന്നവര്‍ക്ക് പുത്തന്‍ പ്രതീക്ഷയും ആവേശവും നല്‍കുന്നതുമാണ് ചേറ്റുവ സമരത്തിന്റെ ഉജ്ജ്വല വിജയം. സമരത്തെ വഴി തിരിച്ചു വിടാനും അനാവശ്യ പ്രകോപനങ്ങള്‍ സൃഷ്ടിച്ചു പ്രശ്നം വഷളാക്കാനും പലരും ശ്രമിച്ചെങ്കിലും സമരത്തിന്റെ ഒരു ഘട്ടത്തിലും അതിന്റെ ജനാധിപത്യ സ്വഭാവം പാര്‍ട്ടി കൈവിട്ടില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ