![]() |
| പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി വൈസ് ചെയര്‍മാന്‍ യു.കെ.മൌലവി പതാക ഉയര്‍ത്തുന്നു |
ആലപ്പുഴ : അഞ്ചാം മന്ത്രിയല്ല ഒരു ഡസന്‍ മന്ത്രിമാരെ ലീഗിനു നല്‍കിയാലും മുസ്ലിം സമുദായത്തിന് ഗുണമുണ്ടാകില്ലെന്നും പി.ഡി.പി.വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പറഞ്ഞു. ആലപ്പുഴ ടൗണ്‍ ഹാളില്‍ നടന്ന പി.ഡി.പി. സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജനസംഖ്യാ അടിസ്ഥാനത്തിലാണെങ്കില്‍ എന്‍എസ്എസും ക്രൈസ്തവ സമുദായവും അര്‍ഹതയുള്ളതിലും കൂടുതല്‍ മന്ത്രിസ്ഥാനം കൈയടക്കി. സാമുദായിക തുലനം പാലിക്കാതെ തോന്നിയ വിധത്തിലാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന വിധത്തില്‍ പെരുമാറുന്ന എന്‍എസ്എസ് നേതൃത്വത്തിന് പക്വതയില്ല. എന്.എസ്.എസ് പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്ന യുഡിഎഫ് പി പി തങ്കച്ചനെ മാറ്റി എന്.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരെ കണ്‍വീനറാക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാം മന്ത്രി സ്ഥാനത്തിന്റെ പേരില്‍ എന്‍എസ്എസ് മുസ്ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുകയാണെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പറഞ്ഞു. മുസ്ലിം ലീഗിനോട് എന്‍എസ്എസിന് അരിശമുണ്ടെങ്കില്‍ അത് നേരിട്ട് തീര്‍ക്കണം.
അബ്ദുല്‍ നാസര്‍ മഅദനിയെ ബാംഗ്ളൂര്‍ ജയിലില്‍ അടച്ചതിനു പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ സി.പി.ഐ.ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്കും പങ്കുണ്ട്. കേന്ദ്ര, സംസ്ഥാന തലത്തില്‍ നടന്ന ഗൂഢാലോചനയുടെ ഫലമായാണ് ബാംഗ്ലൂര്‍ കേസ്സില്‍ അബ്ദുല്‍ നാസ്സര്‍ മഅദനി അറസ്റ്റു ചെയ്യപ്പെടുന്നത് . പിണറായി വിജയനും മഅദനിയും പൊന്നാനിയില്‍ വേദിപങ്കിട്ടതാണ് ഇതിനു കാരണം. എല്.ഡി.എഫിലെ രണ്ടാമത്തെ വലിയകക്ഷിയായി പി.ഡി.പി. മാറുമോഎന്നു സി.പി.ഐ.യും മറ്റുകക്ഷികളും ഭയന്നു.യുഡിഎഫിന്‍റെയും ബി.ജെ.പിയുടെയും സഹായം ഇതിനുകിട്ടിയിട്ടുണ്ട്.
മൂന്നാം ബദലിനില്ലെന്ന സിപിഎമ്മിന്‍റെ പ്രഖ്യാപനം മതനിരപേക്ഷ ജനതയെ നിരാശപ്പെടുത്തി. പിന്നാക്ക വിഭാഗത്തിനുവേണ്ടി മുറവിളികൂട്ടുന്ന സിപിഎമ്മിന്‍റെ പൊളിറ്റ് ബ്യൂറോയില്‍ ഒരു മുസ്ലിം പോലുമില്ല. സിപിഎെയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു കെ.ഇ. ഇസ്മായിലിനെ മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നു.സാധാരണക്കാരെ ബാധിക്കുന്ന ധാരാളം പ്രശ്നങ്ങളുള്ളപ്പോള്‍ അഞ്ചാം മന്ത്രിയെന്ന ബാലിശമായ വാദത്തിലാണു കേരള രാഷ്ട്രീയം അകപ്പെട്ടിരിക്കുന്നത്.പിഡിപിയുടെ അംഗത്വവിതരണം അബ്ദുള്‍ നാസര്‍ മഅദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബിക്ക് നല്‍കി പൂന്തുറ സിറാജ് ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ മാഹിന്‍ ബാദുഷാ മൗലവി അധ്യക്ഷനായി. വര്‍ക്കല രാജ് മുഖ്യപ്രഭാഷണം നടത്തി. യു കെ അബ്ദുള്‍ റഷീദ്, അഡ്വ. മുട്ടം നാസര്‍, മൈലക്കാട് ഷാ, സുബൈര്‍ പടുപ്പ്, സീന ഷാജഹാന്‍, പനവൂര്‍ ഹസ്സന്‍, മൊയ്തീന്‍ ചെമ്പോത്തറ, എം എസ് നൗഷാദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മയില്‍ സ്വാഗതവും അന്‍സാരി നന്ദിയും പറഞ്ഞു. മഅദനിനിയും മാധ്യമങ്ങളും എന്ന സെമിനാറില്‍ ഭാസുരേന്ദ്രബാബു സംസാരിച്ചു. സുബൈര്‍ സബാഹി അധ്യക്ഷനായി. തോമസ് മാഞ്ഞൂരാന്‍ സ്വാഗതവും അഡ്വ. ഷമീര്‍ പയ്യനങ്ങാടി നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൂന്തുറ സിറാജ് അധ്യക്ഷനായി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ