തൊടുപുഴ: കര്‍ണാടകയിലെ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅ്‌ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ജൂണ്‍ 13,14,15 തീയതികളില്‍ ജില്ലാ പ്രചാരണ യാത്ര നടത്തുമെന്ന് പി.ഡി.പി. ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍ അറിയിച്ചു.
13 ന് രാവിലെ ഒന്‍പതിന് പാര്‍ട്ടി സംസ്‌ഥാന വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജ് ഉദ്‌ഘാടനം ചെയ്യും. 15 ന് വൈകിട്ട് നാലിന് മനുഷ്യാവകാശ സമ്മേളനം തൊടുപുഴയില്‍ പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉദ്‌ഘാടനം ചെയ്യും. സുപ്രീം കോടതി നിര്‍ദേശിച്ച ചികില്‍സപോലും കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാര്‍ ലഭ്യമാക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ കര്‍ണാടക ഗവര്‍ണര്‍ക്ക് പത്തുലക്ഷം നിവേദനം അയയ്‌ക്കുന്നതിന്റെ ജില്ലാതല ഉദ്‌ഘാടനം പി.ഡി.പി. സംസ്‌ഥാന സെക്രട്ടേറിയറ്റംഗം കുടയത്തൂര്‍ കരിം 13 ന് നെടുങ്കണ്ടത്ത് നിര്‍വഹിക്കും.
നിരപരാധിയായ മഅ്‌ദനിക്ക് നീതി ലഭിക്കുന്നതിനുവേണ്ടി ശബ്‌ദിക്കാന്‍ കേരളീയ പൊതുസമൂഹം ഇടപെടണമെന്നും ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതിനുപകരം എം.എം. മണിയുടെ പിന്നാലെ കൂടിയിരിക്കുന്നത് യഥാര്‍ഥ വസ്‌തുതകളെ വഴിതിരിച്ചുവിടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും സുലൈമാന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്‌ഥാന സെക്രട്ടേറിയറ്റംഗം കുടയത്തൂര്‍ കരിം, ജില്ലാ സെക്രട്ടറി നെജീബ് കളരിക്കല്‍, ജില്ലാ ട്രഷറര്‍ അബ്‌ദുള്‍ കരിം ആലക്കോട് എന്നിവരും പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ