മഅദനി, ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കും - വര്‍ക്കിംഗ് ചെയര്‍മാന്‍


കൊല്ലം : അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജീവന്‍ തന്നെ അപകടത്തിലായ ഘട്ടമെത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ മൌനം പാലിക്കുന്നതിനെതിരെ പാര്‍ട്ടി അതിശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച നടക്കുന്ന പാര്‍ട്ടി നേതൃയോഗം പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും സിറാജ് അറിയിച്ചു. മഅദനിയുടെ ആരോഗ്യനില അതീവ വഷളായ സാഹചര്യത്തില്‍ ആരോഗ്യനില മനസ്സിലാക്കാന്‍ മന്ത്രിതല പ്രതിനിധി സംഘവും പ്രതിപക്ഷ നേതാവും മഅദനിയെ സന്ദര്‍ശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു യദാക്രമം മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും സന്ദര്‍ശിച്ചു ആവശ്യം ഉന്നയിച്ചതായും സിറാജ് അറിയിച്ചു. മുസ്ലിം ലീഗ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെല്ലാം മഅദനിയുടെ അവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെങ്കിലും മൌനം നടിക്കുകയാണ്. ലീഗ് സെക്രട്ടറി കെ.പി.എ. മജീദ്‌ ഈ വിഷയത്തില്‍ തീര്‍ത്തും മോശമായ രീതിയിലാണ് പ്രതികരിച്ചത്. മഅദനി വിഷയത്തില്‍ ലീഗിന്റെ സഹായം തേടില്ലെന്നും അദ്ദേഹം അറിയിച്ചു.
മതിയായ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ ജസ്റ്റിസ് കൃഷ്ണയ്യര്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സദാനന്ദ ഗൌഡക്ക് കത്തയച്ചിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. ചികിത്സയോ ജാമ്യമോ പരോളോ ഇല്ലാതെ മഅദനിക്ക് നീതി അന്യമാകുന്ന സ്ഥിതിയാണുള്ളത്. മനുഷ്യനെന്ന നിലക്കുള്ള പരിഗണന പോലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അതിശക്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടി രൂപം നല്‍കും. പി.ഡി.പി.കൊല്ലം ജില്ലാ പ്രസിഡണ്ട്‌ മൈലക്കാട് ഷാ ഒളിവില്‍ പോയിട്ടില്ലെന്നും കോടതി കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ ഷാ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി സിറാജ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംഘടനാ സെക്രട്ടറി സാബു കൊട്ടാരക്കര, സി.എ.സി.അംഗം അഡ്വ.കാഞ്ഞിരമറ്റം സിറാജ്, പി.ഡി.പി.കൊള്ളാം ജില്ലാ സെക്രട്ടറി ഇക്ബാല്‍ കുരുവ, കേരളപുരം യഹ് യ എന്നിവരും സംബന്ധിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.