ആലപ്പുഴ: പി.ഡി.പി.ചെയര്‍മാന്‍ അബ്ദു നാസര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇവിടത്തെ ഇടതുപക്ഷനേതാക്കളും ഒന്നും ചെയ്യുന്നില്ലെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅദനിയുടെ നില ഗുരുതരമാണെന്നും സിറാജ് പറഞ്ഞു.
ആലപ്പുഴ പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനിയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തയ്യാറാകണം. മുഖ്യമന്ത്രിയെക്കണ്ട് 12 തവണ താന്‍ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിസ്സംഗത തുടരുകയാണ്. മുമ്പ് മഅദനി കോയമ്പത്തൂര്‍ ജയിലില്‍ കിടന്നപ്പോള്‍ ഉമ്മന്‍ചാണ്ടി രണ്ടുതവണ അവിടെയെത്തി സന്ദര്‍ശിച്ചിരുന്നു. സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കോയമ്പത്തൂരില്‍ മഅദനിയെ കണ്ടിരുന്നു.
ഇപ്പോള്‍ മനുഷ്യത്വപരമായ സമീപനം ആരില്‍ നിന്നുമുണ്ടാവുന്നില്ല. നീതിന്യായ സംവിധാനങ്ങളില്‍നിന്ന് നീതി കിട്ടുന്നില്ല. ഇതിനെതിരെ കേരള മനഃസാക്ഷി ഉണരണം എന്നും സിറാജ് ആവശ്യപ്പെട്ടു.മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദം മൂലമാണ് മുഖ്യമന്ത്രി ഈ പ്രശ്‌നത്തിലിടപെടാത്തതെന്ന് ആക്ഷേപമുണ്ടെന്നും സിറാജ് പറഞ്ഞു.
സാമൂഹിക നീതി, സമഗ്ര വികസനം, സമാധാന സമൂഹം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പാര്‍ട്ടി സംസ്ഥാനതല പാഠശാല ഈ മാസം 29ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടത്തും. പരിപാടിയില്‍ ഓരോ മണ്ഡലങ്ങളില്‍ നിന്നും പത്ത് പ്രതിനിധികള്‍ വീതം സംബന്ധിക്കും. ചെയര്‍മാന്റെ മോചനത്തിനായി നിരന്തര പ്രക്ഷോഭത്തിനു അന്നേ ദിവസം അന്തിമ രൂപം നല്‍കും. മനുഷ്യാവകാശം സംരക്ഷിക്കുക, ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക, മഅദനിക്കു നീതി നല്‍കുക എന്നീ ആവശ്യങ്ങളുമായി ലോകമനുഷ്യാവകാശദിനമായ ഡിസംബര്‍ 10 ന് പി.ഡി.പി. മലബാര്‍സംഗമം നടത്തും. മലബാര്‍ മേഖലയിലെ പ്രവര്‍ത്തകര്‍ പരിപാടിയില്‍ സംബന്ധിക്കും. മഅദനിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായിട്ടാണ് പരിപാടി നടത്തുന്നത്. അംഗത്വ വിതരണത്തിന്റെ ആദ്യഘട്ട കാമ്പയിന്‍ നവംബര്‍ പതിനഞ്ചിന് അവസാനിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ