കോട്ടയം : കടുത്തരോഗബാധിതനായി ബാംഗ്ലൂര്‍ പരപ്പന ആഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി.ചെയര്‍മാന്‍ മഅദനിയുടെ ചികിത്സാ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെടാത്തതിനു പിന്നില്‍ ലീഗിന്റെ സമ്മര്‍ദ്ദം ഉണ്ടെന്ന് സംശയിക്കുന്നതായി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗുരുതരമായ രോഗങ്ങള്‍ മൂലം മഅദനിയുടെ ആരോഗ്യാവസ്ഥ ആശങ്കാജനകമായ സാഹചര്യത്തില്‍ അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സിറാജ് ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഇടപെടാന്‍ കഴിയില്ലെങ്കില്‍ അതിന്റെ കാരണം എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കോയമ്പത്തൂര്‍ കേസില്‍ മോചിതനായത്തിനു ശേഷം ബാംഗ്ലൂര്‍ കേസില്‍ അകാരണമായി അദ്ദേഹത്തെ കുടുക്കിയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ ആവശ്യമായ സാഹചര്യത്തില്‍ വെളിപ്പെടുത്തുമെന്നും സിറാജ് പറഞ്ഞു.
മഅദനിക്ക് നീതിലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ശല്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം നല്‍കും. തീവ്ര ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സി.പി.എം. ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാത്തതെന്നും മഅദനിവിഷയത്തില്‍ ഇരുമുന്നണികളും നിലപാട് വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഅദനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിസംബര്‍ 10 ന് മലബാര്‍ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പി.ഡി.പി. പാഠശാല നവംബര്‍ 29 ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ (പി.കെ.അബൂബക്കര്‍ ഹാജി നഗര്‍ ) നടക്കും.
പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാനി, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം എം.എസ്.നൗഷാദ്, പി.ഡി.പി. കോട്ടയം ജില്ലാ ഭാരവാഹികളായ നിഷാദ് നടയ്ക്കല്‍, ഒ.എ.സ്‌കറിയ, സക്കീര്‍ കളത്തില്‍, അസ്‌കര്‍ വൈക്കം എന്നിവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ