മലപ്പുറം: കേരളത്തില്‍ വ്യവസായം കൊണ്ടുവരാന്‍ ധൈര്യമില്ലെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി പറയുമ്പോള്‍ കേരളത്തിലേക്ക് അദ്ദേഹം എന്താണ് കൊണ്ടുവന്നതെന്ന് ആത്മപരിശോധന നടത്തണമെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്‌നം, കൊച്ചി മെട്രോ, കഞ്ചിക്കോട് കോച്ച് ഫാക്ടറി, വിഴിഞ്ഞം തുറമുഖം തുടങ്ങി കേരളത്തിന്റെ വിവിധ പ്രശ്‌നങ്ങളില്‍ കേന്ദ്രത്തിലെ രണ്ടാമന്‍ കൂടിയായ ആന്റണി എന്തുനിലപാട് എടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കണം. കേരളത്തിനെതിരെ അദ്ദേഹം ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മറ്റ് നാലുവിരലും അദ്ദേഹത്തിന്റെ നേര്‍ക്കാണെന്ന കാര്യം മറക്കരുതെന്നും സിറാജ് പറഞ്ഞു. മഅദനിയുടെ നീതിനിഷേധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒന്നുംചെയ്യുന്നില്ല. ലീഗിനെ പേടിച്ചാണ് മുഖ്യമന്ത്രി ഈ മനുഷ്യാവകാശപ്രശ്‌നത്തില്‍ ഇടപെടാത്തത്.
പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനം ഊര്‍ജ്ജിപ്പെടുത്തുന്നതിനും മഅദനിക്കു നേരെയുള്ള മനുഷ്യാവകാശ ലംഘനം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമായി പി.ഡി.പി പാഠശാല 29ന് തൃശ്ശൂരില്‍ നടക്കും. 140 മണ്ഡലങ്ങളില്‍നിന്ന് 10 പ്രതിനിധികള്‍ വീതം പങ്കെടുക്കും. മനുഷ്യാവകാശം സംരക്ഷിക്കുക, ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക, മഅദനിക്ക് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പാര്‍ട്ടി സംഘടിപ്പിക്കുന്ന മലബാര്‍ സംഗമം ഡിസംബര്‍ 10ന് മലപ്പുറം പുത്തനത്താണിയില്‍ നടത്തുമെന്നും പൂന്തുറ സിറാജ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ