ബാബരി ഇന്ന് മതേതരത്വ സംരക്ഷണ ദിനം


വീണ്ടുമൊരു ബാബരി ദിനം കൂടി കടന്നു പോവുകയാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായ ബാബരി മസ്ജിദ് ഒരു പറ്റം മദം പൊട്ടിയ മത വെറിയന്മാര്‍ ഭരണകൂട ഒത്താശയൊടെ തകര്‍ത്തെറിഞ്ഞിട്ട് 19 വര്‍ഷം പിന്നിടുകയാണ്. രാജ്യത്തു നടന്ന സാമുദായിക കലാപങ്ങളുമായി ബന്ധപെട്ട് നിരവധി ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം തീര്ത്തും വ്യത്യസ്തമായി ഒരു രാജ്യത്തിന്റെ എല്ലാ വിധ സന്നാഹങ്ങളും സാക്ഷി നില്‍ക്കെ നാലര നൂറ്റാണ്ടു കാലം ആരാധിച്ചുപോന്നിരുന്ന ഒരു ആരാധനാലയം തകര്‍ത്തെറിയുമ്പോള്‍ വന്ശക്തികളോട് കിടപിടിക്കുന്ന രാജ്യത്തിന്റെ നമ്മുടെ രാജ്യത്തിന്റെ സൈനിക വിഭാഗം ഒരു ലാത്തി ചാര്‍ജ്ജോ, ടിയര്‍ഗ്യാസ് പ്രയോഗമോ നടത്താതെ മൌനം പാലിച്ചു അവര്‍ക്ക് വേണ്ട എല്ലാ സംരക്ഷണവും നല്‍കി എന്നതു ലജ്ജാവഹമായ ഒരു ഓര്‍മ്മയായി നിലനില്‍ക്കുന്നു.

ലോകത്തിലെ എറ്റവും വലിയ മതേതര സ്വഭാവം നിലനില്ക്കുന്ന രാജ്യത്തിന്റെ മതേതര സ്വഭാവവും അഭിമാനവും ഒരുകൂട്ടം വര്‍ഗീയ കോമരങ്ങള്‍ തകര്‍ത്തെറിയുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മാളത്തില്‍ ഒളിക്കുകയായിരുന്നു.എല്ലാവിധ അതിക്രമങ്ങളും കാട്ടികൂട്ടിയ മത വെറിയന്മാരെ സുരക്ഷിതമായും വേഗത്തിലും വീട്ടിലെത്തിക്കാന്‍ പ്രത്യകമായി ട്രയിന്‍ അനുവദിച്ചു അന്നു രാജ്യം ഭരണം നിയന്ത്രിച്ച മതേതര പാര്‍ട്ടിയുടെ ആളുകള്‍ ‍!


രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കാള രാത്രികളാണ് ബാബരി തകര്‍ന്ന നാളുകള്‍ സമ്മാനിച്ചത്. തങ്ങളുടെ ആരാധനാലയം തകര്‍ക്കപെട്ട വേദനയില്‍ കഴിയുന്നവരെ ഇന്ത്യയുടെ വ്യാവസായിക നഗരത്തിലുള്‍പ്പെടെ രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും അതിക്രൂരമായി വേട്ടയാടപെട്ടു. നിരവധി സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെട്ടു. അനവധിയാളുകള്‍ ജീവനോടെയും അല്ലാതെയും  ചുട്ടരിക്കപ്പെട്ടു. അതുവരെ പരസ്പരം സൌഹാര്‍ദ്ദത്തിലും സഹവര്‍ത്തിത്വത്തിലും കഴിഞ്ഞിരുന്നവര്‍ പരസ്പരം കൊലവിളി നടത്തി. മാപ്പു പറയലും പ്രഖ്യാപനങ്ങളും മുറ പൊലെ നടന്നു. കൊണ്‍ഗ്രസ്സ് പരസ്യമായി രാജ്യത്തൊടു മാപ്പു പറഞ്ഞു. പക്ഷെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പതിവു വിദ്യകള്‍ മാത്രമായിരുന്നു അതൊക്കെയെന്നു പിന്നീടു കാലം തെളിയിച്ചു. മസ്ജിദ് പുനര്‍ നിര്‍മ്മിക്കുമെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നുള്ള വാഗ്ദാനം ഇന്നും പ്രഖ്യാപനങ്ങളില്‍ മാത്രം. പത്തൊന്‍പത് വര്‍ഷം പിന്നിട്ടിട്ടും, സംഘ്-പരിവാര്‍ നേതാക്കളുടെ വ്യക്തമായ പങ്കു വെളിപ്പെടുത്തുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടു വന്നിട്ടും, മസ്ജിദ് തകര്‍ച്ചക്ക് ഉത്തരവാദികള്‍ ശിക്ഷിക്കപ്പെട്ടില്ല.

രാജ്യത്തു മത ന്യൂനപക്ഷങ്ങളുടെ,പ്രത്യേകിച്ചും മുസ്ലിംകളുടെ ഇടയില്‍ തീവ്രവാദത്തിന്റെ അലയൊലികള്‍ കണ്ടു തുടങ്ങിയതു ബാബരിയുടെ പതനത്തോടെയാണ്. അസംതൃപ്തരും  നിരാശരുമായ നിരവധി ചെറുപ്പക്കാര്‍ ജനാധിപത്യത്തിന്റെ വഴി വിട്ടു തീവ്രവാദത്തിന്റെ വഴി തേടിയതു ബാബരി സംഭവത്തിനു ശേഷമാണ്. മുസ്ലിം ലീഗില്‍ നിന്നു ഒരു പ്രബല വിഭാഗം ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്റെ നേത്രുത്വത്തില്‍ വിട്ടുപോവുകയും ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്കുകയും ചെയതതിനു കാരണവും ബാബരി മസ്ജിദ് സംഭവമായിരുന്നു.  ദളിതുകളുടെയും, മുസ്ലിംകളുടെയും ഉന്നതി ലക്ശ്യം വെച്ചു പ്രവര്ത്തിക്കുന്ന പി.ഡി.പി.യുടെ ഉത്ഭവത്തിന്റെ പ്രധാന കാരണങ്ങളിലൊന്നും ബാബരി തകര്‍ച്ചയായിരുന്നു. ബാബരി മസ്ജിദ് വിഷയം എറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതു കേരളത്തിലാണ്. അതിനു നിമിത്തമായത് പി.ഡി.പി.യും അബ്ദുല്‍ നാസ്സര്‍ മദനിയും നടത്തിയ ശക്തമായ പോരാട്ടങ്ങളാണ്. ബാബരി വിഷയത്തില്‍ എറ്റവും ആത്മാര്‍തമായ സമീപനം സ്വീകരിച്ച പാര്‍ട്ടി പി.ഡി.പി. മാത്രമായിരുന്നു എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സത്യവും ചരിത്ര വസ്തുതയുമാണ്. ബാബരി തകര്‍ച്ചക്കു ശേഷം ആദ്യമായി പ്രതിഷേധ സൂചകമായി അയോധ്യയിലേക്കു മാര്‍ച്ചു സംഘടിപ്പിച്ച രാഷ്ട്രീയ പ്രസ്ഥാനം പി.ഡി.പി.യാണ്.

നീതി പൂര്‍വ്വകമായ വിധി പ്രതീക്ഷിച്ചു നിയമ പോരാട്ടത്തിനിറങ്ങിയ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ബാബറി കേസ്സിലെ അലഹബാദ് കോടതി ബാബറി മസ്ജിദ് വിഷയത്തില്‍ പുറപ്പെടുവിച്ച വിധി തീര്‍ത്തും നിരാശാജനകമായിരുന്നു. വര്ഷം ഏറെ പിന്നിട്ടെങ്കിലും എങ്കിലും നീതി കിട്ടും എന്ന് നമുക്ക് പ്രതീക്ഷിക്കാം‍. മതേതരത്വത്തിന്റെ മഹനീയ സ്തംഭം ആയിരുന്ന മസ്ജിദിന്റെ തകര്‍ച്ചയുടെ ഈ ദിനത്തില്‍  മതേതരത്വ സംരക്ഷണ ദിനമായി ആചരിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.