കൊച്ചി : ബംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനു നേരെ കര്‍ണ്ണാടക സര്‍ക്കാര്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ പത്നി സൂഫിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് നിവേദനം നല്‍കി. എറണാകുളം ഗസ്റ്റ് ഹൌസില്‍ ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ഭാരവാഹികള്‍ക്കൊപ്പമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ നേരില്‍ കണ്ടു നിവേദനം നല്‍കിയത്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയുടെ ചെയര്‍മാനായ തന്റെ ഭര്‍ത്താവ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന കര്‍ണ്ണാടക പോലീസിന്റെ ആരോപണം തികച്ചും അവാസ്തവമാണെന്നും കള്ള സാക്ഷി മൊഴികളും കെട്ടു കഥകളും ഉണ്ടാക്കി അന്യായമായി പ്രതി ചേര്‍ത്തതാണെന്നും ബംഗ്ലൂര്‍ സ്ഫോടനവുമായി തന്റെ ഭര്‍ത്താവിനു യാതൊരു ബന്ധവുമില്ലെന്നും സൂഫിയ നിവേദനത്തില്‍ പറയുന്നു. ഫോറം ചെയര്‍മാന്‍ അഡ്വ. സെബാസ്ട്യന്‍ പോള്‍, ഷഹീര്‍ മൌലവി, പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് രജീബ്, മഅദനിയുടെ മക്കളായ ഉമര്‍ മുഖ്താര്‍, സലാഹുദ്ധീന്‍ അയ്യൂബി എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ