കൊല്ലം:അന്‍വാര്‍ എന്നാല്‍ പ്രകാശം എന്ന് അര്‍ത്ഥം, അന്‍വാര്‍ശ്ശേരി എന്നാല്‍ പ്രകാശത്തിന്റെ നാടെന്നും. അബ്ദുള്‍ നാസര്‍ മഅദനി സ്ഥാപിച്ച അന്‍വാര്‍ശ്ശേരി യത്തീംഖാനയിലെ അന്തേവാസികളുടെ മുഖത്ത് മ്ലാനത. എങ്കിലും അവര്‍ ജാഗ്രതയിലാണ്. പുറത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് അകത്തേക്കു പ്രവേശനമില്ല. ശാസ്താംകോട്ട-കരുനാഗപ്പള്ളി റൂട്ടില്‍ കുറ്റിയില്‍മുക്കില്‍നിന്ന് വലത്തോട്ട് ഒരു കിലോമീറ്റര്‍ പോയാല്‍ അന്‍വാര്‍ശ്ശേരി യത്തീംഖാനയായി.മൂന്ന് ഏക്കറിലേറെ വിസ്തൃതിയുള്ള യത്തീംഖാനയ്ക്ക് ചുറ്റമതിലുമുണ്ട്.പടുകൂറ്റന്‍ പ്രവേശനകവാടത്തിനു വലതുവശത്ത് പോലീസ് കാവല്‍. മഅദനിക്ക് ഗവണ്‍മെന്റ് അനുവദിച്ചു നല്‍കിയ ഗണ്‍മാനു പുറമേ രണ്ടു പോലീസുകാര്‍കൂടിയുണ്ട്. ഇടതുവശത്ത് ഇനിയും പൂര്‍ത്തിയാകാത്ത മൂന്നുനിലക്കെട്ടിടം. പ്രസ്തുത മന്ദിരത്തിന്റെ താഴത്തെ നിലയില്‍ ഓഫീസ് മുറി. തൊട്ടടുത്ത മുറിയില്‍ മഅദനിയുണ്ട്.''ഉസ്താദ് ഉറക്കമാണ് ''-അനുയായി അറിയിച്ചു. വെള്ളിയാഴ്ച രാത്രി കോഴിക്കോട് മുക്കത്തുനിന്ന് വന്നിട്ട് പുലരുംവരെ കാണാന്‍ എത്തിയവരുടെ തിരക്കായിരുന്നു. ശനിയാഴ്ച പകല്‍ 11നാണ് ഉറങ്ങാന്‍ കിടന്നത്.കാണാന്‍ എത്തിയവരില്‍ പി.ഡി.പി.പ്രവര്‍ത്തകര്‍ക്കു പുറമേ മതപണ്ഡിതരും മൗലവിമാരും ഉണ്ടായിരുന്നു. ആപത്തൊന്നും വരില്ലെന്നായിരുന്നു അവരുടെ ആശ്വാസവാക്കുകള്‍. വിതുമ്പുന്ന പി.ഡി.പി.പ്രവര്‍ത്തകരെ മഅദനിതന്നെ ആശ്വസിപ്പിച്ചു. തങ്ങളുടെ മയ്യത്തില്‍ ചവിട്ടി മാത്രമേ മഅദനിയെ കൊണ്ടുപോകൂ എന്ന് ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ.പിതാവ് അബ്ദുള്‍ സമദ് രാത്രി വൈകുംവരെ മകന്റെ അരികിലുണ്ടായിരുന്നു.സൂഫിയ മഅദനിക്ക് കൂട്ടായി അവരുടെ അമ്മയും സഹോദരിയും.ഉച്ചയ്ക്കുശേഷം ഉണര്‍ന്ന മഅദനി ഉഷാറിലായിരുന്നു. പ്രവര്‍ത്തകരെ കാണുകയും പത്രപ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തു.
ശാസ്താംകോട്ട: സുഫിയാ മഅദനിയെ ഏതുനിമിഷവും അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങളുടെ നടുവില്‍ അന്‍വാര്‍ശ്ശേരി.
മഅദനിയും ഭാര്യ സുഫിയും എത്തിയതു മുതല്‍ മഅദനിയുടെ തട്ടകമായ അന്‍വാര്‍ശ്ശേരിയും അഭ്യൂഹങ്ങളുടെ നടുവിലാണ്. എന്നാല്‍, ഞായറാഴ്ച രാവിലെ മുതല്‍ സുഫിയയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ ടി.വി.ചാനലുകളില്‍ മിന്നി മറഞ്ഞതോടെ ഇവിടെ അഭ്യൂഹങ്ങളും ശക്തമായി. രാവിലെ മുതല്‍ കൂടുതല്‍ പി.ഡി.പി. പ്രവര്‍ത്തകര്‍ അന്‍വാര്‍ശ്ശേരിയിലേക്ക് ഒഴുകി. അന്‍വാര്‍ശ്ശേരിയിലെ മഅദനിയുടെ മുറിക്ക് മുന്‍വശത്തെ ടി.വി.യുടെ മുന്നില്‍ പ്രവര്‍ത്തകര്‍ കൂടി നില്‍ക്കുന്നു.
അന്‍വാര്‍ശ്ശേരിയുടെ ഗേറ്റിലൂടെ അപരിചിതരെ കയറ്റിവിടുന്നില്ല.പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം പലയിടത്തായി നില്‍ക്കുന്നു. വൈകിട്ട് വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനം നടത്തുമ്പോഴും ധാരാളം പ്രവര്‍ത്തകര്‍ ഒപ്പമുണ്ടായിരുന്നു.
എന്റെ പിഞ്ചുമക്കളെയും തീവ്രവാദികളായി മുദ്രകുത്തും: മഅ്ദനി
ശാസ്താംകോട്ട: അധികം വൈകാതെ തന്റെ രണ്ട് പിഞ്ചുമക്കള്‍ക്ക് മേലും തീവ്രവാദത്തിന്റെ മുദ്രകുത്തി ജയിലില്‍ തള്ളുമെന്ന് അബ്ദുന്നാസിര്‍ മഅ്ദനി. ഒരു തെറ്റും ചെയ്യാത്ത എന്നെ ഒമ്പതര വര്‍ഷം ജയിലിലടയ്ക്കുകയും നിരപരാധിയായ ഭാര്യയെ ഇല്ലാത്ത ആരോപണങ്ങള്‍ ചാര്‍ത്തി കേസില്‍ പ്രതിയാക്കുകയും ചെയ്ത അനുഭവം മുന്‍നിറുത്തി ഇത് ഉറപ്പിച്ചുപറയാനാകും. അന്‍വാര്‍ശേãരി ശരീഅത്ത് കോളജ് ഓഫിസില്‍ 'മാധ്യമ'ത്തോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സൂഫിയയുടെ കാര്യത്തിലും എല്ലാം സര്‍വശക്തനും നീതിപീഠത്തിനും വിടുകയാണ്. ഒരു തരം നീതിയും അര്‍ഹിക്കാത്തവരാണ് അബ്ദുന്നാസിര്‍ മഅ്ദനിയെന്ന മതപണ്ഡിതനും കുടുംബവും എന്ന തിരിച്ചറിവിലാണ് ചിലരൊക്കെ. പക്ഷേ,എല്ലാക്കാലത്തും അവര്‍ക്ക് വിജയിക്കാനാകില്ല. സര്‍വശക്തനായ ദൈവം നീതി നടപ്പാക്കുമ്പോള്‍ അവര്‍ പരാജയപ്പെടുക തന്നെ ചെയ്യും. ദൈവം കഴിഞ്ഞാല്‍ ഏറ്റവും വിശ്വാസമുള്ളത് ഏതൊരു ഭാരതീയനെയും പോലെ നീതിപീഠത്തെയാണ്. നിരവധി തിക്താനുഭവങ്ങളിലൂടെ കടന്നുപോയവനാണ് ഞാന്‍. ഒരുപാട് പരീക്ഷണങ്ങള്‍ നേരിട്ടു. എന്നെ വേട്ടയാടാന്‍ ഇറങ്ങിയവര്‍ വട്ടംനിന്ന് ആക്രോശിച്ചപ്പോഴും ഒരുപാട് മനുഷ്യസ്നേഹികള്‍ സഹായവുമായെത്തി. എറണാകുളത്തെ വീടും പുരയിടവും വിറ്റും മനുഷ്യസ്നേഹികളുടെ സഹായത്താലും മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതി വരെ കേസ് നടത്തി നിരപരാധിത്തം തെളിയിക്കാന്‍ കഴിഞ്ഞു. പി.ഡി.പി രൂപവത്കരിച്ചപ്പോള്‍ ഒരു മതേതര ജനാധിപത്യ പ്രസ്ഥാനം എന്ന നിലയില്‍ അതിന്റെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കാന്‍ കഴിയാത്തവര്‍ നടത്തിയ അപഥസഞ്ചാരത്തിന് ഞാന്‍ ഉത്തരവാദിയാകണം എന്ന് പറയുന്നത് ഏതര്‍ഥത്തിലാണ്? ഡി.ഐ.ജി ടി.കെ. വിനോദ്കുമാര്‍ 18 മണിക്കൂര്‍ നേരം എന്നെയും സൂഫിയയെയും ചോദ്യം ചെയ്തപ്പോള്‍ നസീര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ഞങ്ങള്‍ക്ക് വന്ന ഭീഷണി നിറഞ്ഞ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. അന്ന് നസീര്‍ ഏതോ വിദേശരാജ്യത്തായിരുന്നു. ഞങ്ങള്‍ നല്‍കിയ വിശദാംശങ്ങളുടെ ആധികാരികത 'ക്രോസ്ചെക്ക്' ചെയ്യാന്‍ കൂടി തയാറാകാതെയാണ് ടി.കെ.വിനോദ്കുമാറിന്റെ അഭാവത്തില്‍ സൂഫിയയെ പ്രതിയാക്കിയിരിക്കുന്നത്.തേവലക്കരയില്‍ അലവിക്കുഞ്ഞ് മൌലവിയും തൃശൂര്‍ കാട്ടൂരില്‍ അലി മൌലവിയും പള്ളികള്‍ക്കുള്ളില്‍ അക്രമികളാല്‍ കൊല്ലപ്പെടുകയും ഭീവണ്ടിയിലും ഭഗല്‍പൂരിലും മറ്റും വര്‍ഗീയ കലാപം ഉണ്ടാകുകയും ഒക്കെ ചെയ്തപ്പോള്‍ അതിനെതിരെ ആവേശപൂര്‍വം ഞാന്‍ സംസാരിച്ചിട്ടുണ്ട്. കൂടുതല്‍ പക്വത നേടിയപ്പോള്‍ അത് തിരുത്തുകയും ചെയ്തു. ഇതൊക്കെ മറന്നുകൊണ്ടാണ് ചെന്നിത്തല, തീവ്രവാദം വളര്‍ത്തിയത് പി.ഡി.പി ആണെന്ന് പറയുന്നത്. മൌലവിമാര്‍ പള്ളിയില്‍ കൊല്ലപ്പെട്ടതിനെപ്പറ്റി രമേശിന് വ്യത്യസ്ത കാഴ്ചപ്പാടുണ്ടാകുന്നത് സ്വാഭാവികമാണ്. അദ്ദേഹത്തിന്റെ പശ്ചാത്തലം അറിയുന്ന കേരള സമൂഹത്തിന് അത് മനസ്സിലാകും. സി.പി.എമ്മിനെയും ഇടതുമുന്നണിയെയും പിന്തുണച്ചത് അവര്‍ സാമ്രാജ്യത്വവിരുദ്ധ അജണ്ട ഉയര്‍ത്തിപ്പിടിച്ചതിനാലാണ്. തുടര്‍ന്നും ആ ബന്ധം വേണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊരു നിര്‍ബന്ധവുമില്ല. ഒരു മതേതര ജനാധിപത്യ പ്രസ്ഥാനം എന്ന നിലയില്‍ പി.ഡി.പിക്ക് ആരുടെയും തോളില്‍ ചാരാതെ നില്‍ക്കാനാകും. അത്തരം മുദ്രാവാക്യമാണ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത്. ദലിത് പിന്നാക്ക സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിന്റെ നിലപാടുതറയില്‍ ഉറച്ചുനില്‍ക്കുന്നതാണ് ഈ വേട്ടയാടലുകളുടെയെല്ലാം കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി സാമുദായിക നേതാക്കളും മതപണ്ഡിതന്മാരും പാര്‍ട്ടിപ്രവര്‍ത്തകരും ഇന്നലെ അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിച്ചു. ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൌലവി ഇന്നലെ വൈകുന്നേരം അന്‍വാര്‍ശേãരിയിലെത്തി മഅ്ദനിയുമായി ചര്‍ച്ച നടത്തി.
നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത് മഅദനിയുടെ പിതാവ് സമദ്
കൊല്ലം: തന്റെ മരുമകള്‍ സൂഫിയ മഅദനി ഏതെങ്കിലും തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുവെന്ന് താന്‍ കരുതുന്നില്ലെന്ന് അബ്ദുള്‍ നാസര്‍ മഅദനിയുടെ പിതാവ് റിട്ട. ഹെഡ്മാസ്റ്റര്‍ മൈനാഗപ്പള്ളി വേങ്ങ തോട്ടുവാ മന്‍സിലില്‍ എ.അബ്ദുള്‍ സമദ് പറഞ്ഞു. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത്.സുഫിയ മഅദനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണത്തിന് ആധാരമായ സംഭവം നടന്നത് മഅദനി ജയിലില്‍ കിടന്ന സമയത്തായിരുന്നു. ആ സമയത്ത് പലരും സഹായവാഗ്ദാനവുമായി വരികയും ഫോണ്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ആരു വിളിക്കുന്നുവെന്ന് നോക്കിയല്ല ഫോണ്‍ എടുക്കുന്നത്. താന്‍കൂടി ചെന്നാല്‍ മഅദനിയെ ജയിലില്‍നിന്ന് ഇറക്കിക്കൊണ്ടുവരാമെന്നു പറഞ്ഞ് സിദ്ധന്‍ എന്ന് അവകാശപ്പെട്ട ഒരാള്‍ തന്നെ വന്നു കണ്ടിരുന്നു.മകനെക്കുറിച്ചും മരുമകളെക്കുറിച്ചും നിരന്തരം വാര്‍ത്തകള്‍ വന്നപ്പോള്‍ പരിഭ്രാന്തയായ തന്റെ ഭാര്യ അസ്മ ബീവി ആവശ്യപ്പെട്ടിട്ടാണ് മഅദനിയും സൂഫിയ മഅദനിയും വെള്ളിയാഴ്ച രാത്രി കുടുംബവീട്ടില്‍ എത്തിയതെന്ന് അബ്ദുള്‍ സമദ് പറഞ്ഞു. തന്റെ ഭാര്യ രോഗിയാണ്. അവരെയും തന്നെയും കണ്ടശേഷം മഅദനിയും ഭാര്യയും അന്‍വാര്‍ശ്ശേരി യത്തീംഖാനയിലേക്ക് പോയി.1987ല്‍ മഅദനിതന്നെ സ്ഥാപിച്ച അന്‍വാറുല്‍ ഇസ്‌ലാം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് അന്‍വാര്‍ശ്ശേരി യത്തീംഖാന പ്രവര്‍ത്തിക്കുന്നത്. 200-ഓളം അനാഥക്കുട്ടികള്‍ അവിടെ താമസിച്ചു പഠിക്കുന്നു. മദ്രസയില്‍ മതപഠനവും പുറത്തെ വിദ്യാലയങ്ങളില്‍ ഔപചാരികവിദ്യാഭ്യാസവും നടത്തുന്നു. യത്തീംഖാനയില്‍ താമസിച്ച് എല്‍എല്‍.ബി.എടുത്തവര്‍വരെ ഉണ്ട്.ഉദാരമതികളുടെ സഹായംകൊണ്ടാണ് യത്തീംഖാന പ്രവര്‍ത്തിക്കുന്നതെന്ന് സമദ് പറഞ്ഞു. ഒരു വിദേശസഹായവും ഇതുവരെ സ്വീകരിച്ചിട്ടില്ല.മഅദനി ജയിലിലായിരുന്നപ്പോള്‍ യത്തീംഖാനയില്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.ഒറ്റയ്ക്ക് പ്രാഥമിക കൃത്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ മഅദനിക്ക് കഴിയില്ലെന്ന് പിതാവ് പറഞ്ഞു. സൂഫിയയെ അറസ്റ്റ് ചെയ്താല്‍ തന്റെ മകന്റെ കാര്യം കഷ്ടത്തിലാവും. 'എന്റെ മനസ്സ് നീറുകയാണ്. എനിക്ക് ഒരു രാഷ്ട്രീയവുമില്ല. പി.ഡി.പി.യില്‍പോലും അംഗവുമല്ല'-അദ്ദേഹം പറഞ്ഞു.ഓച്ചിറ, പരേതനായ മരുതവന ഇബ്രാഹിം കുട്ടി ഹാജിയുടെയും എരുമേലി സ്വദേശിനി ഫാത്തിമയുടെയും മകളാണ് സൂഫിയ. ഇവരുടെ മക്കള്‍ ഉമര്‍ മുഖ്താ(14)റും സലാഹുദ്ദീന്‍ അമൂബി(11)യും കായംകുളത്തിനടുത്ത് ഒരു മദ്രസയില്‍ മതപഠനം നടത്തുന്നു. ഖുറാന്‍ മനഃപാഠം ആക്കുകയാണ് അവര്‍ ചെയ്യുന്നത്.മഅദനിയുടെ ആദ്യഭാര്യയുടെ മകള്‍ ഷെമീറ(18) കൊട്ടിയത്തുള്ള അമ്മയുടെ വീട്ടില്‍ താമസിച്ച് ഡിഗ്രിക്ക് പഠിക്കുന്നു
സത്യാഗ്രഹം തുടരുന്നു ആരവങ്ങളൊഴിഞ്ഞ് അന്‍വാര്‍ശ്ശേരി
ശാസ്താംകോട്ട:അന്‍വാര്‍ശ്ശേരി ചൊവ്വാഴ്ച ശാന്തമായിരുന്നു...ആരവങ്ങളും ആള്‍ക്കൂട്ടവുമില്ലാതെ... അതേസമയം,മഅദനിക്കും കുടുംബത്തിനും എതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി.പ്രവര്‍ത്തകര്‍ കുറ്റിയില്‍മുക്കില്‍ നടത്തുന്ന റിലേ നിരാഹാരസമരം ചൊവ്വാഴ്ചയും തുടര്‍ന്നു.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മഅദനിയെ പത്താംപ്രതിയാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയും ഭാര്യ സൂഫിയ മഅദനിയും മൈനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയില്‍ എത്തുന്നത്. സൂഫിയ മഅദനിയെ ഏതുനിമിഷവും അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തകള്‍ പരന്നതിനെ തുടര്‍ന്ന് ഇവിടം ശ്രദ്ധാകേന്ദ്രമായി.
സൂഫിയ മഅദനി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിങ്കളാഴ്ച അന്‍വാര്‍ശ്ശേരി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ചൊവ്വാഴ്ച എല്ലാം ശാന്തമായിരുന്നു. മഅദനിയുടെ സംരക്ഷണത്തിനായി നിയോഗിച്ചിട്ടുള്ള പോലീസും മുറ്റത്തെ വേദിയില്‍ പ്രാര്‍ത്ഥനകളുമായി അന്തേവാസികളും പി.ഡി.പി.പ്രവര്‍ത്തകരും.
anwarinayi oru sitine panippurayilanu
മറുപടിഇല്ലാതാക്കൂwww.anwarssery.in
ee link ningalkku ningalude blogil add cheyyam