തിരുവനന്തപുരം: ഇസ്‌ലാം വിശ്വാസികള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കി തീവ്രവാദികളെ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഇരയാണ് താനെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറയുന്നു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തന്നെയും ഭാര്യയെയും കര്‍ണാടക പോലീസ് ചോദ്യം ചെയ്തുവെന്നും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅദനി അറിയിച്ചു.
''കഴിഞ്ഞ ഫിബ്രവരി മുതല്‍ കര്‍ണാടക പോലീസ് ബാംഗ്ലൂരില്‍ എത്തി സാക്ഷി പറയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ വിലക്കുള്ളതിനാല്‍ അതിന് കഴിയില്ലെന്ന് അവരെ അറിയിച്ചു. കഴിഞ്ഞ വെളളിയാഴ്ച ഡിവൈ.എസ്.പി ഓംകാരയ്യയുടെ നേതൃത്വത്തിലുള്ള ഒരു സംഘം കൊച്ചിയിലെ വീട്ടിലെത്തി. പത്തുമിനിട്ടോളം അവര്‍ സൂഫിയയുമായി സംസാരിച്ചു. എന്നോട് രണ്ടുമിനിട്ട് സംസാരിച്ചു. ഒരു ആല്‍ബം കാണിച്ചു. അതിലുള്ള കുറേ ഫോട്ടോയെ ഞാന്‍ തിരിച്ചറിഞ്ഞു. ചില പി.ഡി.പി നേതാക്കളുടെ പേര്‍ അവര്‍ ചോദിച്ചു. സൂഫിയ ഉപയോഗിച്ചിരുന്ന രണ്ട് ഫോണ്‍ നമ്പരുകളെക്കുറിച്ചും അവര്‍ ചോദിച്ചു. പിന്നീട് ഒരു സ്റ്റേറ്റ്‌മെന്റില്‍ ഒപ്പിട്ടുകൊടുത്തു. ഇത്രയുമാണ് സംഭവിച്ചത്'' - മഅദനി പറഞ്ഞു.
''ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്സിലെ പ്രതിയെന്ന് പറയുന്ന തടിയന്റവിട നസീറിനെക്കൊണ്ട് എന്റെ പേര് പറയിക്കാന്‍ ഗൂഢശ്രമം നടക്കുകയാണ്. ഇതിനായി അയാളെ ജയിലില്‍ കൊടിയ പീഡനത്തിന് വിധേയമാക്കുകയാണെന്ന് അറിയാന്‍ കഴിഞ്ഞു. ഞാന്‍ കോയമ്പത്തൂരില്‍ ജയിലില്‍ പോകുന്ന സമയം ഇങ്ങനെയൊരു കഥാപാത്രത്തെ കേരള പോലീസിന് പോലും അറിയില്ല. ഇപ്പോള്‍ അയാളെ ഉപയോഗിച്ച് എന്നെ വേട്ടയാടുകയാണ്. എന്നെപ്പോലൊരു മതപണ്ഡിതന്‍ പോലും ഈ വിധം പീഡനം അനുഭവിക്കുകയാണെന്ന് ഇസ്‌ലാം മതവിശ്വാസികളെ ബോധ്യപ്പെടുത്തുകയും അതുവഴി തീവ്രവാദികളെ സൃഷ്ടിക്കാനുമുള്ള ശ്രമം നടക്കുകയുമാണ്'' - മഅദനി തുടര്‍ന്നു.
തടിയന്റവിട നസീറിനെ കണ്ടാല്‍ തിരിച്ചറിയുമെന്നല്ലാതെ മറ്റൊരു ബന്ധവുമില്ല. അയാള്‍ മറ്റേതോ സംഘടനകളുടെ ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെയുള്ള അയാളെക്കൊണ്ട് എനിക്കെതിരെ പറയിപ്പിക്കാനാണ് ഐ.ബി. ശ്രമിക്കുന്നത്.
മുസ്‌ലിങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചതിനാലാണ് ഭരണകൂടം തന്നെ വേട്ടയാടുന്നതെന്ന് മഅദനി പറഞ്ഞു. കോയമ്പത്തൂരില്‍ സാമാന്യം സ്വാധീനശാലികളായ മുസ്‌ലിം സമൂഹം, സ്‌ഫോടനത്തിനുശേഷം ക്ഷയിച്ചതെങ്ങനെയെന്ന് നേരിട്ടുകണ്ട് മനസ്സിലാക്കിയ ആളാണ് ഞാന്‍. എല്ലാവിധ സ്‌ഫോടനങ്ങള്‍ക്കും ഞാന്‍ എതിരാണ്. ഇസ്‌ലാമും പ്രവാചകനും തീവ്രവാദത്തിനെതിരാണെന്ന് ഞാന്‍ പറയും. 24 മണിക്കൂറും എന്റെ ടെലിഫോണ്‍ ചോര്‍ത്തുകയാണ് - മഅദനി പറഞ്ഞു.
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ രാഷ്ട്രസന്ദേശയാത്രയില്‍ ഡിസ്‌കിനേറ്റ ക്ഷതത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മഅദനി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിയത്. രക്തസമ്മര്‍ദവും പ്രമേഹവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. പോലീസ് കാവലില്‍ ചികിത്സയില്‍ കഴിയുന്ന മഅദനി സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ