മലപ്പുറം: മഅദനിയേയും കുടുംബത്തേയും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ കുടുക്കാനുള്ളനീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പി.ഡി.പി നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുള്‍ അസീസ് ആരോപിച്ചു. ഏത് വിധേനയും രണ്ടിലൊരാളെ കേസിന്റെ ഏതെങ്കിലുമൊരു തുമ്പത്ത് കെട്ടുകയെന്ന താത്പര്യം അന്വേഷണ ഏജന്‍സികള്‍ക്ക് തുടക്കം മുതലേ ഉണ്ടായിരുന്നതായും അബ്ദുല്‍ അസീസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതിനായി തടിയന്റവിട നസീറിനെ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍വഴി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
യു.പി.എ സര്‍ക്കാര്‍ ദേശീയാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പോലീസ് രാജിന്റെ തുടര്‍ച്ചയാണ് പുതിയ സംഭവവികാസങ്ങള്‍. അതാണ് മഅദനിക്കെതിരെയും പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ്- ലീഗ്- ബി.ജെ.പി പിന്തുണയോടെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് അരങ്ങേറിയ സംഭവങ്ങളുടെ ആവര്‍ത്തനം പഞ്ചായത്ത്- നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സന്ദര്‍ഭത്തില്‍ പാര്‍ട്ടി പ്രതീക്ഷിച്ചതാണെന്നും അബ്ദുള്‍ അസീസ് കുറ്റപ്പെടുത്തി.
ഇത്തരം ആക്രമണങ്ങളെ നേരിടാന്‍ പി.ഡി.പി സുസജ്ജമാണ്. മഅദനിക്കും കുടുംബത്തിനുമെതിരെയുള്ള ആക്രമണങ്ങളെ പാര്‍ട്ടി രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് ബാപ്പു പുത്തനത്താണി, ജില്ലാസെക്രട്ടറി അഡ്വ. ഷംസുദ്ധീന്‍ കുന്നത്ത്, സെക്രട്ടേറിയറ്റംഗം ഹനീഫ പുത്തനത്താണി എന്നിവരും പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ