തിരുവനന്തപുരം: നേരത്തെ തയ്യാറാക്കിയ നാടകത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെന്ന് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനി പത്രസമ്മേളനത്തില്‍ പറഞ്ഞു. കേസും ആശുപത്രി പ്രവേശനവും തമ്മില്‍ ബന്ധമില്ല. കര്‍ണാടക പോലിസ് വീട്ടില്‍ വന്നു കാണുന്നതിന് മുമ്പ് തന്നെ ഡോക്ടറെ കാണാന്‍ അനുമതി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ആശുപത്രിയില്‍ അനാവശ്യ സൗകര്യങ്ങള്‍ തന്നുവെന്ന പ്രചാരവും ഡോക്ടറുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍ വിശ്രമം പറഞ്ഞിട്ടും നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങിപോരുകയായിരുന്നു. ഡോക്ടര്‍ ബലിയാടാവാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. തുടര്‍ ചികില്‍സ അന്‍വാര്‍ശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും മഅ്ദനി പറഞ്ഞു.
ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാക്ഷി പറയാന്‍ എത്തണമെന്ന് അറിയിച്ചു കൊണ്ടുള്ള കര്‍ണ്ണാടക പോലിസിന്റെ നോട്ടീസ് നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ അനാരോഗ്യം കാരണം എനിക്കും ജില്ല വിടരുതെന്ന കോടതി ഉത്തരവു കാരണം ഭാര്യക്കും പോകാന്‍ കഴിയില്ല എന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ണാടക പോലിസ് വീട്ടില്‍ വന്ന് മൊഴി എടുത്തത്. ബംഗ്ലൂര്‍ സ്ഫോടനവുമായോ രാജ്യത്ത് നടന്ന ഏതെങ്കിലും ഒരു സ്ഫോടനവുമായോ തനിക്കു ബന്ധമില്ല. പ്രതിയാക്കുമോ എന്ന കാര്യത്തില്‍ ആശങ്കയില്ലെന്നും അങ്ങിനെയുണ്ടായാല്‍ നിയമപരമായി അതിനെ നേരിടുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇപ്പോഴത്തെ സംഭവ വികാസങ്ങളൊന്നും വലിയ സംഭവമായി താന്‍ കാണുന്നില്ലെന്നും മഅ്ദനി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ