മഅദനിയെ ബലിയാടാക്കി യദാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമം - പി.ഡി.പി.

കൊല്ലം: അബ്ദുന്നാസിര്‍ മഅ്ദനിയെ കള്ളക്കേസ് ചുമത്തി വീണ്ടും നാടുകടത്താനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങാന്‍ പി.ഡി.പി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. ഇന്റലിജന്‍സ് ബ്യൂറോയിലെ ചില ഉദ്യോഗസ്ഥര്‍ മഅ്ദനിക്കെതിരായ നീക്കത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മഅ്ദനിയെ നാടുകടത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ജൂണ്‍ 12 മുതല്‍ 25 വരെ സംസ്ഥാനവ്യാപകമായി റാലികളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. മഅ്ദനിയെ പ്രതിചേര്‍ക്കാനുള്ള തീരുമാനവുമായി ഭരണകൂടം മുന്നോട്ടുപോവുകയാണെങ്കില്‍ അനിശ്ചിതകാല നിരാഹാരസമരത്തിനിറങ്ങും. അറസ്റ്റുണ്ടായാല്‍ അത് തടയുകയല്ല, പകരം അത് അംഗീകരിക്കില്ലെന്ന സന്ദേശംനല്‍കുകയാണ് പ്രക്ഷോഭപരിപാടികളിലൂടെ ഉദ്ദേശിക്കുന്നത്.

രാജ്യത്തെവിടെയെങ്കിലും നടന്ന തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ മഅ്ദനിക്കെതിരെ കേസെടുക്കുന്നതിനാവശ്യമായ തെളിവുകളോ സാഹചര്യങ്ങളോ ഉണ്ടായിട്ടില്ല. 2007 ആഗസ്റ്റ് ഒന്നിന് ജയില്‍മോചിതനായ ശേഷം 24 മണിക്കൂറും സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക പൊലീസ് സുരക്ഷക്ക് കീഴിലാണ് അദ്ദേഹമുള്ളത്. നിരന്തരം ടാപ്പ് ചെയ്യപ്പെടുന്നതാണ് അദ്ദേഹത്തിന്റെയും ഭാര്യയുടെയും മൊബൈല്‍ ഫോണ്‍. പൊതുസന്ദര്‍ശകര്‍ക്ക് പാര്‍ട്ടിയും മഅ്ദനി തന്നെയും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം മറികടന്ന് തെറ്റായ പ്രവര്‍ത്തനങ്ങളില്‍ മഅ്ദനി ഇടപെട്ടുവെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്.
 തദ്ദേശസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രതിച്ഛായ നശിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ മഅ്ദനി വിരുദ്ധനീക്കം. അന്യായമായി മഅ്ദനിയെ ജയിലില്‍ അടയ്ക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. മതപണ്ഡിതനും ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവുമായ മഅ്ദനിയെ തുറങ്കിലടക്കുന്നതിലൂടെ സംഭവിക്കുന്ന അപകടം രാജ്യസ്‌നേഹികളും ഭരണകൂടവും കാണാതിരിക്കരുത്. തെറ്റായ ഇത്തരം നടപടി പുതിയ തീവ്രവാദികളെ സൃഷ്ടിക്കാനും നിലവിലുള്ള രാജ്യവിരുദ്ധ സംഘടനകള്‍ക്ക് രാഷ്ട്രത്തിനും അതിന്റെ വ്യവസ്ഥിതിക്കുമെതിരായ വികാരംവളര്‍ത്താനും മാത്രമേ ഉപകരിക്കുകയുള്ളൂ. ഇതിനെതിരെ ജനാധിപത്യ മതേതര കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ജനാധിപത്യപരമായ പ്രക്ഷോഭപരിപാടികള്‍ വിജയിപ്പിക്കുന്നതിനായി സമരസമിതി, സമരസഹായസമിതി എന്നിവ രൂപവത്കരിക്കാനും തീരുമാനിച്ചു. സമരസമിതി ഭാരവാഹികള്‍: പൂന്തുറ സിറാജ് (ചെയ.), ഗഫൂര്‍ പുതുപ്പാടി (ജന. കണ്‍.), വര്‍ക്കല രാജ് (വൈ. ചെയ.), സാബു കൊട്ടാരക്കര (ജോ. കണ്‍.), സി.കെ. അബ്ദുല്‍ അസീസ്, അഡ്വ. അക്ബര്‍ അലി, അജിത്കുമാര്‍ ആസാദ്, സുബൈര്‍ സബാഹി, മാഹിന്‍ ബാദുഷ മൗലവി, അഡ്വ. വള്ളിക്കുന്നം പ്രസാദ്, സി.എച്ച്. അഷ്‌റഫ് (അംഗങ്ങള്‍. വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കലരാജ്, സുനില്‍ഷാ, മൈലക്കാട് ഷാ, സുബൈര്‍ സബാഹി എന്നിവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.