മഅദനിയെ ഇനിയും വേട്ടയാടരുത്‌, ഭരണസിരാ കേന്ദ്രത്തിലേക്ക് ഉജ്ജ്വല പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅദനിക്ക് നീതി തേടി കേരള മുസ്‌ലിം സംയുക്ത വേദി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിലും തുടര്‍ന്ന് ധര്‍ണയിലും പ്രതിഷേധമിരമ്പി. വിവിധ മുസ്ലിം സംഘടനകള്‍ക്ക് പുറമേ മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കാളികളായി.  മഅദനിക്കെതിരായ ഗൂഢാലോചന പി.ഡി.പിയുടെയും മുസ്‌ലിം സമുദായത്തിന്റെയും മാത്രം പ്രശ്‌നമല്ലെന്നും നീതി പുലരണമെന്ന് ആഗ്രഹിക്കുന്ന കേരള മുഴുവന്‍ ജനങ്ങളുടെയും പ്രശ്‌നമാണെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബി.ആര്‍.പി.ഭാസ്‌കര്‍ പറഞ്ഞു. കോയമ്പത്തൂരില്‍ ചെയ്യാത്ത കുറ്റത്തിന് 10 വര്‍ഷം ജയില്‍വാസമനുഷ്ഠിച്ച മഅദനിയോടാണ് കുറ്റം ചെയ്തില്ലെങ്കില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്ന് കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്. രാജ്യത്ത് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ, ഇതെല്ലാം മുസ്‌ലിംകള്‍ ചെയ്യുന്നതാണെന്ന് പ്രചരിപ്പിച്ച് സമുദായത്തെ പ്രതിക്കൂട്ടിലേറ്റാനാണ് ശ്രമം. പല തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഹിന്ദു തീവ്രവാദികളാണെന്ന് തെളിയിക്കപ്പെട്ടിട്ടും ഈ യാഥാര്‍ഥ്യം മറച്ചുവെച്ച് മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിലേറ്റാനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.ദലിത് പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മഅദനിയുടെ പ്രശ്‌നം ദലിത് സമൂഹത്തിന്റെകൂടി പ്രശ്‌നമാണെന്ന് ബി.എസ്.പി നേതാവ് നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു.
മഅദനിയുടെ പ്രശ്‌നം മനുഷ്യാവകാശ പ്രശ്‌നമായി കണക്കാക്കി കേരള സമൂഹം പ്രതികരിക്കാന്‍ തയാറാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. രാജ്യത്ത് പങ്കില്ലെന്ന് തെളിഞ്ഞ തീവ്രവാദ കേസുകളില്‍ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാനുള്ള ബാധ്യത മന്ത്രി മുല്ലപ്പള്ളിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ അകാരണമായി ജയില്‍വാസമനുഷ്ഠിച്ച മഅദനിക്കുവേണ്ടി തമിഴ്‌നാട്ടില്‍പോയ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെയും ഇപ്പോഴത്തെ നിലപാടെന്താണെന്ന് അറിയാന്‍ കേരളത്തിന് താല്‍പര്യമുണ്ടെന്ന് മാധ്യമ നിരൂപകന്‍ ഭാസുരേന്ദ്രബാബു പറഞ്ഞു.

മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി.

പാളയത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ്‌ കെ.പി. അബൂബക്കര്‍ ഹസ്രത്ത് പ്രാര്‍ഥന നടത്തി. മുസ്ലിം സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവി ധര്‍ണയില്‍ അധ്യക്ഷത വഹിച്ചു. സൈഫുദ്ദീന്‍ഹാജി (എസ്.വൈ.എസ്.) പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി (കേരള മഹല്ല് ഇമാം ഐക്യവേദി), കരമന അഷ്‌റഫ് മൗലവി (പി.എഫ്.ഐ. ), ഡോ. അമീന്‍ (ഇന്ത്യന്‍ നാഷണല്‍ ലീഗ്), മുഹമ്മദ് സ്വാലിഹ് മൗലവി, ആസിഫ് അലി, പി.ഡി.പി.തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്‌ അഡ്വ. സത്യദേവ്, കടയ്ക്കല്‍ ജുനൈദ് (ജമാഅത്ത് ഫെഡറേഷന്‍ ) , അഡ്വ. ഷാനവാസ് (മൈനോറിറ്റി വാച്ചസ്), പാനിപ്ര ഇബ്രാഹിം മൗലവി, അബ്ദുല്‍ മജീദ് നദ്‌വി, നൗഫല്‍ എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. അബ്ദുല്‍ ശുക്കൂര്‍ മൗലവി അല്‍ ഖാസിമി സ്വാഗതവും മുണ്ടക്കയം ഹുസൈന്‍ മൗലവി നന്ദിയും പറഞ്ഞു.
 

തിരുവനന്തപുരം: പി.ഡി.പി. ചെയര്‍മാന്‍ മഅദനിയെ വീണ്ടും ജയിലിലടക്കാനുള്ള നീക്കം മനുഷ്യത്വരഹിതമാണെന്ന് മുസ്‌ലിം സംയുക്തവേദി. മഅദനി നേരിടുന്ന മനുഷ്യാവകാശലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാന വ്യാപകമായി പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് വേദി ഭാരവാഹികളായ അബ്ദുശ്ശുക്കൂര്‍ അല്‍ഖാസിമി, അബ്ദുല്‍മജീദ്‌നദ്‌വി, ഷിജു തോന്നയ്ക്കല്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മഅദനിയെ പൊതുരംഗത്തുനിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് ബാംഗ്ലൂര്‍ സ്‌ഫോടനകേസുമായി ബന്ധം കെട്ടിച്ചമയ്കുന്നത്. ഇതിനെതിരെ വിവിധ മുസ്‌ലിം സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. ബി.ആര്‍.പി. ഭാസ്‌കര്‍ ധര്‍ണ ഉദ്ഘാടനംചെയ്യും. മാര്‍ച്ചിനു ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ്‌ കെ.പി.അബൂബക്കര്‍ ഹസ്രത്ത്‌, ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞ് മൌലവി, മുന്‍ മന്ത്രിയും ബി.എസ്.പി.നേതാവുമായ നീല ലോഹിത ദാസ നാടാര്‍, മാധ്യമ പ്രവര്‍ത്തകന്‍ ബാസുരേന്ദ്ര ബാബു, ഫാദര്‍ ജോണ് കുണ്ടുകുളം, കേരള മഹല്ല് ഇമാം ഐക്യവേദി ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി, മൈനോറിറ്റി  റൈട്സ് വാച്ച് ചെയര്‍മാന്‍ അഡ്വ. ഷാനവാസ് എന്നിവര്‍ സംസാരിക്കും.
മഅദനിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊച്ചിയില്‍ വന്‍ പ്രതിഷേധ റാലി
കൊച്ചി:ബംഗളൂരു സ്‌ഫോടനക്കേസില്‍ കുടുക്കി പി.ഡി.പി നേതാവ് ബ്ദുന്നാസിര്‍ മഅ്ദനിയെ ജയിലിലടക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം സംയുക്ത വേദിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ വന്‍ പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തി. ചൊവ്വാഴ്ച വൈകുന്നേരം രാജേന്ദ്രമൈതാനിയില്‍ നിന്നാരംഭിച്ച പ്രകടനം ഹൈകോടതി ജങ്ഷനില്‍ സമാപിച്ചു. പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
പൊതുസമ്മേളനം കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന സെക്രട്ടറി പാച്ചല്ലൂര്‍ സലിം മൗലവി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവി അധ്യക്ഷത വഹിച്ചു. വി.എച്ച്. അലിയാര്‍ മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), എസ്.എം. സൈനുദ്ദീന്‍ (ജമാഅത്തെ ഇസ്‌ലാമി), അബ്ദുല്‍ കരീം (ഐ.എന്‍.എല്‍), അബ്ദുല്‍ ജലീല്‍ ആലുവ (എന്‍.വൈ.എല്‍), പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈര്‍ സ്വബാഹി, അബ്ദുല്‍ സലാം മൗലവി (ഇമാം ഐക്യവേദി), പൂക്കോയ തങ്ങള്‍ മൗലവി (മുസ്‌ലിം യുവജന വേദി), ബഷീര്‍ മുഹ്‌യിദ്ദീന്‍ മൗലവി (സോളിഡാരിറ്റി), ഷിഫാര്‍ മൗലവി, മുനീബ് തങ്ങള്‍ സഖാഫി, മുസ്‌ലിം സംയുക്തവേദി ജനറല്‍ സെക്രട്ടറി ടി.എ. മുജീബ് റഹ്മാന്‍, നിസാര്‍ മാഞ്ഞാലി, സുബൈര്‍ വെട്ടിയാനിക്കല്‍ എന്നിവര്‍ സംസാരിച്ചു. മീരാന്‍ മൗലവി ബാഖവി സ്വാഗതം പറഞ്ഞു. സുലൈമാന്‍ മൗലവി ഖിറാഅത്ത് നടത്തി.
പ്രകടനത്തിന് കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവി, അലിയാര്‍ മൗലവി, അബ്ദുല്‍ സാലം മൗലവി, കടലായി സലീം മൗലവി, സുബൈര്‍ സ്വബാഹി, നാസറുദ്ദീന്‍ ഖാസിമി തൊടുപുഴ, മുനീബ് തങ്ങള്‍, മീരാന്‍ ബാഖവി തുടങ്ങിയവര്‍ നേതൃത്വംനല്‍കി. കള്ളക്കേസില്‍ കുടുക്കി മഅ്ദനിയെ അറസ്റ്റ് ചെയ്യാനും ജയിലിലടക്കാനുമുള്ള നീക്കത്തിനെതിരെ നിയമത്തിന്റെ പരിധിയില്‍ നിന്ന് പൊരുതുമെന്ന് സമ്മേളനം പ്രഖ്യാപിച്ചൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.