മഅദനി കേസ്: സര്‍ക്കാരുകളുടെ അസാധാരണ ഇടപെടല്‍ വേണം- പി.ഡി.പി.

കൊല്ലം:പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി ലഭിക്കാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ അസാധാരണ ഇടപെടല്‍ ഉണ്ടാകണമെന്ന് പി.ഡി.പി.ആവശ്യപ്പെട്ടു. മുമ്പൊരു കേസില്‍ പീഡനമനുഭവിച്ചയാളെന്ന നിലയില്‍ മഅദനിയുടെ കേസ് പ്രത്യേക കേസായി കാണണമെന്നും പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി അന്‍വാര്‍ശ്ശേരിയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മഅദനി അറസ്റ്റ് ചെയ്യപ്പെടാമെന്ന അവസ്ഥയില്ലേ എന്ന ചോദ്യത്തിന് അക്കാര്യം ബാംഗ്ലൂര്‍ പോലീസാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു ഗഫൂറിന്റെ മറുപടി. അത്തരമൊരവസ്ഥ ഉണ്ടാകുമ്പോള്‍ മാത്രമേ അതിനോടുള്ള പ്രതികരണം വ്യക്തമാക്കാനാകൂ.

സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ കൈയിലുള്ള രേഖകള്‍ പോലും മുഖവിലയ്‌ക്കെടുക്കാതെയാണ് ഈ കേസെടുത്തിരിക്കുന്നത്. ഇത് പരിശോധിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ഇടപെടാനും സര്‍ക്കാരുകള്‍ തയ്യാറാകണം. നിയമം നിയമത്തിന്റെ വഴിക്കെന്ന് ഒഴുക്കന്‍മട്ടില്‍ പറഞ്ഞതുകൊണ്ടായില്ല. നിയമത്തെ രാജ്യത്തെ അന്വേഷണ ഏജന്‍സികളിലുള്ള ചിലര്‍ വളച്ചൊടിക്കുകയാണ്. അവരെ തുറന്നുകാണിക്കാനാണ് പി.ഡി.പി.യുടെ ജനകീയപ്രക്ഷോഭം.ജനാധിപത്യമാര്‍ഗത്തില്‍ സമരം ചെയ്യണമെന്നു പറയുന്ന നേതാക്കന്മാര്‍ ഈ സമരത്തെ കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല.
 അറസ്റ്റുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം ഊഹിക്കാനാവില്ല. അത്രയേറെ പ്രതിഷേധം ഇക്കാര്യത്തിലുണ്ട്. ഈ പ്രതിഷേധത്തെ ജനാധിപത്യ രീതിയില്‍ പ്രകടിപ്പിക്കാനാണ് പി.ഡി.പി. ശ്രമിക്കുന്നത്- ഗഫൂര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ സാബു കൊട്ടാരക്കര, മുഹമ്മദുകുട്ടി കേച്ചേരി, വള്ളികുന്നം പ്രസാദ്, മാഹിന്‍ ബാദുഷാ മൗലവി, സുനില്‍ ഷാ, നസീര്‍ അടിമാലി, മുജീബ് ആലുവ, അഡ്വ. സിറാജ് കാഞ്ഞിരമറ്റം എന്നിവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.