കൊച്ചി: ബംഗളൂരു സ്‌ഫോടനത്തില്‍ മുഖ്യകണ്ണി തടിയന്റവിട നസീര്‍ കൊച്ചിയിലെത്തി അബ്ദുന്നാസര്‍ മഅദനിയുമായി കൂടിക്കാഴ്ച നടത്തിയെന്നതിന് തെളിവായി ബംഗളൂരു പോലീസ് സാക്ഷിമൊഴി രേഖപ്പെടുത്തിയ വ്യക്തി ബംഗളൂരു പോലീസിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ് ഫയല്‍ ചെയ്തു. ആലുവാ കുരീക്കല്‍ വീട്ടില്‍ ജോസ് വര്‍ഗീസാണ് ബംഗളൂരു സ്‌ഫോടനത്തെക്കുറിച്ച് നസീറും മഅദനിയും സംസാരിക്കുന്നത് കേട്ടുവെന്ന് ബംഗളൂരു പോലീസ് രേഖപ്പെടുത്തിയതിനെതിരെ എറണാകുളം മുന്‍സിഫ് കോടതിയില്‍ കേസ് കൊടുത്തത്. മഅദനിക്കെതിരെ താന്‍ യാതൊരു മൊഴിയും നല്‍കിയിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. മഅദനിയും നസീറും തമ്മില്‍ ബംഗളൂരു സ്‌ഫോടനത്തെക്കുറിച്ച് സംസാരിക്കുന്നത് വെണ്ണലയിലെ വാടക വീട്ടില്‍ വെച്ച് വീട്ടുടമയായ ജോസ് വര്‍ഗീസ് കേട്ടുവെന്നാണ് ബംഗളൂരു പോലീസ് മഅദനിക്കെതിരായ കുറ്റപത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഈ പരാമര്‍ശങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ജോസ് വര്‍ഗീസ് പറഞ്ഞു. തന്റെ സഹോദരിയുടെ ഉടമസ്ഥതയിലുളള വെണ്ണിലയിലെ വീട്ടില്‍ മഅദനിയും ഭാര്യയും വാടകക്ക് താമസിച്ചിരുന്നു. സഹോദരി വിദേശത്തായതിനാല്‍ വീടിന്റെ പവര്‍ ഓഫ് അറ്റോണി തന്റെ പേരിലായിരുന്നുവെന്നും ജോസ് പറഞ്ഞു. ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ ബംഗളൂരു പോലീസ് വീട്ടുടമ എന്ന നിലയില്‍ ജനുവരി ആറിന് തന്നെ ആലുവയിലെ വീട്ടിലേക്ക് വിളിപ്പിക്കുകയാണുണ്ടായത്. അവിടെ വെച്ച് മഅദനിയെക്കുറിച്ചും സൂഫിയയെ ക്കുറിച്ചും ചോദിച്ചു. പിന്നീട് തടിയന്റവിട നസീറിനെ കണ്ടിട്ടുണ്ടോ എന്നും ചോദിച്ചു. ഇല്ല എന്ന് മറുപടി നല്‍കി. ഇതിന് ശേഷം പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് മുഖമൂടി അണിഞ്ഞ ഒരാളെ കൊണ്ടുവന്ന് മുഖംമൂടി മാറ്റി ഇതാണ് നസീര്‍ എന്ന് പരിചയപ്പെടുത്തുകയാണ് ചെയ്തത്. അതിന് ശേഷം കന്നഡയില്‍ എഴുതിയ വെള്ളപേപ്പറില്‍ ഒപ്പിടുവിക്കുകയായിരുന്നു. എന്തിനാണ് ഒപ്പിടുന്നതെന്നന്വേഷിച്ചപ്പോള്‍ നസീറിനെ വീട്ടില്‍ കൊണ്ടുവന്നുവെന്നതിന്റെ സാക്ഷിയായാണെന്നാണ് പറഞ്ഞത്.
അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്കിലുള്ള വ്യക്തിയെന്ന് പരിചയപ്പെടുത്തിയ ഓഫീസറാണ് തന്നോട് ഒപ്പിടാന്‍ പറഞ്ഞത്. അന്ന് ആ വീട്ടില്‍ വാടകക്ക് താമസിച്ചവര്‍ ഒപ്പിടാന്‍ കൂട്ടാക്കത്തതില്‍ ഭീഷണി സ്വരത്തില്‍ സംസാരിക്കുകയും ചെയ്തുവെന്ന് ജോസ് പറഞ്ഞു. ഇതിന് ശേഷം രണ്ടാഴ്ച മുമ്പ് ആലുവയിലെ സ്വകാര്യ ഹോട്ടലിലേക്ക് തന്നെ വിളിപ്പിച്ചതായും ജോസ് പറഞ്ഞു. അന്ന് കുറേ ഫോട്ടോകള്‍ കാണിച്ച് ഇവരെ പരിചയമുണ്ടോയെന്നും ചോദിച്ചു. നസീറിന്റെ ഫോട്ടോ മുമ്പ് കണ്ടിട്ടുള്ളതിനാല്‍ അറിയാമെന്ന് പറയുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പില്‍ നിന്നുമാണ് നസീറും മഅ്ദനിയും കൂടിക്കാഴ്ച നടത്തുന്നത് താന്‍ കണ്ടുവെന്ന് മൊഴി നല്‍കിയതായി അറിയുന്നത്. വീടിന്റെ വാടക പിരിക്കാനായി എത്തിയപ്പോഴാണ് മഅ്ദനിയും നസീറും മറ്റൊരാളുമായി ബംഗളൂരു സ്‌ഫോടനം എന്ന് പറയുന്നതായി കേട്ടതായായാണ് കുറ്റപത്രത്തിലെ മൊഴിയില്‍ പറയുന്നത്. സംസാരം കേട്ടുവന്ന തന്നോട് അല്‍പസമയം പുറത്തുനില്‍ക്കാന്‍ മഅ്ദനി പറഞ്ഞയാതും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ തീര്‍ത്തും വാസ്തവവിരുദ്ധമാണ്. വാടക പിരിക്കാനായി താന്‍ ഇതുവരെ ആ വീട്ടില്‍ പോയിട്ടില്ലെന്നും ബേങ്ക് അക്കൗണ്ട് വഴി വാടക സ്വീകരിക്കുകയാണ് പതിവെന്നും ജോസ് വര്‍ഗീസ് വ്യക്തമാക്കി. (കടപ്പാട് - സിറാജ്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ