മഅദനിയുടെ ജയില്‍വാസം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും

പാര്‍ട്ടി ഹൈകമാന്‍ഡ് തന്നെ ജയിലറയില്‍ കൊടുംപീഡനം അനുഭവിക്കുമ്പോള്‍ പതറാത്ത നിശ്ചയദാര്‍ഢ്യവുമായി ജനപക്ഷ രാഷ്ട്രീയവും വികസനവുമുയര്‍ത്തിയാണ് പി.ഡി.പി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുത്ത വാര്‍ഡുകളിലും ഡിവിഷനുകളിലും ഇരു മുന്നണികളെയും എതിരിട്ട് ഒറ്റക്കാണ് പോരാട്ടം. പരിശുദ്ധ റമദാനില്‍ ഖുര്‍ആന്‍ നെഞ്ചോട് ചേര്‍ത്ത് താനൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് പരസ്യമായി പൊതുസമൂഹത്തോട് പറഞ്ഞിട്ടും വികലാംഗനും കടുത്ത രോഗിയുമായ പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയെ ജയിലിലടച്ചിരിക്കുകയാണ്. നീതിബോധമുള്ളവര്‍ ഇക്കുറി പി.ഡി.പി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുമെന്നതില്‍ സംശയമില്ല. മഅദനിയുടെ ജയില്‍വാസം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക തന്നെ ചെയ്യും. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടാകുന്നുണ്ട്.
തെരഞ്ഞെടുപ്പ് രംഗത്ത് മൂല്യാധിഷ്ഠിത വ്യക്തിത്വങ്ങള്‍ കടന്നു വരുന്നില്ല. ഇതിന് ഒരളവോളം രാഷ്ട്രീയ അതിപ്രസരമാണ് കാരണം. ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിന് അത്താണിയാകേണ്ട തദ്ദേശ സ്ഥാപനങ്ങള്‍ അത് നിര്‍വഹിക്കുന്നുണ്ടോ എന്ന് ഗൗരവമായി വിലയിരുത്തണം.

വിജയിച്ചു കഴിഞ്ഞാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നോക്കാതെ പുറം തിരിഞ്ഞ് നില്‍ക്കുന്ന ജനപ്രതിനിധികളെ മടക്കി വിളിക്കാന്‍ വ്യവസ്ഥ കൊണ്ടു വരണം.

തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ നേരിട്ട് തെരഞ്ഞെടുക്കുന്ന സംവിധാനം വന്നാല്‍ കാലുമാറ്റവും അനിശ്ചിതാവസ്ഥയും വലിയ തോതില്‍ ഒഴിവാകും.

പദ്ധതി പണം ചെലവാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പറയാനാവില്ല. അഴിമതിക്കും കെടുകാര്യസ്ഥതക്കും കുപ്രസിദ്ധി നേടിയ അനേകം സ്ഥാപനങ്ങളുണ്ട്. അവയുമായി ബന്ധപ്പെട്ടവരും ഒരു സങ്കോചവുമില്ലാതെ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കുന്നുണ്ട്. ജനപക്ഷ വികസനം സ്വീകരിച്ച തദ്ദേശ സ്ഥാപനങ്ങള്‍ കുറവാണ്.

തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയത് സ്വാഗതാര്‍ഹമാണെങ്കിലും അവരുടെ പ്രവര്‍ത്തനം കണ്ട ശേഷമേ പൂര്‍ണ വിജയമാണോ എന്ന് വിലയിരുത്താനാകൂ. മുന്‍വിധിയോടെ ഇക്കാര്യം നോക്കിക്കാണാനാകില്ല.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ മുന്‍ ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും ഈ തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും. അതോടൊപ്പം സംസ്ഥാന സര്‍ക്കാറിന്റെ നാല് വര്‍ഷ ഭരണത്തെയും സ്വാഭാവികമായും വിലയിരുത്തും.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് പറയാനാവില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമാണെന്നും പറയാനാവില്ല. (കടപ്പാട് - മാധ്യമം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.