വിമതര്‍ കാണിച്ചത് കര്‍ണ്ണാടക പോലീസിനേക്കാള്‍ വലിയ ക്രൂരത : ചെയര്‍മാന്‍

ബംഗളൂരു: തന്നെ ജയിലിലടച്ച് രണ്ടാഴ്ച തികയും മുമ്പ് പാര്‍ട്ടിയില്‍ വിമത പ്രവര്‍ത്തനം തുടങ്ങി പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിച്ചവര്‍ വ്യാജ മൊഴികളുടെ അടിസ്ഥാനത്തില്‍ തന്നെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ച കര്‍ണാടക പൊലീസിനേക്കാളും വലിയ ക്രൂരതയാണ് കാണിച്ചതെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി. പരപ്പന അഗ്രഹാര ജയിലില്‍നിന്ന് പാര്‍ട്ടി സി.എ.സി. അംഗം അഡ്വ.കാഞ്ഞിരമറ്റം സിറാജ് മുഖേന പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ചെയര്‍മാന്‍  പാര്‍ട്ടിയില്‍ ചിലര്‍ നടത്തുന്ന വിമത പ്രവര്‍ത്തനങ്ങളില്‍ തനിക്കുള്ള ശക്തമായ അമര്‍ഷം പ്രകടിപ്പിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആരെയെങ്കിലും കൂടെ നിര്‍ത്താനുള്ള അവസാനത്തെ അടവായി മഅദനിയുടെ മോചനത്തിനായി സമരം നടത്തുമെന്ന് പറയുന്നവര്‍ താന്‍ ജയിലിലായ ഉടന്‍ 'മഅദനിയില്ലാത്ത' പാര്‍ട്ടിയുണ്ടാക്കി സ്വന്തം ഭാവി സുരക്ഷിതരാക്കാന്‍ ശ്രമിച്ചവരാണ്. മറ്റ് പാര്‍ട്ടികളില്‍ ലയിച്ച് മുന്നണി പ്രവേശം സാധ്യമാക്കാനാണ് ചിലര്‍ വിമത പ്രവര്‍ത്തനം തുടങ്ങിയത്.ഇവരുടെ സമരത്തിലൂടെ മോചിതനാകുന്നതിനേക്കാള്‍ ഭേദം ജയിലില്‍ അന്ത്യം സംഭവിക്കുന്നതാണ്.ജയിലിലടക്കപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നഷ്ടമായത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കൂടെ നില്‍ക്കുക എന്ന പ്രഖ്യാപിത നയത്തില്‍നിന്ന് വ്യതിചലിക്കാതെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ കഴിയുന്ന ഏതൊരാളിനെയും ചെയര്‍മാനാക്കാന്‍ പൂര്‍ണ സമ്മതമാണെന്ന് മഅ്ദനി പ്രസ്താവനയില്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി അഴിച്ചുപണിയുന്നതിനെക്കുറിച്ചും വിമതര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ചും അഭിപ്രായം അറിയുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലനിന്നുമുള്ള ഭാരവാഹികളുടെ സ്‌പെഷല്‍ പ്രതിനിധി കണ്‍വെന്‍ഷന്‍ ഞായറാഴ്ച രാവിലെ 10ന് എറണാകുളം സാസ് ടവറില്‍ വിളിച്ചിട്ടുണ്ട്. 'മഅദനിയില്ലാത്ത പി.ഡി.പി' എന്ന ആശയവുമായി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഒന്നുരണ്ട് പേരൊഴികെ മുഴുവന്‍ പാര്‍ട്ടി നേതാക്കളെയും ഒരുമിച്ചുകൊണ്ടുപോകണമെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയിലുള്ള ആഗ്രഹം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.