മഅദനിയുടെ ജാമ്യാപേക്ഷ തള്ളിയത് നിര്‍ഭാഗ്യകരം- പി.ഡി.പി.


കൊല്ലം:പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള സുപ്രീംകോടതിവിധി നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മഅദനിക്ക്‌ മാത്രം നീതിയും ചികിത്സയും നിഷേധിച്ചത്‌ കേരളീയ സമൂഹം അംഗീകരിക്കില്ല.

കെട്ടിച്ചമച്ച കേസിന്റെ പേരില്‍ ഒന്നരവര്‍ഷമായി  മഅദനിയെ പീഡിപ്പിക്കുകയാണ്. ബംഗളൂരു സ്ഫോടനക്കേസുമായി  മഅദനിക്ക് ഒരു ബന്ധവുമില്ല. കോയമ്പത്തൂര്‍ ജയിലില്‍നിന്ന് ഇറങ്ങിയ ദിവസം മുതല്‍ പൊലീസ് കാവലുള്ള  മഅദനി എങ്ങനെ ബംഗളൂരു സ്ഫോടനക്കേസില്‍ ഗൂഢാലോചന നടത്തുമെന്ന് സിറാജ് ചോദിച്ചു. കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷം  മഅദനി നരകയാതന അനുഭവിച്ചു.  മഅദനിയെ നശിപ്പിച്ച് ജയിലില്‍തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിറാജ് പറഞ്ഞു.


വിചാരണ അട്ടിമറിക്കാനുള്ള ഗൂഡശ്രമമാണ്‌ നടക്കുന്നത്‌. കേസ്‌ അന്വേഷിക്കുന്ന പ്രത്യേക കോടതി ബംഗ്‌ളൂര്‍ ജയിലില്‍തന്നെയാണ്‌. ബാംഗ്ലൂരില്‍ മഅദനിക്ക് നീതിയും ചികിത്സയും ലഭിച്ചില്ല. വൃക്കരോഗംവരെ ബാധിച്ച മഅദനി ക്ഷീണിതനാണ്. മഅദനി തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം. അല്ലാതെ ഉപാധിയോടെയുള്ള ജാമ്യംപോലും നല്‍കാതിരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

മഅദനിയുടെ കൂട്ടുപ്രതികളെ ബല്‍ഗാമിലേക്ക് അയച്ചശേഷം വിചാരണ അനന്തമായി നീട്ടുകയാണെന്നും സിറാജ് കുറ്റപ്പെടുത്തി. മഅദനിയുടെ നീതിക്കുവേണ്ടി നിയമപരവും ജനാധിപത്യപരവുമായ പോരാട്ടം വരുംദിവസങ്ങളില്‍ പാര്‍ട്ടി ഏറ്റെടുത്തുനടത്തും. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച എറണാകുളത്ത് അടിയന്തര സംസ്ഥാനസമിതി നേതൃയോഗം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും സിറാജ് പറഞ്ഞു.

പത്രസമ്മേളനത്തില്‍ ഓര്‍ഗനൈസിങ് സെക്രട്ടറി മൈലക്കാട് ഷാ, ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, ഭാരവാഹികളായ ഇക്ബാല്‍ കുരുവ, ചവറ സതീശന്‍ തുടങ്ങിയവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.