മഅദ്‌നിക്ക്‌ ചികിത്സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: പി.ഡി.പി


കൊല്ലം: അബ്‌ദുല്‍ നാസര്‍ മഅദ്‌നി ജയിലിലടയ്‌ക്കപ്പെട്ട്‌ രണ്ട്‌ വര്‍ഷമായ സാഹചര്യത്തില്‍ അദ്ദേഹത്തിന്‌ ജാമ്യം നല്‍കി ചികിത്സ ലഭ്യമാക്കാന്‍ കേരള മുഖ്യമന്ത്രി അടിയന്തിരമായി കര്‍ണാടക സര്‍ക്കാരുമായി ആലോചിക്കണമെന്ന്‌ പി.ഡി.പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. മഅദ്‌നിയെ ജയിലിലിട്ട്‌ ഇല്ലായ്‌മ ചെയ്യാനുള്ള ഗൂഡ നീക്കമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. രോഗബാധിതനായ അദ്ദേഹത്തിന്‌ ചികിത്സ ലഭ്യമാക്കണം. വൃക്കക്ക് വരെ രോഗം ബാധിച്ചു. വിചാരണ ഇതുവരെ ആരംഭിച്ചിട്ടുമില്ല. ചികിത്സ ലഭ്യമാക്കാനും വിചാരണ വേഗത്തിലാക്കാനും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. കര്‍ണാടക സര്‍ക്കാര്‍ മഅദ്‌നിയോട്‌ കാട്ടുന്ന വിവേചനത്തിനെതിരെ മാര്‍ച്ച്‌ അവസാനത്തോടെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 'ജില്ലാ യാത്ര' സംഘടിപ്പിക്കും. മഅദ്‌നിയുടെ ജീവന്‍ രക്ഷിക്കുക, കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ ഇടപെടുക എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ്‌ യാത്ര നടത്തുന്നത്‌. ആദ്യജാഥ കൊല്ലത്തു നിന്നും തുടങ്ങും. മുഴുവന്‍ ജില്ലകളിലും യാത്ര സംഘടിപ്പിക്കും. 

ഏപ്രില്‍ 14 മുതല്‍ മെംബര്‍ഷിപ് കാമ്പയിന്‍ ആരംഭിക്കുമെന്നും സിറാജ് പറഞ്ഞു. പിറവം തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ നിലപാട് എറണാകുളം ജില്ലയിലെ ഭാരവാഹികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ നിശ്ചയിക്കും. ചില്ലറ വ്യാപാര രംഗത്തെ കുത്തകവത്കരണത്തിനെതിരെ വ്യാപാരികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് പി.ഡി.പി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ഇറ്റാലിയന്‍ കപ്പലില്‍ നിന്നും വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. അര്‍ഹമായ നഷ്‌ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ഗവ. ജോലി നല്‍കുകയും വേണം. വെടിവെയ്‌പ്പ് സംഭവത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ ഒരു ശക്‌തികളുടെയും താല്‍പര്യത്തിന്‌ വഴങ്ങരുതെന്നും സിറാജ്‌ പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.ഡി.പി.കൊള്ളാം ജില്ലാ പ്രസിഡന്റ്‌ മൈലക്കാട്‌ ഷാ, സംഘടനാ സെക്രട്ടറി സാബു കൊട്ടാരക്കര,  വൈസ് ചെയര്‍മാന്‍ തോമസ്‌  മാഞ്ഞൂരാന്‍, സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍, അഡ്വ.കാഞ്ഞിരമറ്റം സിറാജ് എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.