മലപ്പുറം: ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ രോഗബാധിതനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേരള നിയമസഭ അടിയന്തരമായി ഇടപെടണമെന്ന് പി.ഡി.പി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പി.ഡി.പി. മഞ്ചേരിയില്‍ സംഘടിപ്പിച്ച ബഹുജന റാലിയെ അഭിസംബോദന ചെയ്യാനാണ് സിറാജ് മലപ്പുറത്തെതിയത്. കര്‍ണാടക സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കണം. മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സിക്കണമെന്നും കേസിന്റെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും ജനുവരി മൂന്നിലെ വിധിയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദേശം പാലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറായിട്ടില്ല.
വിചാരണ നടപടികള്‍ കര്‍ണാടകക്ക് പുറത്ത് നടത്താന്‍ സര്‍ക്കാര്‍ തയാറാവണം. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോയി മഅദനിയെ ജയിലിലിട്ട് നശിപ്പിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നു.മഅദനിക്ക് നേരെ കര്‍ണാടകയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസന നടപടിയില്‍ ബി.ജെ.പി കേരളഘടകം നിലപാട് വ്യക്തമാക്കണം.കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാതല യാത്രകള്‍ നടത്തും.ഞായറാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന നേതൃയോഗം പ്രക്ഷോഭ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മൈലക്കാട് ഷാ, ശ്രീജാ മോഹന്‍, മലപ്പുറം ജില്ലാ ഭാരവാഹികളായ അലി കാടാമ്പുഴ, അസീസ് വെളിയങ്കോട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ